Quantcast

ടിക്ടോക് മുതൽ തെരുവുവരെ; 2025ലെ ജെൻസി രാഷ്ട്രീയം, GenZ is Political ?

സാമ്പത്തിക അസമത്വത്തോടും അഴിമതിയോടുമുള്ള വൈകാരിക പ്രകടനത്തിനോടൊപ്പം തൊഴിലില്ലായ്മയും അവരെ ഏകോപിപ്പിച്ചു

MediaOne Logo
ടിക്ടോക് മുതൽ തെരുവുവരെ; 2025ലെ ജെൻസി രാഷ്ട്രീയം, GenZ is Political ?
X

ലോകം, കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോയ വർഷമായിരുന്നു 2025. ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും അസ്ഥിരവും സങ്കീർണവുമായ ചുറ്റുപാടുകള്‍ക്കാണ് പോയവര്‍ഷം സാക്ഷിയായത്. വർഷങ്ങളായി തുടരുന്ന യുദ്ധങ്ങൾക്ക് പുറമെ പുതിയ സം​ഘർഷങ്ങൾ കൂടി ഉടലെടുത്തു. സമാധാനത്തിൻ്റെ ആഹ്വാനങ്ങൾ ഒരുവശത്ത് തുടരുമ്പോഴും യുദ്ധത്തിൻ്റെ ഇരമ്പം തോക്കിൻ മുനയിലൂടെ ലോകം കേട്ടു. യൂറോപ്പിനും ആഫ്രിക്കയ്ക്കും മധ്യേഷ്യയ്ക്കും വരെ ഇത്തരം സംഘർങ്ങളിൽ പരിക്കേറ്റു.

മനുഷ്യത്വരഹിതമായ ചെയ്തികളിലൂടെ അനേകം പേർ ആ വേദനയിൽ പുതിയ വർഷത്തിലേക്ക് കടന്നു. റഷ്യ- യുക്രൈന്‍ യുദ്ധം 2025ലെ പ്രധാന യുദ്ധങ്ങളിലൊന്നായി. ഇതിൻമേലുള്ള അമേരിക്കയുടെ ഇടപെടൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു. എന്നാൽ അവസാനം അവതരിപ്പിക്കപ്പെട്ട സമാധാന പദ്ധതി പ്രശ്നത്തിൻ്റെ ഇടക്കാല ശമനത്തിന് കാരണമായെങ്കിലും യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ല.

ഗസ്സയിലെ ഇസ്രായേൽ അധിനിവേശം 2025ലും തുടർന്നു. ​ഗസ്സ മുനമ്പിൽ ദുരിതം കൂടുതൽ വ്യാപിച്ചു. ആയിരങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നു. ജീവൻ രക്ഷപ്പെട്ടോടുന്നവരെ വരെ ഇസ്രായേൽ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. കുട്ടികളും മുതിർന്നവരും പട്ടിണി കിടന്ന് മരിച്ചു. സമാധാനം വാക്കുകളിൽ ഒതുങ്ങി, ഇന്നും മനുഷ്യർ അവിടെ മരിച്ചു വീഴുന്നു. അവിടെയും അമേരിക്കയുടെ ഇടപെടൽ കാണാതെ പോകാൻ ആവില്ല.

2025ലെ ഏറ്റവും പ്രധാനപ്പെട്ട സംഘര്‍ങ്ങളിലൊന്നായി സുഡാനിലെ ആഭ്യന്തര യുദ്ധവും മാറി. ലക്ഷകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. കിഴക്കൻ കോം​ഗോയിലെ സർക്കാർ സേനയും റുവാണ്ടൻ പിന്തുണയുള്ള വിമത ​ഗ്രൂപ്പും തമ്മിലുള്ള സംഘർഷവും മ്യാൻമർ ആഭ്യന്തര കലാപവും ഇന്ത്യ-പാക് സംഘർഷവും 2025ലെ അസ്ഥിരമായ ചുറ്റുപാടിൽ പ്രധാനമായിരുന്നു.

