Quantcast

ഇരട്ടകളെ അച്ഛൻ വിറ്റു, പരസ്‌പരമറിയാതെ ഒരേ നഗരത്തിൽ താമസം; ഒന്നിപ്പിച്ചത് ടിക്‌ടോക്

ഒരേ നഗരത്തിന്റെ രണ്ടറ്റത്ത് തനിക്കൊരു സഹോദരിയുണ്ടെന്ന് പോലുമറിയാതെ 19 വർഷമാണ് ഇരുവരും ജീവിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-01-26 15:51:13.0

Published:

26 Jan 2024 3:30 PM GMT

twins reunited
X

1997ൽ ഇറങ്ങിയ ജയറാം നായകനായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമ കാണാത്തവർ ചുരുക്കമായിരിക്കും. ഒരു ദമ്പതികൾക്ക് തനിക്ക് ജനിച്ച ഇരട്ടക്കുട്ടികളിൽ ഒരു കുഞ്ഞിനെ ദത്തുനൽകുന്നതാണ് സിനിമയുടെ ഉള്ളടക്കം. ഇങ്ങനെയൊക്കെ ജീവിതത്തിൽ സംഭവിക്കുമോ? ഇല്ല എന്നാണ് തോന്നുന്നതെങ്കിൽ ജോർജിയയിൽ നടന്നത് സിനിമയെ വെല്ലുന്ന ഒരു സംഭവമാണ്. ഒരേ നഗരത്തിൽ വളർന്നിട്ടും പരസ്പരം കാണാതെ വർഷങ്ങളോളമാണ് ഇരട്ട സഹോദരിമാർ കഴിഞ്ഞത്. ഒടുവിൽ ഒന്നിച്ചതോ ടിക്‌ടോക്ക് വഴിയും.

ജനനസമയത്ത് വേർപിരിഞ്ഞ ഇരട്ടക്കുട്ടികളായ ആമി ഖ്വിറ്റിയയുടെയും അനോ സർതാനിയയുടെയും കഥയാണിത്. അല്ല, യാഥാർഥ്യം. ബിബിസി പുറത്തുവിട്ട ഇരട്ട സഹോദരിമാരുടെ കഥ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഒരേ നഗരത്തിന്റെ രണ്ടറ്റത്ത് തനിക്കൊരു സഹോദരിയുണ്ടെന്ന് പോലുമറിയാതെ 19 വർഷമാണ് ഇരുവരും ജീവിച്ചത്. പരസ്പരം കണ്ടെത്തിയതോ ഒരു വൈറൽ ടിക്‌ടോക്കിലൂടെയും ടിവി റിയാലിറ്റി ഷോയിലൂടെയും.

12 വയസുകാരി ആമി 'ജോർജിയാസ് ഗോട്ട് ടാലൻ്റ്' എന്ന തന്റെ പ്രിയപ്പെട്ട ടിവി ഷോ കണ്ടുകൊണ്ടിരിക്കുകയാണ്. അതിമനോഹരമായി നൃത്തം ചെയ്യുന്ന അവളുടെ പ്രായമുള്ള പെൺകുട്ടിക്ക് തന്റെ അതേ മുഖസാദൃശ്യം, അതേ രൂപം. എന്നിട്ടും, അത് തന്റെ നഷ്ട്ടപ്പെട്ട് പോയ സഹോദരിയാണെന്ന് മനസിലാക്കാൻ അവൾക്ക് സാധിച്ചിരുന്നില്ല. 'ആമി എന്താണ് വേറെ പേരിൽ ഡാൻസ് ചെയ്യുന്നത്' എന്ന ചോദ്യവുമായി ചിലർ അവളുടെ വളർത്തമ്മയെ സമീപിച്ചെങ്കിലും അവർ ഒഴിഞ്ഞുമാറി. ആമി ഇതിനെ കുറിച്ച് ചോദിച്ചെങ്കിലും അവർ ഒഴിഞ്ഞുമാറുകയാണുണ്ടായത്. അന്നുതൊട്ട് തന്റെ ജീവിതത്തിൽ എന്തോ ഒന്ന് ശരിയല്ലെന്ന് തോന്നിയിരുന്നെന്ന് ആമി പറയുന്നു.

