Quantcast

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റു മരിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിക്കുമ്പോഴാണ് അക്രമിയുടെ വെടിയേറ്റത്

MediaOne Logo

Web Desk

  • Updated:

    2022-07-08 09:20:39.0

Published:

8 July 2022 9:12 AM GMT

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റു മരിച്ചു
X

ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റു മരിച്ചു. ജപ്പാനിലെ നരാ നഗരത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അക്രമിയുടെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ആബെയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ആരോഗ്യനില വഷളായ ആബെ മരിച്ചതായി അധികം വൈകാതെ തന്നെ ജാപ്പനീസ് വാർത്താ ഏജൻസിയായ ജിജി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിൽ ഇരുന്നയാളാണ് ആബെ. ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നാരായിൽ എത്തിയതായിരുന്നു അദ്ദേഹം. നെഞ്ചിലാണ് ആബെയ്ക്ക് വെടിയേറ്റത്. രണ്ടു തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അക്രമിയെ സ്ഥലത്തുനിന്നു തന്നെ പിടികൂടിയിട്ടുണ്ട്.

2020 ആഗസ്റ്റിലാണ് ഷിൻസോ ആബെ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. 2006-07 കാലയളവിലും 2012 മുതൽ 2020 വരെയും ജപ്പാൻറെ പ്രധാനമന്ത്രിയായിരുന്നു ആബെ. പ്രതിപക്ഷ നേതാവായും ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

ജപ്പാന്റെ അധോസഭയായ ജനപ്രതിനിധി സഭയിലേക്ക് 1993ലാണ് ആബെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2005ൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായതോടെയാണ് ജാപ്പനീസ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശബ്ദമായി മാറുന്നത്. തൊട്ടടുത്ത വർഷം ഡിസംബറിൽ എൽ.ഡി.പി പ്രസിഡന്റും ജപ്പാന്റെ പ്രധാനമന്ത്രിയുമായി. ഒരു വർഷം കഴിഞ്ഞ് ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

2012ൽ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം വീണ്ടും എൽ.ഡി.പി അധ്യക്ഷനായി. തൊട്ടടുത്ത വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൽ.ഡി.പി സ്വന്തമാക്കിയത്. 2014ലും 2017ലും ഈ വിജയം ആവർത്തിച്ചു. 2020ൽ ആരോഗ്യനില വീണ്ടും മോശമായതോടെ രാജിവയ്ക്കുകയായിരുന്നു.

Summary: Former Japanese PM Shinzo Abe dies after being shot

TAGS :

Next Story