Quantcast

അമേരിക്കയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധം: സാമ്പത്തിക പിന്തുണ നൽകുന്നത് ജൂത കോടീശ്വരനെന്ന് റിപ്പോർട്ട്

700ലധികം വിദ്യാർഥികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2024-04-28 05:56:09.0

Published:

28 April 2024 4:55 AM GMT

george soros
X

ന്യൂയോർക്ക്: അമേരിക്കയിലെ കാമ്പസുകളിൽ പടർന്നുപന്തലിച്ച ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ജൂത കോടീശ്വരൻ ജോർജ് സോറോസിന്റെ സഹായമുണ്ടെന്ന് റിപ്പോർട്ട്. യഹൂദ ഇടതുപക്ഷ ചായ്‍വുള്ള ജീവകാരുണ്യ പ്രവർത്തകനായ സോറോസും അദ്ദേഹം ധനസഹായം നൽകുന്ന സംഘടനകളുമാണ് ഫലസ്തീൻ അനുകൂല പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതെന്ന് ദെ ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച കൊളംബിയ സർവകലാശാലയിലാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. നിലവിൽ എട്ടിലധികം സംസ്ഥാനങ്ങളിലെ സർവകലാശാലകളിലേക്ക് പ്രതിഷേധം പടർന്നിരിക്കുന്നു.

കൊളംബിയ, ഹാർവാർഡ്, യേൽ, കാലിഫോർണിയയിലെ ബെർക്ക്‌ലി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോർജിയയിലെ എമോറി എന്നിവയുൾപ്പെടെ നിരവധി കാമ്പസുകളിൽ 'ലിബറേറ്റഡ് സോണുകൾ' എന്ന് പേരിട്ട ക്യാമ്പ് സൈറ്റുകൾ ഒരുക്കിയാണ് പ്രതിഷേധം. ജോർജ് സോറോസ് ധനസഹായം നൽകുന്ന സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീന്റെ (എസ്‌ജെപി) ഘടകങ്ങളാണ് ഇവയെല്ലാം സംഘടിപ്പിച്ചതെന്ന് ദ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ ശൃംഖലയാണ് എസ്‌.ജെ.പിക്ക് ധനസഹായം നൽകിയത്. ഇത് സോറോസിന്റെ പിന്തുണയോടെയായിരുന്നു.

മൂന്ന് സർവകലാശാലകളിൽ 'യു.എസ് കാമ്പെയ്ൻ ഫോർ ഫലസ്തീനിയൻ റൈറ്റ്സ് (യു.എസ്.സി.പി.ആർ) എന്ന ജോർജ് സോറോസിന്റെ ധനസഹായമുള്ള സംഘടനയുടെ ​പ്രവർത്തകരാണ് ​പ്രകടനങ്ങൾ നടത്തുന്നത്. പ്രതിഷേധം നടത്തുന്നവർക്ക് പണം ലഭിക്കുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു

മൂന്ന് പേരാണ് അമേരിക്കയിലെ കാമ്പസുകളിലെ പ്രതിഷേധത്തിന് പ്രധാനമായും നേതൃത്വം നൽകുന്നത്. നിദാ ലാഫിയാണ് ഇതിൽ ഒരാൾ. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീനിന്റെ പ്രസിഡന്റാണ് ഇവർ. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവർ ഡള്ളാസിലെ പ്രതിഷേധക്കാരെ നയിക്കുന്നു. ​പ്രസിഡന്റ് ബൈഡന്റെ വാഹനവ്യൂഹം തടഞ്ഞതിന് ലാഫിയെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

യേലിലെ യു.എസ്.സി.പി.ആർ അംഗം ക്രെയ്ഗ് ബിർക്ക്ഹെഡ് മോർട്ടനാണ് മറ്റൊരു നേതാവ്. യാലീസ് ഫോർ ഫലസ്തീൻ എന്ന ഗ്രൂപ്പിന്റെ നേതാവായ ഇദ്ദേഹത്തിന്റെ നേത്യത്വത്തിലാണ് കാമ്പസിൽ പ്രതിഷേധം അരങ്ങേറുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെർക്ക്‌ലി ലോ സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീന്റെ കോ-പ്രസിഡന്റായ മലക് അഫാനെ കാമ്പസിൽ നടന്ന നിരവധി ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെയാണ് അഭിസംബോധന ചെയ്തത്. സോറോസുമായി ബന്ധമുള്ള ഗ്രൂപ്പുകളാണ് മൂവർക്കും പണം നൽകിയതെന്ന് ന്യൂയോർക്ക് പോസ്റ്റി​​ന്റെ റിപ്പോർട്ടിൽ പറയുന്നു.

2017 മുതൽ സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകളിൽ നിന്ന് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീന് കുറഞ്ഞത് 30,000 ഡോളർ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ​ചെയ്യുന്നു. കൂടാതെ 2019 മുതൽ റോക്ക്ഫെല്ലർ ബ്രദേഴ്സ് ഫണ്ടിൽ നിന്ന് 35,000 ഡോളറും ലഭിച്ചു.

അതേസമയം, വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ജോർജ് സോറോസ് ധനസഹായം നൽകുന്നുവെന്ന വാർത്ത തികച്ചും തെറ്റാണെന്ന് ദെ വാഷിങ്ടൺ ടൈംസി​ന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ വിദ്യാർഥി പ്രതിഷേധങ്ങക്ക് ഫണ്ട് നൽകുന്നുവെന്ന വാദം വളരെ ദുർബലമാണ്.

ഈ ആരോപണങ്ങൾ നിഷേധിച്ച് വിദ്യാർഥികളും രംഗത്തുവന്നു. അമേരിക്കയുടെ ധനസഹായത്തോടെയും സൈനിക - രാഷ്ട്രീയ പിന്തുണയോടെയും നടക്കുന്ന വംശഹത്യയുടെ ഇടയിലാണ് നമ്മൾ നിൽക്കുന്നത്. ഇതിനിടയിൽ തങ്ങളുടെ സമരത്തിന് പിന്നിലെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് സ്റ്റുഡന്റ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ പ്രവർത്തകർ ദെ വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു.

അതേസമയം, അമേരിക്കൻ കാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധ സമരങ്ങൾ തുടരുകയാണ്. പൊലീസ് സമരത്തെ വലിയ രീതിയിൽ അടിച്ചമർത്തുന്നുണ്ട്. ഇതുവരെ 700ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ വിദ്യാർഥികളെ യൂണിവേഴ്സിറ്റികൾ സസ്​പെൻഡ് ചെയ്തിട്ടുമുണ്ട്. എന്നാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ചനിലപാടിലാണ് വിദ്യാർഥികൾ. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുക, ഇസ്രായേലിന്റെ വംശഹത്യയെ പിന്തുണക്കുന്ന അമേരിക്കയുടെ നിലപാട് മാറ്റുക എന്നിവയാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യ​ങ്ങൾ.

TAGS :

Next Story