'ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് പിൻമാറില്ല'; വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെ ഭീഷണിയുമായി ഇസ്രായേൽ
ഗസ്സയിൽ അടുത്തഘട്ട വെടിനിർത്തൽ ചർച്ചക്ക് ഹമാസ് സന്നദ്ധത അറിയിച്ചെങ്കിലും ആദ്യഘട്ട കരാർ നീട്ടിയാൽ മതിയെന്ന നിലപാടാണ് ഇസ്രായേലിന്

തെൽ അവിവ്: ഗസ്സ വെടിനിർത്തൽ കരാർ നീട്ടുന്നതു സംബന്ധിച്ച് കെയ്റോയിൽ ചർച്ച നടക്കാനിരിക്കെ, ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് പിൻമാറില്ലെന്ന് ഇസ്രായേൽ. രണ്ടാംഘട്ട വെടിനിർത്തൽ കരാർ ചർച്ചക്ക് സന്നദ്ധത അറിയിച്ച് ഹമാസ് രംഗത്തെത്തി. ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണം തടയുന്നതിൽ ഇസ്രായേൽ പൂർണമായും പരാജയപ്പെട്ടെന്ന സൈന്യത്തിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.
ഗസ്സയിൽ അടുത്തഘട്ട വെടിനിർത്തൽ ചർച്ചക്ക് ഹമാസ് സന്നദ്ധത അറിയിച്ചെങ്കിലും ആദ്യഘട്ട കരാർ നീട്ടിയാൽ മതിയെന്ന നിലപാടാണ് ഇസ്രായേലിന് .ഒരു മാസമോ അതിൽ കൂടുതലോ കരാർ നീട്ടാൻ സന്നദ്ധമാണെന്ന് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ട്. നാളെയാണ് കരാർ പ്രകാരം ആദ്യഘട്ട വെടിനിർത്തൽ സമയപരിധി അവസാനിക്കുക. കൂടുതൽ ബന്ദികളുടെ മോചനം ഉറപ്പാക്കാൻ കരാർ നീട്ടുന്നതിലൂടെ കഴിയുമെന്നാണ് ഇസ്രായേൽ വിലയിരുത്തൽ. ഗസ്സ, ഈജിപ്ത് അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രായേൽ തയാറാകില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇന്നും നാളെയുമായി കൈറോയിൽ നടക്കുന്ന ചർച്ചയിൽ ഹമാസ് നിലപാട് നിർണായകമാകും.
ആദ്യഘട്ട വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ബന്ദികളുടെയും ഫലസ്തീനികളുടെയും കൈമാറ്റം പൂർത്തിയായതിന് പിന്നാലെയാണ് ഇസ്രായേൽ നിലപാട് കടുപ്പിച്ചത്. ഗസ്സയിൽ ഹമാസിന്‍റെ സൈനിക ശേഷി തകർക്കുമെന്നും എല്ലാ ബന്ദികളെയും തിരികെയെത്തിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു. കഴിഞ്ഞ ദിവസം നാലു ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസും 600ലേറെ ഫലസ്തൻ തടവുകാരെ ഇസ്രായേലും കൈമാറി.
ഇസ്രായേൽ വിട്ടയച്ച ഫലസ്തീനികളെ തെക്കൻ ഗസ്സയിലെ ഖാൻയൂനുസിൽ ജനക്കൂട്ടം സ്വീകരിച്ചു. ആദ്യഘട്ട വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി എട്ട് മൃതദേഹങ്ങൾ ഉൾപ്പെടെ 33 ബന്ദികളെ ഹമാസും 2000 ഫലസ്തീനികളെ ഇസ്രായേലും കൈമാറി. ഇനി 59 ബന്ദികളാണ് ഹമാസിന്‍റെ കൈയിലുള്ളത്. ഇവരിൽ 32 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അതിനിടെ, ഒക്ടോബർ ഏഴിന്‍റെ ഹമാസ് ആക്രമണം പ്രതിരോധിക്കുന്നതിൽ ഇസ്രായേൽ സമ്പൂർണ പരാജയം നേരിട്ടതായി വ്യക്തമാക്കുന്ന സൈനികാന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.
Adjust Story Font
16

