വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 110 പേര്‍
മരിച്ചവരിൽ 52 കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടും

Photo| REUTERS/Dawoud Abu Alkas
തെൽ അവിവ്: വെടിനിർത്തൽ കരാർ വീണ്ടും പ്രാബല്യത്തിൽ വന്നതായ അറിയിപ്പിനിടയിലും ഖാൻ യൂനുസിലും മറ്റും ആക്രമണം തുടർന്ന് ഇസ്രായേൽ. പിന്നിട്ട 24 മണിക്കൂറിനിടെ, കൊല്ലപ്പെട്ട നൂറിലേറെ പേരിൽ പകുതിയിലേറെ കുട്ടികളും സ്ത്രീകളും. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് യുഎൻ മനുഷ്യാവകാശ സംഘടന രംഗത്തെത്തി.
ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സക്കു മേൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരണം 110 കടന്നു. ഇവരിൽ 52 കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടും. എന്നിട്ടും ഹമാസ് പോരാളികളെ മാത്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ നൽകുന്ന വിശദീകരണം. ഇന്നലെ ഉച്ചയോടെ വെടിനിർത്തൽ കരാർ വീണ്ടും പ്രാബല്യത്തിലായതായി ഇസ്രായേൽ അറിയിച്ചിരുന്നു. എന്നാൽ രാത്രിയിലും ഖാൻ യൂനുസിലും റഫക്കും നേരെ വീണ്ടും ആക്രമണം ഉണ്ടായി. ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗസ്സ സിവിൽ ഡിഫൻസ് ഏജൻസ് വക്താവ് മുഹമ്മദ് ബാസൽ അറിയിച്ചു.
എല്ലാ അതിർവരമ്പുകളും ലംഘിച്ചാണ് വീടുകളും ടെന്‍റുകളും അഭയകേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ വ്യോമാക്രമണം. ചൊവ്വാഴ്ച രാവിലെ റഫ അതിർത്തിയിൽ സൈനികർക്കു നേരെ വെടിയുതിർത്തുവെന്ന ഇസ്രായേൽ വാദം ഹമാസ് നിഷേധിച്ചു.വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഹമാസ്നേതൃത്വം അറിയിച്ചു. ഏകപക്ഷീയമായി വെടിനിർത്തൽ ലംഘിച്ച് നൂറിലേറെ പേരെ കൊന്നൊടുക്കിയ ഇസ്രയേൽ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പറഞു.വെടിനിർത്തൽ മാനിക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം യെല്ലോ ലൈൻ മറികടന്നുള്ള ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കാൻ യുഎസ് ഭരണകൂടം ഇസ്രയേലിനോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. ഹമാസിന്‍റെ കരാർലംഘനത്തിന് തിരിച്ചടി നൽകുക മാത്രമാണ് ലക്ഷ്യമെന്ന് ഇസ്രായേൽ നേതൃത്വം അമേരിക്കയെ അറിയിച്ചു. വെടിനിർത്തൽ കരാറിന്‍റെ അടുത്ത ഘട്ട ചർച്ചകളും നിർണായകമാണെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി പ്രതികരിച്ചു. അതിനിടെ, ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെ സന്ദർശിക്കാൻ റെഡ്ക്രോസ് സംഘത്തെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഉത്തരവ് പുറപ്പെടുവിച്ചു.
Adjust Story Font
16