പാകിസ്താന്‍ ആക്രമണത്തിന് മറുപടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും അതുമൂലം ഉണ്ടാക്കിയ ചലനങ്ങളും 2025ലായിരുന്നു. അവസാനമായി സമാധാനത്തിൻ്റെ അവകാശം സ്വന്തം പേരിലാക്കിയുള്ള ട്രംപിന്റെ വരവും ആഭ്യന്തര രാഷ്ട്രീയത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു.

എന്നാൽ, ഇതിനൊക്കെ അപ്പുറമായി 2025നെ കൂടുതൽ അതിശയിപ്പിച്ചത് ലേകത്തുടനീളം നടന്ന ജെൻസി പ്രക്ഷോഭങ്ങളാണ്. അതിൻ്റെ അലയൊലികൾ ഇന്ത്യയിലും ചെറുതായെങ്കിലും മുഴങ്ങി. മില്ലേനിയം വരെയുള്ള (1981-1996) തലമുറകളെപറ്റിയുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളല്ല അതിന് ശേഷം വന്ന ജെൻസികളെ പറ്റിയും(1996-2010) ജെൻ ആൽഫകളെ പറ്റിയും ലോകത്തിനുള്ളത്.

അരാഷ്ട്രീയ വിഭാ​ഗമായി മുദ്രകുത്തപ്പെട്ട, ലോകത്തിനോട് ഒരു കൂറുമില്ലാത്ത അലസരെന്ന് വിധിച്ച, നിസ്സം​ഗരെന്ന് പരിതപിച്ച, സാങ്കേതിവിദ്യയിൽ അഭിരമിക്കുന്നവരായ ഒരു വിഭാ​ഗം നടത്തിയ പ്രക്ഷോഭങ്ങളെയും അട്ടഹാസങ്ങളെയും ലോകം ഉറ്റുനോക്കുക കൂടിയായിരുന്നു. ഉറങ്ങിക്കിടന്ന ഒരുതലമുറയുടെ പിടഞ്ഞെഴുനേൽക്കലിന് പിന്നിലെ രാഷ്ട്രീയ ശരി അന്വേഷിക്കുകയായിരുന്നു ലോകം അപ്പോഴും.

ന്യൂയോർക്ക് സിറ്റിയുടെ മേയർ തെരഞ്ഞെടുപ്പിലും ജെന്‍സിയുടെ ശക്തി തെളിയിക്കപ്പെട്ടു. മംദാനിയെപ്പോലുള്ള മില്ലേനിയം തലമുറയെ അധികാരത്തിലേറ്റുന്നതില്‍ അവര്‍ മുഖ്യ പങ്കുവഹിച്ചു.

നേപ്പാളിലെ കാഠ്മണ്ഡു, മഡഗാസ്കറിലെ അന്റാനനാരിവോ, മൊറോക്കോയിലെ റാബത്ത്, പെറുവിലെ ലിമ, തുർക്കിയിലെ ഇസ്താംബുൾ എന്നിവിടങ്ങളിലെ തെരുവുകൾ 2025 അവസാനത്തോടെ സങ്കീർണമാകുന്നതും ലോകം കണ്ടു. അതുവരെയുണ്ടായിരുന്ന പ്രതിഷേധങ്ങളിൽ നിന്നും വ്യത്യസ്തമായി യുവജനങ്ങളും വിദ്യാർഥികളും തെരുവ് കീഴടക്കി.

സാമ്പത്തിക അസമത്വത്തോടും അഴിമതിയോടുമുള്ള വൈകാരിക പ്രകടനത്തിനോടൊപ്പം ഉടനീളമുള്ള തൊഴിലില്ലായ്മയും അവരെ ഏകോപിപ്പിച്ചു. 2024ൽ ആ ശക്തി ബംഗ്ലാദേശിലും കെനിയയിലും കണ്ടിരുന്നു. സമീപകാല ദശകങ്ങളിലെ ഏറ്റവും പാരമ്പര്യേതരവും കത്തുന്നതുമായ രാഷ്ട്രീയ ശക്തികളിൽ ഒന്നായി ജെൻസികൾ ഇവിടങ്ങളിൽ ഉയർന്നുവന്നു. ഒരിക്കൽ അതിന്റെ ഗൗരവത്തെ ചോദ്യം ചെയ്ത നിരൂപകർക്ക് അവരുടെ ആഖ്യാനങ്ങൾ ക്രമീകരിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നു.

