Quantcast

​​ഗസ്സയിൽ വെടിനിർത്തൽ‌ ഇന്നുമുതൽ; ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെയും പേരുവിവരം ലഭിക്കണമെന്ന് നെതന്യാഹു

ആവശ്യമെങ്കിൽ അമേരിക്കയുമായി ചേർന്ന്​ ഗസ്സയിൽ യുദ്ധം പുനരാരംഭിക്കാൻ മടിക്കില്ലെന്നും നെതന്യാഹു പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-01-19 01:59:12.0

Published:

19 Jan 2025 6:15 AM IST

Gaza ceasefire again uncertain
X

ദുബൈ: ഗസ്സ ഇന്നുമുതൽ വെടിനിർത്തൽ കരാർ നിലവിൽ വരും. അതിനിടെ അവസാന നിമിഷം വീണ്ടും തടസം സൃഷ്ടിച്ച്​ ഇസ്രായേൽ. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെയും പേരുവിവരം ലഭിച്ചി​ല്ലെങ്കിൽ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ‍ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്​. കരാർ ലംഘനങ്ങൾ ഇസ്രായേൽ സഹിക്കില്ലെന്നും ഇതിന്റെ ഉത്തരവാദിത്തം ഹമാസിനു മാത്രമായിരിക്കുമെന്നും നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി.

ആവശ്യമെങ്കിൽ അമേരിക്കയുമായി ചേർന്ന്​ ഗസ്സയിൽ യുദ്ധം പുനരാരംഭിക്കാൻ മടിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. ബന്ദികളുടെ മോചനം വ്യവസ്ഥ പ്രകാരം നടക്കണമെന്നും അതിൽ വീഴ്ച വന്നാൽ സ്ഥിതി സ്​ഫോടനാത്​മകമായിരിക്കുമെന്നും നിയുക്​ത യു.എസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ് മുന്നറിയിപ്പ് നൽകി​. കരാർ വ്യവസ്ഥകളിൽ നിന്ന്​ പിറകോട്ടില്ലെന്ന്​ ഹമാസും വ്യക്തമാക്കി.

ഇന്ന്​ കാലത്ത്​ പ്രാദേശിക സമയം എട്ടര മുതലാണ്​ മൂന്നു ഘട്ടങ്ങളായുള്ള കരാറിന്‍റെ ആദ്യഘട്ടംപ്രാബല്യത്തിൽ വരിക. ഇന്നലെ ഇസ്രായേൽ സമ്പൂർണ കാബിനറ്റും വെടിനിർത്തൽ കരാറിന്​ അംഗീകാരം നൽകിയിരുന്നു.

ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസും ആയിരത്തോളം ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട്​ ഇസ്രായേലിനുള്ളിലെ ഭിന്നതയും കൂടുതൽ ശക്​തമായി. ഹമാസിന്​ ഗുണം ചെയ്യുന്നതാണ്​ കരാറെന്ന്​ കുറ്റപ്പെടുത്തി മന്ത്രി ബെൻഗ്വിറിന്‍റെ ജൂത പവർ പാർട്ടി സർക്കാറിൽ നിന്ന്​ രാജി വെക്കും.

അതേസമയം, ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന നെതന്യാഹുവിന്‍റെ ഉറപ്പ്​ മുൻനിർത്തി രാജി തീരുമാനം മാറ്റുന്നതായി ധനമന്ത്രി സ്മോട്രിച്ച് പറഞ്ഞു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ കനത്ത ആക്രമണം ഇന്ന്​ വെളുപ്പിനും തുടർന്നു. 23 ഫലസ്തീനികളാണ് ഇന്നലെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സയുടെ ചില ഭാഗങ്ങളിൽ നിന്ന്​ ഇസ്രായേൽ സൈനിക പിൻമാറ്റം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്​. തെൽ അവീവിൽ ഫലസ്തീൻ പോരാളിയുടെ കുത്തേറ്റ്​ ഇസ്രായേൽ യുവാവ്​ കൊല്ലപ്പെട്ടു.

TAGS :

Next Story