Quantcast

ഗസ്സയിലെ വംശഹത്യ: ഫലസ്തീൻ ശബ്ദങ്ങളെ അടിച്ചമർത്തി പാശ്ചാത്യ മാധ്യമങ്ങൾ

പാശ്ചാത്യ മാധ്യമങ്ങൾ പക്ഷാപാതപരമായാണ് വാർത്തകൾ നൽകുന്നതെന്ന് സെന്റർ ഫോർ മീഡിയ മോണിറ്ററിങ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    7 March 2024 6:55 AM GMT

gaza media
X

ലണ്ടൻ: ഗസ്സയിലെ ആസൂത്രിത വംശഹത്യ പാശ്ചാത്യ മാധ്യമങ്ങൾ പക്ഷാപാതപരമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് സെന്റർ ഫോർ മീഡിയ മോണിറ്ററിങ് റിപ്പോർട്ട്. ‘മീഡിയ ബയാസ് ഗസ്സ 2023-24’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പല സംഭവങ്ങളും കെട്ടിച്ചമച്ചതാണെന്നും സ്ഥിരീകരിക്കാത്ത സംഭവങ്ങൾ വാർത്തകളായി വന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

‘ശിരഛേദം’, ‘കുഞ്ഞുങ്ങൾ’ എന്നീ പദങ്ങൾ ഒരുമിച്ച് വര​ുന്ന 361 ടി.വി ന്യൂസ് ക്ലിപ്പുകൾ തിരിച്ചറിഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ പകുതിയും രണ്ട് വലതുപക്ഷ ബ്രിട്ടീഷ് ചാനലുകളായ ടോക്ക് ടി.വി (27%), ജി.ബി ന്യൂസ് (20%) എന്നിവയിലാണ് വന്നത്. സ്കൈ ന്യൂസിൽ ഇത്തരത്തിലുള്ള 14 ശതമാനം വാർത്തകൾ വന്നു. 361 സംഭവങ്ങളിൽ 52 എണ്ണത്തിൽ മാത്രമാണ് ചോദ്യം ചെയ്യലുകളും അതിനെ ഖണ്ഡിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളും വന്നത്.

മിക്ക ടി.വി ചാനലുകളും ‘സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശം’ ശക്തമായി ഊന്നിപ്പറയുകയാണ്. ഇത്തരത്തിൽ അഞ്ച് വാർത്തകൾ നൽകുമ്പോൾ ഫലസ്തീനികളുടെ അവകാശത്തെക്കുറിച്ച് ഒരു വാർത്ത എന്ന നിലയിൽ മാത്രമാണ് വരുന്നത്.

ടി.വി റിപ്പോർട്ടുകളിൽ ഫലസ്തീനിനേക്കാൾ (1598) ഏകദേശം മൂന്നിരട്ടി (4311) ഇസ്രായേലി കാഴ്ചപ്പാടുകളാണ് കൂടുതലും പരാമർശിക്കുന്നത്. ഓൺലൈൻ വാർത്തകളിൽ ഈ വ്യത്യാസം ഏതാണ്ട് ഇരട്ടിയാണ്. 2983 വാർത്തകൾ ഇസ്രായേൽ അനുകൂലമായിരുന്നു. 1737 മാ​ത്രമാണ് ഫലസ്തീൻ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നത്.

ഏകദേശം 76 ശതമാനം ഓൺലൈൻ ലേഖനങ്ങളും സംഘർഷത്തെ ‘ഇസ്രായേൽ-ഹമാസ് യുദ്ധം’ ആയിട്ടാണ് കാണുന്നത്. 24 ശതമാനം മാത്രമാണ് ഫലസ്തീൻ എന്ന് പരാമർശിക്കുന്നത്. ഇത്തരം കാഴ്ചപ്പാടുകൾ യുദ്ധത്തെക്കുറിച്ചുള്ള സമഗ്രമായ ധാരണ നൽകുന്നതിൽ പരാജയപ്പെടുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഫലസ്തീനികളുടെ അവകാശത്തെ തെറ്റായി ചിത്രീകരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഫലസ്തീൻ അനുകൂല ശബ്ദങ്ങൾ പലപ്പോഴും മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു.

ബ്രിട്ടനിലെ വലതുപക്ഷ വാർത്താ ചാനലുകളും പ്രസിദ്ധീകരണങ്ങളും ഫലസ്തീൻ അനുകൂല പ്രക്ഷോഭകരെ തെറ്റായി ചിത്രീകരിക്കുകയാണ്. അവരെ ആൻ്റി സെമിറ്റിക്കായും അക്രമകാരികളായും ചിത്രീകരിക്കുന്നു. കൂടാതെ ഹമാസ് അനുകൂലികൾ എന്ന് മാത്രമാണ് വിശേഷിപ്പിക്കുന്നത്.

