Quantcast

യുഎസില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

ആന്ധ്രപ്രദേശ് സ്വദേശിയായ ജാന്‍വി കാണ്ഡുലയാണ് 2023 ജനുവരി 23ന് പൊലീസ് പട്രോള്‍ വാഹനമിടിച്ച് മരിച്ചത്

MediaOne Logo
Family of Indian student Jaahnavi Kandula gets 262 crore settlement
X

വാഷിങ്ടണ്‍ ഡിസി: യുഎസില്‍ പൊലീസ് പട്രോള്‍ വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി. നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ബിരുദവിദ്യാര്‍ഥിയായ ജാന്‍വി കാണ്ഡുലയാണ് (23) 2023 ജനുവരി 23ന് അപകടത്തില്‍ മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയാണ്. വാഹനം ഇടിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന്‍ അനുചിത പരാമര്‍ശങ്ങള്‍ നടത്തുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു.

സിയാറ്റില്‍ സിറ്റി അധികൃതരാണ് ജാന്‍വിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക. ജാന്‍വിയുടെ മരണം ഹൃദയഭേദകമായിരുന്നെന്നും നഷ്ടപരിഹാര തുക അവരുടെ കുടുംബത്തിന് അല്‍പമെങ്കിലും ആശ്വാസം നല്‍കുമെന്നാണ് കരുതുന്നതെന്നും സിയാറ്റില്‍ സിറ്റി അറ്റോര്‍ണി പ്രസ്താവനയില്‍ പറഞ്ഞു.

സിയാറ്റില്‍ പൊലീസ് സേനയിലെ ഉദ്യോഗസ്ഥനായ കെവിന്‍ ഡാവേ ഓടിച്ചിരുന്ന ഔദ്യോഗിക വാഹനമാണ്, റോഡ് മുറിച്ചു കടക്കുകയായിരുന്ന ജാന്‍വിയെ ഇടിച്ചത്. 119 കിലോമീറ്റര്‍ വേഗതയിലായിരുന്ന വാഹനം ഇടിച്ചതിന് പിന്നാലെ നൂറ് അടി ദൂരത്തേക്ക് ജാന്‍വി തെറിച്ചുവീഴുകയും മരിക്കുകയുമായിരുന്നു.

ജാന്‍വിയുടെ മരണത്തെ പരിഹസിച്ച് വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനായ ഡാനിയല്‍ ഓഡറര്‍ സംസാരിക്കുന്നത് ബോഡി ക്യാമില്‍ പതിഞ്ഞിരുന്നു. ഇത് പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ വ്യാപക പ്രതിഷേധമുയരുകയായിരുന്നു. മരണത്തെപ്പറ്റി ചിരിച്ചുകൊണ്ടാണ് ഇദ്ദേഹം സംസാരിച്ചത്. 'ഒരു ചെക്ക് എഴുതി കൊടുത്താല്‍' മതിയെന്നും ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. 'പതിനൊന്നായിരം ഡോളര്‍ മതി. അവളുടെ പ്രായം 26 അല്ലേ. അവള്‍ക്ക് ചെറിയ വാല്യൂ മാത്രമേ ഉള്ളൂ' എന്നും പറഞ്ഞിരുന്നു.

സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടുകയും ചെയ്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത്. ജാന്‍വിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാല പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story