Quantcast

റഷ്യൻ ചാനലിൽ യുദ്ധവിരുദ്ധ പ്രതിഷേധം; പിന്നാലെ മാധ്യമപ്രവർത്തകയെ കാണാതായെന്ന് റിപ്പോർട്ട്

റഷ്യൻ വാർത്താമാധ്യമമായ 'ചാനൽ വണി'ൽ തത്സമയ വാർത്താ ബുള്ളറ്റിനിടെ യുക്രൈൻ സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച ന്യൂസ് എഡിറ്റർ മരീന ഒവ്‌സൈനിക്കോവയെയാണ് കാണാനില്ലെന്ന് റിപ്പോർട്ടുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-03-15 14:33:56.0

Published:

15 March 2022 2:23 PM GMT

റഷ്യൻ ചാനലിൽ യുദ്ധവിരുദ്ധ പ്രതിഷേധം; പിന്നാലെ മാധ്യമപ്രവർത്തകയെ കാണാതായെന്ന് റിപ്പോർട്ട്
X

റഷ്യയിലെ സർക്കാർ ചാനലിൽ യുദ്ധവിരുദ്ധ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകയെ കാണാനില്ലെന്ന് റിപ്പോർട്ട്. റഷ്യൻ വാർത്താമാധ്യമമായ 'ചാനൽ വണി'ൽ തത്സമയ വാർത്താ ബുള്ളറ്റിനിടെ യുക്രൈൻ സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച ന്യൂസ് എഡിറ്റർ മരീന ഒവ്‌സൈനിക്കോവയെയാണ് കാണാനില്ലെന്ന് റിപ്പോർട്ടുള്ളത്. സംഭവത്തിൽ റഷ്യയ്ക്ക് മുന്നറിയിപ്പുമായി യു.എൻ മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.

ചാനലിൽ പ്രതിഷേധമുയർത്തിയതിനു പിന്നാലെ മരീന ഒവ്‌സൈനിക്കോവയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മോസ്‌കോ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തതായി വിവരമുണ്ട്. ഇതിനുശേഷം ഇവരെക്കുറിച്ചുള്ള യാതൊരു വിവരവുമില്ലെന്നാണ് മരീനയുടെ അഭിഭാഷകർ പറയുന്നത്. അറസ്റ്റിനു പിന്നാലെ നിരവധി തവണ മരീനയെ ഫോണിൽ വിളിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ലെന്ന് അഭിഭാഷകരിൽ ഒരാളായ അനസ്താസിയ കൊസ്തനോവ പറഞ്ഞു.

12 മണിക്കൂറിലേറെയായി പൊലീസ് തടങ്കലിലാണ് മരീന കഴിയുന്നതെന്നും ഇതുവരെയും ഇവർ എവിടെയാണുള്ളതെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇവരുടെ മറ്റൊരു അഭിഭാഷകൻ പവേൽ ചികോവ് ട്വീറ്റ് ചെയ്തു. അഭാഷകരുമായും ബന്ധപ്പെടാൻ അനുവദിക്കാത്തത് ഇവർക്ക് നിയമസഹായവും തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അഭിഭാഷകർ ആരോപിക്കുന്നു.

മരീനയെ കാണാനില്ലെന്ന റിപ്പോർട്ടുകളെ തുടർന്ന് യു.എൻ മനുഷ്യാവകാശ കൗൺസിൽ വക്താവ് രവീന ഷംദസാനി റഷ്യൻ വൃത്തങ്ങളെ വിളിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിനിയോഗിച്ചതിന് അവർക്കെതിരെ ഒരുതരത്തിലുമുള്ള നടപടിയുണ്ടാകാൻ പാടില്ലെന്ന് രവീന റഷ്യയോട് ആവശ്യപ്പെട്ടു.

'അവരെ വിശ്വസിക്കരുത്'- പ്ലക്കാർഡുയർത്തി ലൈവ് ബുള്ളറ്റിനിൽ

''യുദ്ധം വേണ്ട, യുദ്ധം നിർത്തൂ... പ്രോപഗണ്ടകൾ വിശ്വസിക്കരുത്. ഇവരിവിടെ നിങ്ങളോട് കള്ളം പറയുകയാണ്..'' എന്നു തുടങ്ങുന്ന വാചകങ്ങളടങ്ങിയ പ്ലക്കാർഡ് ഉയർത്തിയായിരുന്നു മരീന ഒവ്‌സൈനിക്കോവ വാർത്താ ബുള്ളറ്റിനിടെ പ്രത്യക്ഷപ്പെട്ടത്. റഷ്യക്കാർ യുദ്ധത്തിനെതിരാണെന്നും പ്ലക്കാർഡിൽ ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവർ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

യുക്രൈനിൽ റഷ്യ സൈനിക നടപടി ആരംഭിച്ചതിന്റെ 19-ാം ദിവസമായിരുന്നു ചാനലിൽ മാധ്യമപ്രവർത്തകയുടെ പ്രതിഷേധം. തത്സമയ സംപ്രേഷണത്തിനിടെ പ്ലക്കാർഡുമായി രംഗത്തെത്തിയ മറീനയെ ഉടൻ തന്നെ സ്ഥാപനത്തിലെ ജീവനക്കാർ പിടിച്ചുമാറ്റുകയായിരുന്നു. പിന്നാലെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

മാധ്യമപ്രവർത്തകയെ യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി അഭിനന്ദിച്ചു. സത്യം വിളിച്ചുപറയാൻ മടിക്കാത്ത റഷ്യക്കാരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം കുറിച്ചു. വ്യാജവാർത്തകളോട് പോരാടി സത്യവും യാഥാർത്ഥ്യങ്ങളും തുറന്നുപറയുന്നവർക്കും വ്യക്തിപരമായി ചാനൽ വൺ സ്റ്റുഡിയോയിൽ യുദ്ധവിരുദ്ധ പോസ്റ്ററുമായി എത്തിയ വനിതയ്ക്കും നന്ദിയെന്നും സെലൻസ്‌കി കുറിച്ചു.

അതേസമയം, മാധ്യമപ്രവർത്തക മറീനയുടെ നടപടിക്കെതിരെ റഷ്യൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തയുടെ നടപടി ഗുണ്ടാപ്രവർത്തനമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ വക്താവ് ദ്മിത്രി പെസ്‌കോവ് പ്രതികരിച്ചു. ടെലിവിഷൻ ചാനലും ഉത്തരവാദപ്പെട്ടവരും വിഷയം പരിശോധിച്ചുവരികയാണെനി്നും പെസ്‌കോവ് കുറിച്ചു.

Summary: Marina Ovsyannikova, a news editor at state-controlled Channel 1, who burst on to a live TV news programme to protest against the war in Ukraine has been reported missing overnight

TAGS :

Next Story