ഏഴ് വർഷങ്ങൾക്ക് ശേഷം അനോയ്ക്ക് ആകട്ടെ തന്റെ പോലെ നീല മുടിയുള്ള ഒരു പെൺകുട്ടിയുടെ ടിക്‌ടോക്ക് വീഡിയോയാണ് ലഭിച്ചത്. അനോയുടെ അതേമുഖസാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടു അമ്പരന്ന സുഹൃത്തുക്കൾ അനോയ്ക്ക് വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു. ഞെട്ടിയ അനോ തന്റെ യൂണിവേഴ്സിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ പങ്കിട്ടു. തുടർന്ന് ആമിയെ അറിയാവുന്ന ഒരാൾ അവരെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തുകയായിരുന്നു. റിയാലിറ്റി ഷോയിൽ വർഷങ്ങൾക്ക് മുമ്പ് താൻ കണ്ട പെൺകുട്ടിയാണ് അനോയെന്ന് ആമിക്ക് മനസിലാക്കാൻ അധികം താമസമുണ്ടായിരുന്നില്ല.

ഒടുവിൽ പരസ്പരം കണ്ടുമുട്ടി. കണ്ണാടിയിൽ നോക്കുന്ന പോലെ എന്നാണ് ആ അനുഭവം ഇരുവരും പറയുന്നത്. രണ്ടുപേരും തങ്ങളുടെ കുടുംബങ്ങളോട് സത്യം തിരക്കി. 2002-ൽ ഏതാനും ആഴ്‌ചകളുടെ വ്യത്യാസത്തിലാണ് അവരെ ദത്തെടുത്തതെന്ന് കുടുംബം വെളിപ്പെടുത്തി. ഇതോടെ വർഷങ്ങളായി ആമിയുടെയും അനോയുടെയും മനസ്സിലുണ്ടായിരുന്ന സംശയങ്ങൾക്ക് വിരാമമാവുകയായിരുന്നു.

2002ൽ ആണ് ജോർജിയ സ്വദേശി അസ ഷോണി ഇരട്ടക്കുട്ടികളായ ആമിക്കും അനോയ്ക്കും ജന്മം നൽകുന്നത്. പ്രസവത്തിലെ സങ്കീർണതകൾ കാരണം അസ ഷോണി കോമയിലായി. കുട്ടികളെ ഒറ്റക്ക് നോക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനാകാതെ ഭർത്താവ് ഗോച്ച ഗഖാരിയ കുഞ്ഞുങ്ങളെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടുകുട്ടികളെയും വളർത്താനുള്ള സാഹചര്യവും അവർക്ക് ഉണ്ടായിരുന്നില്ല. തുടർന്ന്, രണ്ടു ദമ്പതികൾക്ക് കുട്ടികളെ കൈമാറി.

തിബിലിസിയിലെ ഒരു കുടുംബമാണ് അനോയെ ഏറ്റെടുത്തത്. ആമി വളർന്നത് സുഗ്ദിദിയിലാണ്. രണ്ടുനഗരങ്ങളും തമ്മിൽ അത്രയധികം ദൂരം ഉണ്ടായിരുന്നില്ല. ഒടുവിൽ 2022ലാണ് ഇരുവരും സോഷ്യൽ മീഡിയ വഴി ഒന്നിച്ചത്. അന്ന് 19 വയസായിരുന്നു സഹോദരിമാർക്ക്. വർഷങ്ങൾക്ക് ശേഷം കൂടപ്പിറപ്പിനെ തിരികെകിട്ടിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. സഹോദരിമാരുടെ കഥ സോഷ്യൽ മീഡിയയിലും ഈറനണിയിക്കുകയാണ്.

ബിബിസി റിപ്പോർട് ചെയ്ത ആമിയുടെയും അനോയുടെയും കഥ വിരൽ ചൂണ്ടുന്നത് ജോർജിയയെ അലട്ടുന്ന ഒരു വലിയ പ്രശ്നത്തിലേക്കാണ്. പതിറ്റാണ്ടുകളായി ജോർജിയയിലെ ആശുപത്രികളിൽ നിന്ന് മോഷ്ടിക്കപ്പെട്ട് വിറ്റ കുഞ്ഞുങ്ങളുടെ ഭയാനകമായ എണ്ണവും ഇതിലൂടെ വെളിപ്പെടുന്നു.

TAGS :

Next Story