Quantcast

'ആയുധം തരാം, റഷ്യയെ ആക്രമിക്കാൻ കഴിയുമോ?' സെലൻസ്‌കിയോട് ട്രംപ് ചോദിച്ചെന്ന് റിപ്പോര്‍ട്ട്

ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് റഷ്യയെ അമേരിക്ക ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്

MediaOne Logo

Web Desk

  • Published:

    15 July 2025 7:00 PM IST

ആയുധം തരാം, റഷ്യയെ ആക്രമിക്കാൻ കഴിയുമോ? സെലൻസ്‌കിയോട് ട്രംപ് ചോദിച്ചെന്ന് റിപ്പോര്‍ട്ട്
X

വാഷിങ്ടണ്‍: കൂടുതല്‍ ആയുധങ്ങള്‍ തന്നാല്‍ റഷ്യയെ ആക്രമിക്കാന്‍ കഴിയുമോ എന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്കിയോട് യുഎസ് പ്രസിഡന്റ് ട്രംപ് ചോദിച്ചതായി റിപ്പോര്‍ട്ട്. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് റഷ്യയെ അമേരിക്ക ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

റഷ്യക്കാര്‍ക്കൊരു യുക്രൈന്‍ വക 'യുദ്ധ വേദന' നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിലൂടെ അവരെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും സെലന്‍സ്കിയോട് ട്രംപ് പറഞ്ഞതായാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ നാലിന് സെലന്‍സ്കിയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുടിനുമായുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞതിന് ശേഷമാണ് സെലന്‍സ്കിയെ ട്രംപ് വിളിക്കുന്നത്. പുടിനുമായുള്ള സംഭാഷണത്തില്‍ ട്രംപ് നിരാശനായിരുന്നു.

വ്ളോദിമര്‍ , താങ്കള്‍ക്ക് മോസ്കോയെ ലക്ഷ്യമിടാനാവുമോ, സെന്റ് പീറ്റേഴ്സ്ബര്‍ഗിനെ ലക്ഷ്യമിടാനാകുമോ എന്നാണ് ട്രംപ് ചോദിക്കുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കിയാല്‍ തീര്‍ച്ചയായും അതിന് സാധിക്കുമെന്നാണ് സെലന്‍സ്കിയുടെ മറുപടി. ഇതിന് പിന്നാലെ ദീര്‍ഘദൂര മിസൈലുകളുടെ അടക്കം ലിസ്റ്റ് യുഎസില്‍ നിന്ന് യുക്രൈന് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ടുകളോട് വൈറ്റ് ഹൗസോ, യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെയുള്ള നാറ്റോ സഖ്യത്തിലെ അംഗങ്ങൾ വഴി യുക്രൈന് ആയുധങ്ങൾ നല്‍കാനുള്ള പദ്ധതികൾ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നത്. റഷ്യയുടെ കാര്യത്തിൽ താൻ നിരാശനാണെന്ന് അടുത്തിടെയും ട്രംപ് വ്യക്തമാക്കിയിരുന്നു. ഉപരോധമടക്കമുള്ള 'ആയുധങ്ങൾ' പുറത്തെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ട്.

TAGS :

Next Story