62 ലക്ഷം വാങ്ങി വരച്ച ചിത്രം ശൂന്യം; പേര് 'പണം തട്ടുക, രക്ഷപ്പെടുക'; ഡാനിഷ് മ്യൂസിയത്തിന് കലാകാരന്‍ കൊടുത്ത എട്ടിന്റെ പണി!
അവരുടെ പണം തട്ടിയെടുത്തതായിരുന്നു തന്‍റെ കലാസൃഷ്ടിയെന്നാണ് ജെന്‍സ് ഹാനിങ് ഡാനിഷ് റേഡിയോയോട് പ്രതികരിച്ചത്. വലിയൊരു കലാസൃഷ്ടിക്ക് മ്യൂസിയം വാഗ്ദാനം ചെയ്ത 'തുച്ഛമായ' പ്രതിഫലത്തില്‍നിന്നാണ് ഇതിനുള്ള 'ആശയം' ലഭിച്ചതെന്നും ഇയാള്‍ പറയുന്നു

കേരളത്തിലെ ഭരണ, ഉദ്യോഗരംഗങ്ങളിലടക്കമുള്ള പ്രമുഖരെ ഒന്നായി കബളിപ്പിച്ച മോന്‍സണ്‍ മാവുങ്കലിന്‍റെ വാര്‍ത്തകള്‍ക്കു പിറകെയാണ് ഇപ്പോള്‍ എല്ലാവരും. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള ഏറ്റവും പ്രബലരായ വ്യക്തികള്‍ക്ക് കൂട്ടത്തോടെ പണികൊടുക്കാന്‍ എങ്ങനെ മോന്‍സണ് കഴിഞ്ഞുവെന്നാണ് എല്ലാരും ആശ്ചര്യപ്പെടുന്നത്. ഇതേസമയത്താണ് ഡെന്മാര്‍ക്കില്‍നിന്നൊരു 'സര്‍ഗാത്മകതട്ടിപ്പി'ന്‍റെ വാര്‍ത്ത പുറത്തുവരുന്നത്. ജെന്‍സ് ഹാനിങ് എന്ന ഡാനിഷ് ചിത്രകാരനാണ് 'പണം തട്ടുക, രക്ഷപ്പെടുക' എന്ന പുതിയ കലാപരമായ തട്ടിപ്പ് അവതരിപ്പിച്ചിരിക്കുന്നത്!
ഡെന്മാര്‍ക്കിലെ പ്രമുഖ കലാമ്യൂസിയമായ കന്‍സ്റ്റണ്‍ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് ആണ് ഈ പുത്തന്‍ തട്ടിപ്പിന്റെ ഇര. 2007ലും 2010ലുമായി ജെന്‍സ് വരച്ച രണ്ട് ചിത്രങ്ങള്‍ പുനരാവിഷ്‌ക്കരിക്കാനായിരുന്നു മ്യൂസിയം ആവശ്യപ്പെട്ടത്. ശരാശരി ഓസ്ട്രിയക്കാരന്റെയും ഡെന്മാര്‍ക്കുകാരന്റെയും വാര്‍ഷികവരുമാനം പ്രമേയമാക്കിയുള്ളതായിരുന്നു ഈ വിഖ്യാത ചിത്രം. മ്യൂസിയത്തിന്‍റെ ഈ വര്‍ഷത്തെ ആര്‍ട് എക്‌സിബിഷനുവേണ്ടി ചിത്രം പുനസൃഷ്ടിക്കാന്‍ 84,000 ഡോളര്‍(ഏകദേശം 62 ലക്ഷം രൂപ) മുന്‍കൂറായി നല്‍കുകയും ചെയ്തു.
കരാര്‍ ഏറ്റെടുത്ത ജെന്‍സ് പ്രദര്‍ശനം തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കുമുന്‍പ് തന്നെ പണി പൂര്‍ത്തിയാക്കി 'ചിത്രം' പെട്ടിയിലാക്കി മ്യൂസിയത്തിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍, പെട്ടി തുറന്ന അധികൃതര്‍ ശരിക്കും ഞെട്ടി; ശൂന്യമായൊരു വെള്ള ഗ്ലാസായിരുന്നു അത്. ചിത്രത്തിന്റെ പേര് കണ്ടപ്പോഴാണ് അമളി പിണഞ്ഞ കാര്യം അധികൃതര്‍ തിരിച്ചറിയുന്നത്; 'Take the Money and Run' (പണം തട്ടുക, രക്ഷപ്പെടുക) എന്നായിരുന്നു പുതിയ 'ചിത്രത്തി'ന് ജെന്‍സ് ഇട്ട പേര്.
ഇതിന് ചിത്രകാരന്‍ നല്‍കുന്ന വിശദീകരണമാണ് ഏറെ രസകരം. അവരുടെ പണം തട്ടിയെടുത്തതായിരുന്നു തന്‍റെ കലാസൃഷ്ടിയെന്നാണ് ഡാനിഷ് റേഡിയോയോട് ഇയാള്‍ പ്രതികരിച്ചത്. ''അതൊരു മോഷണമല്ല. കരാര്‍ ലംഘനം മാത്രമാണ്. കരാര്‍ലംഘനവും ജോലിയുടെ ഭാഗമാണ്'' ജെന്‍സ് വിശദീകരിക്കുന്നു.
വലിയൊരു കലാസൃഷ്ടിക്ക് മ്യൂസിയം വാഗ്ദാനം ചെയ്ത 'തുച്ഛമായ' പ്രതിഫലത്തോടുള്ള പ്രതികരണമായാണ് താന്‍ ഇത്തരത്തിലൊരു പുതിയ ആശയം ലഭിച്ചതെന്നും ജെന്‍സ് പറയുന്നു. തന്നെപ്പോലെ തൊഴില്‍ചൂഷണം നേരിടുന്നവര്‍ക്കെല്ലാം ഒരു പ്രചോദനമാണ് ഈ സൃഷ്ടി. സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന തൊഴിലാളികളോടും തനിക്ക് ഇതേ സന്ദേശം തന്നെയാണ് നല്‍കാനുള്ളതെന്നും ജെന്‍സ് പറയുന്നു.
എന്നാല്‍, കൃത്യമായ കരാര്‍ലംഘനമാണ് ജെന്‍സ് ഹാനിങ് നടത്തിയിരിക്കുന്നതെന്ന് മ്യൂസിയം ഡയരക്ടര്‍ ലസ്സി ആന്‍ഡേഴ്‌സന്‍ പ്രതികരിച്ചു. അടുത്ത വര്‍ഷം ജനുവരിയില്‍ എക്‌സ്ബിഷന്‍ തീരുംമുന്‍പ് പണം തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16