ജെൻസി പ്രക്ഷോഭങ്ങളുടെ പ്രത്യാഘാതങ്ങൾ ഇനിയും കണ്ടേക്കാം. ഇതുവരെയുള്ളതിൽ ഏറ്റവും നവീനവും സാങ്കേതികവുമായ വിദ്യാഭ്യാസം നേടിയ ഒരു തലമുറ ചലനാത്മകതയും അവസരവും കുറഞ്ഞ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്കാണ് നടന്നത്. അതെ സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിരുകൾക്ക് കീഴ്പ്പെടുത്താൻ പറ്റാത്ത സമാന ചിന്താഗതിക്കാരും സമാന പ്രായക്കാരുമായി അവർ ഏകോപിക്കുകയും തങ്ങളുടെ പ്രശ്നങ്ങൾക്കെതിരെ സംഘടിതമായ ഒരുമിക്കലിന് വേദി ഒരുക്കുകയും ചെയ്തു.

ബിരുദധാരികൾ തൊഴിലില്ലായ്മ മൂലം നട്ടംതിരിഞ്ഞതും വിദ്യാർഥികളുടെ ശരാശരി കടം വർദ്ധിച്ചതും സാമ്പത്തിക അരക്ഷിതാവസ്ഥയിലുള്ള മാനസികാഘാതവും വിഷാദവും എല്ലാം അവരെ പ്രകോപിപ്പിച്ചിരുന്നു. പല രാഷ്ട്രങ്ങളിലും സാമ്പത്തിക സ്ഥിതി വഷളായതോടുകൂടി ജെൻസികൾ തൊഴിലുപേക്ഷിക്കുന്നതിലേക്ക് കൂടി കടന്നു. തൊഴിലില്ലായ്മ, സ്വജനപക്ഷപാതം, അഴിമതി എന്നിവ അവരെ കൂടുതൽ നിരാശരാക്കി. വികസിത രാജ്യത്തിലെ യുവാക്കൾ നിശബ്ദമായി നിന്നപ്പോൾ ദരിദ്ര രാജ്യങ്ങളിൽ പക്ഷേ അത് തുറന്ന കലാപത്തിലേക്ക് വഴി വച്ചു. അത് ഏറ്റവും തീവ്രമായി കണ്ടത് നേപ്പാളിലാണ്.

നേപ്പാൾ

ഏറ്റവും നാടകീയമായതും എന്നാൽ ഏറ്റവും സങ്കീർണവുമായ ജെൻസി പ്രക്ഷോഭം നടന്നത് നേപ്പാളിലാണ്. യുവാക്കളുടെ തൊഴിലില്ലായ്മ കൂടിയതും സമ്പദ് വ്യവസ്ഥയുടെ പരാജയവും അഴിമതിയും ഒരു വിഭാഗം രാഷ്ട്രീയത്തിലും ബിസിനസിലും ആധിപത്യം സ്ഥാപിച്ചതും ഇവിടെ പ്രതിഷേധത്തിന് കാരണമായി.

