Quantcast

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി; റഷ്യയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് കുത്തേറ്റു

ബഷ്‌കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം

MediaOne Logo
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി; റഷ്യയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് കുത്തേറ്റു
X

ന്യൂഡൽഹി: റഷ്യയിലെ ഉഫ നഗരത്തിലുള്ള ബഷ്‌കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് കുത്തേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎംഎസ്എ) പ്രധാനമന്ത്രിക്ക് കത്തയച്ചു.

മഹാരാഷ്ട്ര സ്വദേശിയായ ഗൗരവിനാണ് ഗുരുതരമായി പരിക്കേറ്റത്. വയറിന് കുത്തേറ്റ ഗൗരവ് ചികിത്സയിലാണ്. അവിനാഷ്, ഹരിദീപ്, ഹർഷവർധൻ എന്നിവരാണ് പരിക്കേറ്റ മറ്റ് വിദ്യാർത്ഥികൾ. ബിഎസ്എം യൂനിവേഴ്‌സിറ്റിയിൽ ഏതാണ്ട് 3,000-ത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും എംബിബിഎസ് വിദ്യാർഥികളാണ്.

16 വയസുള്ള കൗമാരക്കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാർഥികൾ പറയുന്നു. ഹോസ്റ്റലിൻ്റെ താഴെ സ്‌ഫോടനം നടത്തി വിദ്യാർഥികളെ പുറത്തെത്തിച്ചാണ് അക്രമി കുത്തിയതെന്നും വിദ്യാർഥികൾ പറയുന്നുണ്ട്. അക്രമിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന സംശയവുമുണ്ട്. വിദ്യാർഥികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കീഴടങ്ങാൻ അക്രമി തയ്യാറായില്ല. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കുണ്ട്. കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. രണ്ട് മാസം മുമ്പ് മാളുകളിൽ വെച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടന്നിരുന്നു.

റഷ്യയിൽ നിരോധിക്കപ്പെട്ട ഒരു നവ-നാസി സംഘടനയുടെ അനുഭാവിയാണ് അക്രമിയെന്ന് റഷ്യൻ ടെലഗ്രാം ചാനലായ 'ബാസ' റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇയാൾ ഇരയുടെ രക്തമുപയോഗിച്ച് ചുവരിൽ സ്വസ്തിക ചിഹ്നം വരച്ചതായും ബാസ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

TAGS :

Next Story