Quantcast

റമദാനിൽ ഫ്രാങ്ക്ഫർട്ട് അലങ്കാരവിളക്കുകൾ കൊണ്ട് തിളങ്ങും; പ്രഖ്യാപനവുമായി ജർമൻ നഗരസഭ

മുസ്‌ലിം വിരുദ്ധ വംശീയതയ്ക്കും സെമിറ്റിക്ക് വിരുദ്ധതയ്ക്കുമെല്ലാം എതിരെ എല്ലാവരും ഒറ്റക്കെട്ടാണെന്നു പ്രഖ്യാപിക്കുന്ന വിളക്കുകളാണിതെന്ന് ഫ്രാങ്ക്ഫർട്ട് മുൻ ആക്ടിങ് മേയർ നർഗിസ് ഇസ്‌കന്ദരി ഗ്രൂൻബെർഗ്

MediaOne Logo

Web Desk

  • Updated:

    2024-03-07 16:17:28.0

Published:

7 March 2024 2:56 PM GMT

Frankfurt to Illuminate its streets in Ramadan for the first time, Ramadan illumination in Frankfurt
X

ബെർലിൻ: മുസ്‌ലിം വ്രതമാസക്കാലമായ റമദാന് ഉജ്ജ്വല വരവേൽപ്പുമായി ജർമനിയിലെ വൻനഗരങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട്. നഗരത്തിലെ പ്രധാന തെരുവുകളിലൊന്നിനെ സമാധാന സന്ദേശങ്ങളടങ്ങിയ വിളക്കുകളും നക്ഷത്രങ്ങളും ചന്ദ്രക്കലകളുമെല്ലാംകൊണ്ട് അലങ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നഗരഭരണകൂടം. ചരിത്രത്തിലാദ്യമായാണ് റമദാൻ കാലത്ത് ഫ്രാങ്ക്ഫർട്ടിൽ ഇത്തരത്തിൽ അലങ്കാരങ്ങൾ സ്ഥാപിക്കുന്നതെന്നാണ് ഔദ്യോഗിക ജർമൻ വാർത്താ ചാനലായ ഡി.ഡബ്ല്യൂ ന്യൂസ് റിപ്പോർട്ട് ചെയ്തത്.

നഗരത്തിലെ തിരക്കേറിയ തെരുവുകളിലൊന്നായ ഗ്രോസ് ബോക്കൻഹൈമർ സ്ട്രാസ് ആണ് ഇനിയൊരു മാസക്കാലം റമദാൻ അലങ്കാരവിളക്കുകൾ കൊണ്ട് തിളങ്ങുക. കഫേകൾക്കും റെസ്‌റ്റോറന്റുകൾക്കും പേരുകേട്ട നഗരത്തിലെ പ്രധാന ഫുഡ് സ്‌പോട്ടുകളിലൊന്നാണിവിടം. ഭക്ഷണത്തെരുവ് എന്ന അർത്ഥമുള്ള ഫ്രെസ്ഗ്രാസ് എന്ന പേരിലാണ് ഗ്രോസ് ബോക്കൻഹൈമർ സ്ട്രാസ് നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നതുതന്നെ.

ഭക്ഷണവൈവിധ്യങ്ങൾ ആസ്വദിക്കാനായി വിദേശികളും സ്വദേശികളും ഒരുപോലെ ഒഴുകിയെത്തുന്ന ഈ തെരുവിൽ വാഹനങ്ങൾക്കു പ്രവേശനം വിലക്കിയിട്ടുണ്ട് ഫ്രാങ്ക്ഫർട്ട് നഗരസഭ. ചുറ്റിക്കറങ്ങി ഭക്ഷണവിഭവങ്ങളും മറ്റും ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക് തെരുവിനെ മാറ്റിയിരിക്കുകയാണ് ഭരണകൂടം.

വ്രതമാസക്കാലമായ മാർച്ച് 10 മുതൽ ഏപ്രിൽ ഒൻപതു വരെ തെരുവുടനീളം 'ഹാപ്പി റമദാൻ' വിളക്കുകളും അലങ്കാരങ്ങളും കൊണ്ട് തിളങ്ങും. 75,000 യൂറോ(ഏകദേശം 67,54,500 രൂപ) ഇതിനായി ചെലവാകുമെന്നാണു കണക്കാക്കുന്നത്. ഇതാദ്യമായാണ് ഒരു ജർമൻ നഗരം റമദാൻ മാസത്തെ സ്വീകരിക്കാൻ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്‌.