2025 സെപ്തംബറില്‍ രാഷ്ട്രീയക്കാരുടെ മക്കളെ (നെപ്പോ ബെബീസ്) സോഷ്യൽ മീഡിയയിൽ പരിഹസിച്ച് നേപ്പാളിലെ ഇന്റർനെറ്റ് ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ ഒരു സൂചനയായിരുന്നു. ഈ പ്രതിഷേധങ്ങൾക്ക് പിന്നാലെ രണ്ടിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ സർക്കാർ നിരോധിച്ചു. രജിസ്ട്രേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ പ്ലാറ്റ്ഫോമുകൾ പരാജയപ്പെട്ടു എന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇത് നേപ്പാളിനെ ലോകത്ത് നിന്നും അകറ്റുന്നതിന് തുല്യമായിരുന്നു. ഇത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും, സെപ്തംബര്‍ എട്ടിന് ആയിരക്കണക്കിന് വിദ്യാർഥികളും യുവജനങ്ങളും കാഠ്മണ്ഡുവിലെ തെരുവിൽ സംഘടിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലേക്കും പാർലമെന്റ് സർക്കാർ കെട്ടിടങ്ങൾ ഉൾപ്പെടെ തകർക്കുന്നതിലേക്കും അഗ്നിരയാക്കുന്നതിലേക്കും വഴിവച്ചു. പ്രധാനമന്ത്രി ശർമ്മ ഒലിക്ക് രാജി വെക്കേണ്ടി വന്നു.

മഡ​ഗാസ്കർ

മഡഗാസ്‌കറിൽ ആരംഭിച്ച പ്രക്ഷോഭത്തിന് കലുഷിതമായ പര്യവസാനമായിരുന്നു. മഡഗാസ്കറിലെ ജെൻസികൾ എന്ന് സ്വയം വിശേഷിപ്പിച്ച യുവ പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ ആഴ്ചകളോളം പ്രകടനങ്ങൾ നടന്നു. പ്രസിഡന്റ് ആൻഡ്രി രാജോലിനയ്ക്ക് രാജ്യം വിട്ടു പോകേണ്ടി വന്നു. ഒക്ടോബറിൽ സൈന്യം അധികാരം പിടിച്ചെടുത്തു. യൂണിവേഴ്സ് സിറ്റി വിദ്യാർഥികളുടെ നേതൃത്വത്തിൽ ജെൻസി സംഘടന സോഷ്യൽ മീഡിയയിലൂടെ വൻ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകി. ജല, വൈദ്യുതി പ്രതിസന്ധിക്കെതിരെ ആരംഭിച്ച പ്രതിഷേധം പിന്നീട് പ്രസിഡണ്ടിന്റിന്റെ രാജിയിലേക്ക് പോലും എത്തുകയായിരുന്നു.

അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് തിരിഞ്ഞു. മരണങ്ങൾ സംഭവിച്ചു. പ്രതിഷേധക്കാർ തങ്ങളുടെ പ്രസ്ഥാനത്തിന്റെ പ്രതീകമായി വൺ പീസിൽ നിന്നുള്ള ജോളി റോജർ പതാക സ്വീകരിച്ചു. പ്രതിഷേധങ്ങൾ കൂടുതൽ തെരുവുകളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഒക്ടോബറിൽ പുതിയ പ്രധാനമന്ത്രിയെ നിയമിക്കാം എന്ന വാഗ്ദാനം നിലവിൽ ഉണ്ടായിരുന്നു. ഒക്ടോബര്‍ 13ന് തന്റെ ജീവന് ഭീഷണിയുള്ളതായും താൻ സുരക്ഷിതമായ സ്ഥലം തേടി പോവുന്നതായും പ്രസിഡന്റ് പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് നിയമസഭ അദ്ദേഹത്തെ ഇംപിച്ച് ചെയ്തു. സൈന്യം അധികാരമേറ്റെടുത്തു.

