Quantcast

പ്രതിഷേധച്ചൂടില്‍ ഉരുകുന്ന ഫ്രാന്‍സ്; വിദ്യാര്‍ഥി പ്രക്ഷോഭം ശക്തം, ഹൈസ്‌കൂള്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചു

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനും ബജറ്റിലെ വെട്ടിക്കുറയ്ക്കലിനും എതിരെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്

MediaOne Logo
പ്രതിഷേധച്ചൂടില്‍ ഉരുകുന്ന ഫ്രാന്‍സ്; വിദ്യാര്‍ഥി പ്രക്ഷോഭം ശക്തം, ഹൈസ്‌കൂള്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചു
X

പാരീസ്: വിദ്യാര്‍ഥി പ്രക്ഷോഭം ആളിക്കത്തിയതോടെ രാജ്യത്തെ ഹൈസ്‌കൂള്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ച് ഫ്രാന്‍സ് ഭരണകൂടം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 500ഓളം സ്‌കൂളുകള്‍ താത്കാലികമായി അടച്ചുപൂട്ടി.

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനും ബജറ്റിലെ വെട്ടിക്കുറയ്ക്കലിനും എതിരെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.

പാരീസ്, മാര്‍സെയില്‍, നാന്റെസ്, ലിയോണ്‍ എന്നീ ഫ്രഞ്ച് നഗരങ്ങളിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സ്‌കൂളുകളിലെ മോശം സൗകര്യങ്ങള്‍, ചെറിയ ക്ലാസ് മുറികള്‍, അധ്യാപകരുടെ ക്ഷാമം, പരീക്ഷാ സമ്മര്‍ദം, വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ എന്നിവക്കെതിരെയാണ് പ്രതിഷേധം.

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാജ്യത്തെ പ്രമുഖ ആക്ടിവിസ്റ്റുകളും തെരുവിലിറങ്ങി. സ്‌കൂളുകള്‍ ഉപരോധിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്ത സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലേറുണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

വടക്കന്‍ ഫ്രഞ്ച് നഗരമായ ലെന്‍സില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് കൈയിലെടുത്തതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയില്‍ 15കാരനായ വിദ്യാര്‍ഥിയുടെ കൈ അറ്റു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

പ്രക്ഷോഭം ആരംഭിച്ചതിനുശേഷം ഇതുവരെ 24 സ്‌കൂളുകള്‍ തീയിടുകയോ തകര്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എഡ്വാര്‍ഡ് ജെഫ്രെ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ നിരവധി ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം പ്രക്ഷോഭം തുടങ്ങിയത് മുതല്‍ ഇതുവരെ 5,000-ത്തിലധികം ആളുകളെയാണ് ഫ്രഞ്ച് ഭരണകൂടം അറസ്റ്റ് ചെയ്തത്. ഇതില്‍ 85 ശതമാനവും പ്രായപൂര്‍ത്തിയാകാത്തവരാണ്.

പ്രക്ഷോഭകാരില്‍ നിന്ന് തന്നെ നാശനഷ്ടങ്ങളുടെ തുക ഈടാക്കാനുള്ള 'വണ്ടാല്‍-പേസ്' ബില്ല് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു അറിയിച്ചു. പ്രതിഷേധം കലാപമായി മാറിയെന്നും പിന്നില്‍ തീവ്ര ഇടതുസംഘടനകളാണെന്നും ഫ്രഞ്ച് സര്‍ക്കാര്‍ ആരോപിച്ചു.

TAGS :

Next Story