Quantcast

ജീവിതച്ചെലവ് കൂടുന്നതിനെതിരെ ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം: 143 വർഷം പഴക്കമുള്ള ചരിത്ര മന്ദിരം കത്തിച്ചു, ആയിരത്തിലധികം പേർ അറസ്റ്റിൽ

യൂറോപ്പിലുടനീളം ജീവിതച്ചെലവ് കൂടുന്നതിനാൽ ശനിയാഴ്ച ബെൽജിയം, പോർച്ചുഗൽ, ഇറ്റലി എന്നിവിടങ്ങളിലും ചെറിയ പ്രതിഷേധങ്ങൾ നടന്നു

MediaOne Logo

Web Desk

  • Published:

    18 Oct 2026 10:38 AM IST

ജീവിതച്ചെലവ് കൂടുന്നതിനെതിരെ ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം: 143 വർഷം പഴക്കമുള്ള ചരിത്ര മന്ദിരം കത്തിച്ചു, ആയിരത്തിലധികം പേർ അറസ്റ്റിൽ
X

പാരീസ്: ജീവിതച്ചെലവ് വര്‍ധിക്കുന്നതിലും സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ തീയിട്ടതിനെ തുടർന്ന് ഫ്രഞ്ച് നഗരമായ ലിമോഷിലെ 143 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ നഗരസഭാ മന്ദിരം ഭൂരിഭാഗവും നശിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ആയിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യൂറോപ്പിലുടനീളം ജീവിതച്ചെലവ് കൂടുന്നതിനാൽ ശനിയാഴ്ച ബെൽജിയം, പോർച്ചുഗൽ, ഇറ്റലി എന്നിവിടങ്ങളിലും ചെറിയ പ്രതിഷേധങ്ങൾ നടന്നു. സര്‍ക്കാര്‍ അഴിമതി, തൊഴിലില്ലായ്മ, മോശം വിദ്യാഭ്യാസ നിലവാരം എന്നിവ ആരോപിച്ച് അൽബേനിയയിൽ പ്രകടനക്കാര്‍ തെരുവിലിറങ്ങി.


ലിമോഷിലെ ടൗൺഹാൾ തീപിടിത്തത്തിൽ നശിച്ചത് പൈതൃകത്തിന് സംഭവിച്ച ദുരന്തമെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞത്. പ്രതിഷേധക്കാര്‍ മനഃപൂര്‍വമാണ് ഇത് ചെയ്തതെന്നും ആരോപിച്ചു. പശ്ചിമഭാഗം ഒഴികെയുള്ള മേൽക്കൂര താഴത്തെ നിലകളിലേക്ക് ഇടിച്ചുവീണിട്ടുണ്ട്. കെട്ടിടത്തിന്‍റെ പുറംഭാഗത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കത്തിനശിച്ചു.

മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം പ്രതിഷേധക്കാർ ടൗൺഹാളിന് പുറത്ത് ഒരു പൊലീസ് കാറിന് തീയിടുകയും, തുടർന്ന് ജനലുകൾ തകർത്ത് അകത്തുകയറി തീയിടുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ശനിയാഴ്ച വൈകിയാണ് തീയണയ്ക്കാൻ ഫയർഫോഴ്സിനെ വിന്യസിച്ചത്.

കലാപത്തിന് കാരണം കുടിയേറ്റമെന്ന് ജെ ഡി വാൻസ്

ഫ്രാൻസിലെ കലാപത്തിനിടെയുണ്ടായ അക്രമത്തിന് കാരണം കുടിയേറ്റമാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് കുറ്റപ്പെടുത്തി. ലിമോജസ് ടൗൺ ഹാൾ അഗ്നിക്കിരയാകുന്നതിന്‍റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. "വൈവിധ്യത്തിന്റെയും കാരുണ്യത്തിന്റെയും പേരിൽ പാശ്ചാത്യ ലിബറലുകൾ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവരെ ഫ്രാൻസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൊണ്ടുവന്നു. സംയോജനത്തിന്‍റെയും പൊരുത്തപ്പെടലിന്‍റെയും അടിസ്ഥാനപരമായ ചോദ്യങ്ങളെ അവർ അവഗണിച്ചു. ഇത് ഈ അവസ്ഥയിലേക്ക് നയിക്കുമെന്ന് അവരോട് മുന്നറിയിപ്പ് നൽകിയിരുന്നതാണ്, എന്നാൽ അവർ അത് കേട്ടില്ല," എന്ന് വാൻസ് എക്സിൽ കുറിച്ചു. "കൂടുതൽ ചരിത്ര സ്മാരകങ്ങൾ കത്തിയമരുന്നതിന് മുമ്പ്, ഫ്രാൻസ് ഈ ഭ്രാന്ത് അവസാനിപ്പിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും കൊള്ളയടിച്ചു

ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ സമാധാനപരമായ മാർച്ചുകളിൽ പങ്കെടുത്തു. എന്നാൽ, അക്രമകാരികളായ ചില സംഘങ്ങൾ പൊതുസ്ഥാപനങ്ങൾ ആക്രമിക്കുകയും കടകളും സൂപ്പർമാർക്കറ്റുകളും കൊള്ളയടിക്കുകയും പൊലീസ് വാഹനങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. മാർസൈലിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രക്ഷോഭകർ ടൗൺഹാളിൽ അതിക്രമിച്ചു കയറി ചുവരുകളിൽ മോശം വാക്കുകൾ എഴുതുകയും വികൃതമാക്കുകയും ചെയ്തു. ലിയോണിൽ ടൂറിസ്റ്റ് ഓഫീസിന് നേരെയും പ്രക്ഷോഭകർ തീയിട്ടു.

ഫ്രാൻസിലുടനീളം ഏകദേശം 5,50,000 ആളുകൾ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കി. എന്നാൽ പങ്കെടുത്തവരുടെ എണ്ണം 8,00,000 വരും എന്നാണ് സിജിടി യൂണിയന്റെ കണക്കുകൂട്ടൽ എന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിനിടയിൽ ഏകദേശം 1,200 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.


പ്രകടനങ്ങൾക്കിടയിലും അതിനുശേഷവും യുവാക്കളുടെ സംഘങ്ങൾ നഗരത്തിലെ തെരുവുകളിലിറങ്ങി പൊലീസുമായി ഏറ്റുമുട്ടുകയും തീയിടുകയും അടച്ചിട്ട കടകളിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു.പാരീസ്, മാർസെയിൽ, നൈസ്, നാന്റസ്, ബോർഡോ, ലിമോജസ്, ലില്ലെ, ടുലൗസ്, സ്ട്രാസ്ബർഗ് എന്നിവിടങ്ങളിലായി ഡസൻ കണക്കിന് കടകൾ കൊള്ളയടിക്കപ്പെട്ടു. സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ആഡംബര ബോട്ടിക്കുകൾ, വസ്ത്രശാലകൾ, ഒപ്റ്റിഷ്യൻമാർ, കോസ്മെറ്റിക് ഷോപ്പുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് റീട്ടെയിലർമാർ എന്നിവ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു.

ഫ്രാൻസിൽ ജീവിതച്ചെലവ് വര്‍ധിക്കുന്നു

ഫ്രാൻസിന്‍റെ കടബാധ്യത നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാനും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ബജറ്റ് പദ്ധതികളുടെ പേരിൽ രണ്ട് പ്രധാനമന്ത്രിമാരെ താഴെയിറക്കിയ പ്രതിപക്ഷ ഗ്രൂപ്പുകൾ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല.


പെട്രോൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില കഴിഞ്ഞ മാസങ്ങളിൽ കുത്തനെ ഉയർന്നതിനെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധവും രോഷവും വർധിച്ചുവരികയാണ്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അക്രമങ്ങൾക്ക് പിന്നിൽ തീവ്ര-ഇടതുപക്ഷക്കാരും ക്രിമിനലുകളുമാണെന്ന് കുറ്റപ്പെടുത്തിയ ലെകോർനു, അക്രമങ്ങൾക്കുമുന്നിൽ സർക്കാർ ഭയപ്പെടില്ലെന്ന് വ്യക്തമാക്കി.

TAGS :

Next Story