ഇന്തോനേഷ്യ

അഴിമതിക്കെതിരെ ജെൻസികളുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങൾ ഇന്തോനേഷ്യയിൽ ഉണ്ടായി. ആരോഗ്യം,വിദ്യാഭ്യാസം എന്നിവയിലെ ബജറ്റ് വെട്ടിക്കുറക്കലുകളും ഭക്ഷ്യനയം നടപ്പാക്കുന്നതിലെ പോരായ്മയും പ്രക്ഷോഭത്തിന് കാരണമായി. യോഗ്യകാർത്ത, ജക്കാർത്ത, കലിമന്തൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങൾ 'ഇരുണ്ട ഇന്തോനേഷ്യ' എന്നറിയപ്പെട്ടു. നിയമസഭാംഗങ്ങൾക്കുള്ള അലവൻസ് വർദ്ധനവും അഫാൻ കുറുണിയയുടെ മരണവുമൊക്കെ പ്രതിഷേധത്തിന്റെ വ്യാപ്തി കൂട്ടി. ആറുപേർ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേർ അറസ്റ്റിലായി. എന്നാൽ പിന്നീട് സർക്കാർ നിയമസഭ അംഗങ്ങളുടെ അലവൻസ് റദ്ദാക്കുകയും വിദേശയാത്രകൾക്ക് മൊറോട്ടോറിയം ഏർപ്പെടുത്തുകയും ചെയ്തു.

തുർക്കി

ഇസ്‌താംബുൾ മേയർ എക്രം ഇമാമോഗ്ലുവിന്റെ അറസ്റ്റ് പ്രതിഷേധത്തിലേക്ക് നയിച്ചു. 18 വയസ്സിനും 24 വയസ്സിനും ഇടയിലുള്ള തുർക്കിയിലെ മൂന്നിലൊന്ന് പേർക്കും ജോലിയില്ലാത്തത് ഈ സാഹചര്യം കൂടുതൽ സങ്കീർണമാക്കി. ബിരുദം നേടിയവരിൽ പലര്‍ക്കും തൊഴിലുണ്ടായിരുന്നില്ല. എക്രം ഇമാമോഗ്ലുവിന്റെ ബാച്ചിലേഴ്സ് ബിരുദം റദ്ദാക്കുകയും അടുത്തദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡിസ്കോഡ് പോലുള്ള പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിരോധനവും ജെൻസിയെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു. ആയിരത്തിലധികം പേർ കസ്റ്റഡിയിലായി. എന്നാൽ തുർക്കിയിലെ യുവാക്കൾ പ്രസിഡന്റ് ഉർദുഗാന് ഒരു വെല്ലുവിളിയായി തുടർന്നു. 18 വയസ്സിനും 29 വയസ്സിനും ഇടയിൽ പ്രായമുള്ള വോട്ടർമാരിൽ പത്തിലൊന്ന് പേർ മാത്രമേ ഉർദുഗാന്റെ പാർട്ടിയെ പിന്തുണയ്ക്കുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫിലിപ്പീൻസ്

2025 സെപ്തംബറില്‍, കാലാവസ്ഥ വ്യതിയാനം പരിഹരിക്കുന്നതിനായി ചെലവഴിച്ച തുകയിലെ വൻതോതിലുള്ള അഴിമതി പ്രതിഷേധത്തിന് കാരണമായി. എന്നാൽ പ്രതിഷേധത്തിൽ വലിയ അക്രമണങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അഴിമതിയില്‍ അന്വേഷണത്തിന് ഉത്തരവിറക്കി. ഹൗസ് സ്പീക്കറുടെ രാജിയിലേക്ക് പ്രതിഷേധം നയിച്ചു. ഫിലിപ്പീൻസിലെ രാജവംശത്തോടും അഴിമതിയോടുമുള്ള ജെൻസിയുടെ പ്രതിഷേധമാണ് കണ്ടത്.

മൊറോക്കോ

2025 സെപ്തംബര്‍ 27ന് മൊറോക്കോയുടെ Gen Z 212 എന്ന കൂട്ടായ്മ ഒക്ടോബറിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അഴിമതി, സ്പോർട്സ് സ്റ്റേഡിയങ്ങൾക്കുള്ള അമിത ചെലവ്, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ ഡിസ്കോർഡ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങൾ പിന്നീട് തെരുവിലേക്ക് വ്യാപിക്കുകയായിരുന്നു. മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പ്രതിഷേധത്തിൽ പരിക്കേൽക്കുകയും ചെയ്തു