റമദാൻ കാലത്ത് നമ്മുടെ നഗരത്തിൽ ഇത്തരത്തിലുള്ള സമാധാന സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നുവെന്നത് ഏറെ സന്തോഷം പകരുന്നുവെന്നാണ് സിറ്റി കൗൺസിൽ ചെയർവുമൺ ആയ ഹൈലൈം അർസ്‌ലനർ പ്രതികരിച്ചത്. മനുഷ്യർ ജീവിതത്തെക്കുറിച്ച് ആത്മവിചാരണ നടത്തുന്ന മാസമാണ് റമദാൻ. എന്തെങ്കിലുമൊക്കെ ഭക്ഷിച്ച്, സ്വന്തം കൂരയിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയൽക്കാർക്കുമൊപ്പം സമാധാനത്തോടെയും സമാശ്വാസത്തോടെയും കഴിയുന്ന കാലമാണതെന്നും അവർ പറഞ്ഞു.

ഫ്രാങ്ക്ഫർട്ട് മുൻ ആക്ടിങ് മേയർ നർഗിസ് ഇസ്‌കന്ദരി ഗ്രൂൻബെർഗ് നഗരസഭാ തീരുമാനത്തെ സ്വാഗതം ചെയ്തു. യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും കാലത്ത് ഇത്തരം സന്ദേശങ്ങൾ കൈമാറുന്നതു വളരെ പ്രധാനമാണെന്ന് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ സൂചിപ്പിച്ച് അവർ പറഞ്ഞു. മുൻവിധിക്കും വിവേചനത്തിനും മുസ്‌ലിം വിരുദ്ധ വംശീയതയ്ക്കും സെമിറ്റിക്ക് വിരുദ്ധതയ്ക്കുമെല്ലാം എതിരെ എല്ലാവരും ഒറ്റക്കെട്ടാണെന്നു പ്രഖ്യാപിക്കുന്ന വിളക്കുകളാണിതെന്നും അവർ പറഞ്ഞു.

തീരുമാനത്തെ നഗരത്തിലെ മുസ്‌ലിം സംഘടനകളും നേതാക്കളും സ്വാഗതം ചെയ്തു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ അർത്ഥതലങ്ങളുള്ള നടപടിയാണിതെന്ന് ഫ്രാങ്ക്ഫർട്ട് മുസ്‌ലിം കമ്മ്യൂണിറ്റി ചെയർമാൻ മുഹമ്മദ് സദ്ദാദി പറഞ്ഞു. നമ്മളെല്ലാം ഒറ്റക്കെട്ടാണെന്നാണ് ഇതു നൽകുന്ന സന്ദേശമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, നഗരസഭാ തീരുമാനത്തിനെതിരെ വലതുപക്ഷ സംഘടനകളുടെ എതിർപ്പും ഉയരുന്നുണ്ട്. ഒരു മതത്തിനും മതവിഭാഗക്കർക്കും മാത്രമായി പൊതുഫണ്ട് ചെലവഴിക്കുന്നത് ശരിയല്ലെന്ന് മധ്യ വലതുപക്ഷ സംഘടനയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ(സി.ഡിയു) നേതാവ് യാനിക് ഷ്വാണ്ടർ വിമർശിച്ചു. വ്യാപാര സംഘടനകളിൽനിന്നും ജനങ്ങളിൽനിന്നും പിരിവെടുത്താണ് ക്രിസ്മസിന് ഫ്രാങ്ക്ഫർട്ട് നഗരവീഥികൾ അലങ്കരിക്കാറുള്ളത്. ഇങ്ങനെയൊരു ഫണ്ട് ഉണ്ടെങ്കിൽ അത് എല്ലാ മതവിഭാഗക്കാർക്കും ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, സി.ഡി.യു വാദം ഇസ്‌കന്ദരി ഗ്രൂൻബെർഗ് തള്ളി. ക്രിസ്മസിനായി നഗരസഭ വൻ തുക ചെലവഴിക്കാറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

ജനസംഖ്യകൊണ്ടും വിസ്തൃതി കൊണ്ടും ജർമനിയിലെ അഞ്ചാമത്തെ വലിയ നഗരമാണ് ഫ്രാങ്ക്ഫർട്ട്. തലസ്ഥാനമായ ബെർലിനും ഹാംബർഗും മ്യൂണിക്കും കലോനുമാണ് ഫ്രാങ്ക്ഫർട്ടിനു മുന്നിലുള്ളത്. എട്ടു ലക്ഷം പേർ അധിവസിക്കുന്ന നഗരം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്. പ്രധാന ബിസിനസ്, ധനകാര്യ സ്ഥാപനങ്ങളുടെയും ബഹുരാഷ്ട്ര കുത്തക കമ്പനികളുടെയുമെല്ലാം ആസ്ഥാനം പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഇതോടൊപ്പം രാജ്യത്തെ തന്നെ ഏറ്റവും ബഹുസ്വര നഗരങ്ങളിലൊന്നുകൂടിയാണ് ഫ്രാങ്ക്ഫർട്ട്. 1.50 ലക്ഷത്തോളമാണു നഗരത്തിലെ മുസ്‌ലിം ജനസംഖ്യ.

Summary: Frankfurt to Illuminate its streets in Ramadan for the first time

TAGS :

Next Story