ഇസ്രായേൽ ജനതയുടെ കഷ്ടപ്പാടുകൾ ഉയർത്തിക്കാണിച്ചുകൊണ്ടുള്ള ഭാഷയാണ് കൂടുതലും മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. അതേസമയം, ഗസ്സയിലെ സാധാരണക്കാരുടെ മരണസംഖ്യ 30,000 പിന്നിട്ടിട്ടും അവരുടെ ദുരിതം കുറച്ചുകാണിക്കുകയാണ്. ഭാഷാ ഉപയോഗത്തിലെ ഈ അസന്തുലിതാവസ്ഥ ഫലസ്തീനികൾ നേരിടുന്ന വെല്ലുവിളികളെ പാർശ്വവത്കരിക്കുകയും പക്ഷാപാതപരമായ കാഴ്ചപ്പാടുകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇസ്രായേലി ആക്രമണവും ഇസ്‍ലാമോഫോബിയയും തമ്മിലെ ബന്ധത്തെക്കുറിച്ചും റിപ്പോർട്ട് പരിശോധിച്ചു. പ്രത്യേകിച്ച് ഇസ്ലാമോഫോബിക് വിദ്വേഷ കുറ്റകൃത്യങ്ങൾ ഒക്ടോബർ ഏഴ് മുതൽ 335 ശതമാനം വർധിച്ചിട്ടുണ്ട്.

നിരവധി മാധ്യമ പ്രവർത്തകർ മുസ്ലിം വിശ്വാസങ്ങളെയും സ്വത്വത്തെയും കുറിച്ച് മുസ്‍ലിം വിരുദ്ധ മനോഭാവത്തോടെയാണ് സമീപിച്ചത്. മുസ്‌ലിംകളും ജൂതന്മാരും തമ്മിലെ ഏറ്റുമുട്ടലായിട്ടാണ് പലരും യുദ്ധത്തെ രേഖപ്പെടുത്തുന്നത്. ഇസ്രായേലിനോടുള്ള മുസ്ലികളുടെ എതിർപ്പിനെ യഹൂദ വിരുദ്ധതയായി ചിത്രീകരിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രധാനമായും ഫലസ്തീനികളെ എല്ലാ ജനങ്ങൾക്കുമുള്ളതുപോലെ, നിഷേധിക്കാനാവാത്ത അവകാശങ്ങളുള്ള മനുഷ്യരായി കണക്കാക്കണമെന്ന് റിപ്പോർട്ടിലെ പ്രധാന എഴുത്തുകാരൻ ഫൈസൽ ഹനീഫ് ചൂണ്ടിക്കാട്ടി.

സംഘർഷത്തിന്റെ സങ്കീർണതകൾ റിപ്പോർട്ട് ചെയ്യുമ്പോൾ എല്ലാ ശബ്ദങ്ങളും കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സെൻ്റർ ഫോർ മീഡിയ മോണിറ്ററിങ് ഡയറക്ടർ റിസ്വാന ഹമീദ് വ്യക്തമാക്കി. നീതി, കൃത്യത, ഉൾക്കൊള്ളൽ എന്നിവയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാ കാഴ്ചപ്പാടുകളും പ്രതിനിധീകരിക്കുകയും വേണമെന്നും അവർ കൂട്ടിച്ചേർത്തു.

തെറ്റായ വാർത്തകളിൽ പലതും മുൻവിധിയേക്കാൾ കൂടുതൽ അജ്ഞതയിൽനിന്നാണ് വരുന്നതെന്ന് റിപ്പോർട്ടിന് മുഖവുര എഴുതിയ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പീറ്റർ ഒബോൺ വ്യക്തമാക്കി. മുഖ്യധാരാ ഇസ്രായേലി പത്രപ്രവർത്തകർ ഗസ്സയിലെ യുദ്ധത്തെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമപ്രവർത്തകരേക്കൾ സത്യസന്ധത പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു.

13ലധികം ചാനലുകളിൽനിന്നുള്ള 176,627 ടെലിവിഷൻ ക്ലിപ്പുകളും 28ലധികം യു.കെ ഓൺലൈൻ മീഡിയ വെബ്‌സൈറ്റുകളിൽ നിന്നുള്ള 25,515 വാർത്താ ലേഖനങ്ങളും വിശകലനം ചെയ്താണ് സെൻ്റർ ഫോർ മീഡിയ മോണിറ്ററിംഗിലെ ഗവേഷകർ റിപ്പോർട്ട് തയാറാക്കിയത്. സംഭവങ്ങളുടെ രൂപീകരണം, ഭാഷാ വിനിയോഗം, മുഖ്യധാരാ മാധ്യമങ്ങളിലെ ഫലസ്തീനികളുടെ പ്രതിനിധാനം എന്നിവയാണ് പ്രധാനമായും വിശകലനം ചെയ്തത്. ബ്രിട്ടൻ ആസ്ഥാനമായുള്ള സംഘടനയാണിത്. മാധ്യമങ്ങളിലെ തെറ്റായ പ്രവണതകളെ ചൂണ്ടിക്കാട്ടുന്നതിനൊപ്പം ശരിയായ രീതികൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.

TAGS :

Next Story