പെറു

ലാറ്റിനമേരിക്കയിലും ജെൻസി പ്രക്ഷോഭങ്ങൾ വ്യാപിച്ചിരുന്നു. സെപ്തംബറിലും ഒക്ടോബറിലും ശക്തമായ പ്രതിഷേധവുമായി ജെൻസികൾ പെറുവിന്റെ തെരുവിലിറങ്ങി. പെറുവിൻ പ്രസിഡന്റ് ജോസ് ജെറി, തലസ്ഥാന നഗരമായ ലിമിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊലപാതകങ്ങൾ, കവര്‍ച്ച, അക്രമങ്ങൾ എന്നിവ വർദ്ധിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. ആവർത്തിച്ചുള്ള അഴിമതി ആരോപണങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, ജനാധിപത്യ സ്ഥാപനങ്ങളുടെ ദുർബലത എന്നിവ ചോദ്യം ചെയ്താണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.

ഇവിടെയും സോഷ്യൽ മീഡിയ വഴിയുള്ള ക്യാമ്പയിനുകൾ, പ്രതിഷേധത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. മുൻകാല പ്രതിഷേധങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. ടിക്ടോക്ക്, ഇൻസ്റ്റഗ്രാം പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയായിരുന്നു ഏകോപനം. വീഡിയോകൾ ലൈവ് സ്ട്രീമുകൾ എന്നിവയും ഉപയോഗിച്ചു. മുൻകാല രാഷ്ട്രീയപ്രക്ഷോഭങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു നേതാവ് പോലും ഇല്ലാത്ത പ്രതിഷേധമായിരുന്നു ഇത്.

ടോഗോ

2025 ജൂൺ 6ന്, ടോഗോയിലെ യുവാക്കൾ പ്രസിഡന്റ് ഫൗർ ഗ്നാസിങ്‌ബെയുടെ ഭരണത്തിൽ അഴിമതിയും അടിച്ചമർത്തലും ആരോപ്പിച്ചാണ് തെരുവിലിറങ്ങിയത്. അച്ഛനിൽ നിന്ന് മകനിലേക്കുള്ള അധികാര കൈമാറ്റത്തെ പ്രതിഷേധക്കാർ എതിർത്തു. പുതിയ ഭരണഘടനക്കെതിരെ അവർ ഒന്നിച്ചു. വൈദ്യുതി മുടക്കം, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായ്മ, തൊഴിലില്ലായ്മ, എന്നിവയൊക്കെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പുതിയ ഭരണഘടനാ മാറ്റം ജെൻസിയെ കൂടുതല്‍ പ്രകോപിപ്പിച്ചു. കലാകാരന്മാർ ഉൾപ്പെടെ അറസ്റ്റിലായി. മരണങ്ങൾ സംഭവിച്ചു

അതേസമയം സെപ്തംബറില്‍ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ജെൻസി പ്രക്ഷോഭത്തിൻ്റെ സൂചനകൾ നൽകിയിരുന്നു. ബിജെപി ഓഫീസുകൾ കത്തിച്ചു. ലേയിൽ വിദ്യാർഥികൾ ഉൾപ്പെടെ പൊലീസുമായി ഏറ്റുമുട്ടി. കുറച്ചു വർഷങ്ങളായി തുടരുന്ന പ്രതിഷേധത്തിൻ്റെ ബാക്കിയായിരുന്നു ഇത്. പ്രതിഷേധം നയിച്ച സോനം വാങ്ചുക്ക് അറസ്റ്റിലായി. പ്രതിഷേധം വ്യാപിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിച്ചു.

2035ഓടു കൂടി ആഗോള ജനസംഖ്യയുടെ 16 ശതമാനവും ജെൻ ബീറ്റയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സാങ്കേതികവിദ്യ വളരെ സ്വാധീനം ചെലുത്തുന്ന യുഗത്തിൽ ജനിക്കുന്ന ഇവർ ലോകത്തെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം.

TAGS :

Next Story