Quantcast

റഷ്യ ഫ്രാൻസിനും യൂറോപ്പിനും ഭീഷണിയെന്ന് ഇമ്മാനുവൽ മാക്രോൺ

ഡോണൾഡ് ട്രംപ് രണ്ടാമത് അധികാരമേറ്റ ശേഷം റഷ്യൻ അനുകൂല നിലപാട് സ്വീകരിക്കുന്നതിൽ മാക്രോൺ ആശങ്ക പ്രകടിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    6 March 2025 3:42 PM IST

French President Emmanuel Macron warns of Russian threat to France and Europe
X

പാരീസ്: റഷ്യ ഫ്രാൻസിനും യൂറോപ്പിനും ഭീഷണിയായി മാറുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ആയിരക്കണക്കിനും ടാങ്കുകളും നൂറുകണക്കിന് ജെറ്റ് വിമാനങ്ങളുമായി റഷ്യ തങ്ങളുടെ സൈനിക ശേഷി വർധിപ്പിക്കുകയാണ്. ഇത് യൂറോപ്പിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും മാക്രോൺ പറഞ്ഞു. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ടെലിവിഷൻ പ്രസംഗത്തിലായിരുന്നു മാക്രോണിന്റെ മുന്നറിയിപ്പ്.

നിങ്ങളോട് സംസാരിക്കുന്ന ഈ നിമിഷത്തിലും ഭാവിയിലും റഷ്യ യൂറോപ്പിനും ഫ്രാൻസിനും ഒരു ഭീഷണിയായിരിക്കും. ലോകം അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോൾ കാഴ്ചക്കാരായി നോക്കി നിൽക്കുന്നത് വിഡ്ഢിത്തമാണ്. റഷ്യ അവരുടെ ബഡ്ജറ്റിന്റെ 40 ശതമാനവും നീക്കിവെക്കുന്നത് സൈനിക ആവശ്യങ്ങൾക്കാണ്. 3000 ടാങ്കുകളും 300 ഫൈറ്റർ ജെറ്റുകളുമാണ് റഷ്യ അധികമായി വാങ്ങാൻ പോകുന്നത്. അവർ ഇതുകൊണ്ട് അവസാനിപ്പിക്കുമെന്ന് കരുതുന്നുണ്ടോയെന്നും മാക്രോൺ ചോദിച്ചു.

യുക്രൈൻ അധിനിവേശത്തിൽ മാത്രം റഷ്യ തങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കുമെന്ന് കരുതാനാവില്ല. റഷ്യ സമാധാനത്തിന്റെ പാതയിലേക്ക് വന്നാൽ മാത്രമേ യൂറോപ്പിൽ സമാധാനമുണ്ടാവൂ എന്നും മാക്രോൺ പറഞ്ഞു. ആണവപ്രതിരോധത്തിലൂടെ യൂറോപ്പിലെ തങ്ങളുടെ സഖ്യകക്ഷികളുടെ സംരക്ഷണത്തെക്കുറിച്ച് ആലോചിക്കാൻ ആരംഭിച്ചതായും മാക്രോൺ പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ ഏക ആണവശക്തിയാണ് ഫ്രാൻസ്.

ഡോണൾഡ് ട്രംപ് രണ്ടാമത് അധികാരമേറ്റ ശേഷം റഷ്യൻ അനുകൂല നിലപാട് സ്വീകരിക്കുന്നതിൽ മാക്രോൺ ആശങ്ക പ്രകടിപ്പിച്ചു. യുഎസ് തങ്ങളോടൊപ്പം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ അങ്ങനെയല്ലാത്ത ഒരു സാഹചര്യത്തെ നേരിടാനും യൂറോപ്പ് ഒരുങ്ങിയിരിക്കണമെന്നും മാക്രോൺ പറഞ്ഞു.

TAGS :

Next Story