കുടിയേറ്റ പരിശോധനയ്ക്കിടെ യുഎസിൽ വീണ്ടും വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു; വ്യാപക പ്രതിഷേധം
സായുധരായ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

- Published:
25 Jan 2026 8:02 AM IST

വാഷിങ്ടൻ: കുടിയേറ്റ നിരോധന നടപടികളുടെ ഭാഗമായി യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയാപൊളിസില്‍ ഫെഡറൽ ഉദ്യോഗസ്ഥർ ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം.
വാഹനപരിശോധനയ്ക്കിടെയാണ് 51 വയസ്സുകാരൻ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള റെനെ നിക്കോൾ ഗുഡ് എന്ന വനിതയെ വെടിവച്ചു കൊന്നതിന് സമീപമാണ് രണ്ടാമത്തെ വെടിവെപ്പും. കൊല്ലപ്പെട്ട 51കാരന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ കൈവശം തോക്കുണ്ടായിരുവെന്നും ഇയാളെ നിരായുധനാക്കാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനായെന്നുമാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അവകാശവാദം.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി മിനിയാപൊളിസിൽ ആഴ്ചകളായി തുടരുന്ന ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിന്റെയും മറ്റ് ഫെഡറൽ ഏജന്റുകളുടെയും റെയ്ഡുകൾക്കിടയിലാണ് വെടിവെപ്പ് നടന്നത്.
അതേസമയം മിനസോട്ടയിലെ ജീവനെടുക്കുന്ന കുടിയേറ്റ പരിശോധനാ നടപടികൾ അവസാനിപ്പിക്കണമെന്ന് ട്രംപിനോട് ഗവർണർ ടിം വാൽസ് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് കൊടുംതണുപ്പ് അവഗണിച്ചും തെരുവിലിറങ്ങിയത്. നഗരത്തിൽ സംഘർഷാവസ്ഥയാണ്. സായുധരായ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. റെനെ നിക്കോൾ ഗുഡ് കൊല്ലപ്പെട്ടതിനെത്തുടർന്ന് മിനിയാപൊളിസിൽ പ്രതിഷേധം നടക്കുന്നുണ്ട്. അതിനിടയിലാണ് രണ്ടാമത്തെ വെടിവെപ്പും.
കഴിഞ്ഞ ആഴ്ച നഗരത്തിലുണ്ടായ മറ്റൊരു സംഭവത്തിൽ ഫെഡറൽ ഏജന്റുമാർ ഒരു വെനസ്വേലൻ സ്വദേശിയെ വെടിവെച്ചിരുന്നു.
Adjust Story Font
16
