മകളുടെ പ്രിയപ്പെട്ട പാർലെ-ജിക്ക് ഗസ്സയിൽ പിതാവ് ചെലവഴിച്ചത് 2,347 രൂപ
ബിസ്‌ക്കറ്റുകളുടെ കാര്യത്തിൽ മാത്രമല്ല അരി, മാവ്, പാചക എണ്ണ, ഉരുളക്കിഴങ്ങ്, ഉള്ളി, പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്

ഗസ്സ: ജനപ്രിയവും വിലകുറഞ്ഞതുമായ ഇന്ത്യൻ ബിസ്‌ക്കറ്റ് ബ്രാൻഡായ പാർലെ-ജി ഫലസ്തീനിൽ ആയിരക്കണക്കിന് വിലയുള്ളതാണ്. വളരെക്കാലം കാത്തിരുന്നാണ് പലപ്പോഴും അത് ലഭിക്കുന്നതും. ഗസ്സയിൽ നിന്നുള്ള ഒരു പിതാവ് അടുത്തിടെ എക്‌സിൽ പങ്കുവെച്ച പോസ്റ്റ് അവിടെയുള്ള ഉപരോധത്തിന്റ തീവ്രതയെ ലോകത്തെ അറിയിക്കുന്നു.
ഇന്ത്യയിൽ ഏറ്റവും വിലക്കുറവുള്ള ബിസ്‌ക്കറ്റുകളിലൊന്നായ പാർലെ-ജി ഗസ്സയിൽ ആഡംബരമാണ്. നീണ്ട കാത്തിരിപ്പിന് ശേഷം തന്റെ മകൾ റാവിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റ് ലഭിച്ചുവെന്ന അടികുറിപ്പോടെയാണ് ജവാദ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ബിസ്‌ക്കറ്റുകളുടെ വില 1.5 യൂറോയിൽ നിന്ന് 24 യൂറോയായി ഉയർന്നതായും റാവിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് നിഷേധിക്കാൻ കഴിയില്ലെന്നും ജവാദ് പോസ്റ്റിൽ പരാമർശിക്കുന്നു. ഇന്ത്യയിൽ 10 രൂപക്കാണ് ഒരു പാക്കറ്റ് ബിസ്ക്കറ്റ് വിൽക്കുന്നത്.
After a long wait, I finally got Ravif her favorite biscuits today. Even though the price jumped from €1.5 to over €24, I just couldn’t deny Rafif her favorite treat. pic.twitter.com/O1dbfWHVTF
— Mohammed jawad 🇵🇸 (@Mo7ammed_jawad6) June 1, 2025
ഗസ്സയിൽ ഇസ്രായേൽ ഉപരോധം തുടരുന്ന സാഹചര്യത്തിൽ സാധനങ്ങൾ ലഭിച്ച ചുരുക്കം ചിലർ അവ കരിഞ്ചന്തയിൽ വിൽക്കുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത വിലകൾക്ക് വിൽക്കുന്നു. നിലവിൽ ഗസ്സയിൽ പാർലെ-ജി ബിസ്‌ക്കറ്റുകളുടെ വില 240 രൂപ മുതൽ 2,400 രൂപ വരെയാണ്. ഈ പാർലെ ജി ബിസ്‌ക്കറ്റുകൾക്ക് വില ടാഗുകൾ ഇല്ലെന്നും വിൽപ്പനക്കാർക്ക് കരിഞ്ചന്തയിൽ ഏത് വിലയ്ക്കും വിൽക്കാൻ കഴിയുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ബിസ്‌ക്കറ്റുകളുടെ കാര്യത്തിൽ മാത്രമല്ല ഇത് സംഭവിക്കുന്നത്; അരി, മാവ്, പാചക എണ്ണ, ഉരുളക്കിഴങ്ങ്, ഉള്ളി ഉൾപ്പെടെയുള്ള പച്ചക്കറികൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്. ഗസ്സയിൽ ഒരു കാപ്പി കപ്പിന് ഏകദേശം 1,800 രൂപയും ഒരു ലിറ്റർ പാചക എണ്ണക്ക് 4,177 രൂപയുമാണ് വില.
Adjust Story Font
16

