ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തകർക്ക് കണ്ണീരോടെ വിട നൽകി ഫലസ്തീൻ ജനത
വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്ആവശ്യപ്പെട്ടു

തെൽ അവിവ്: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറയുടെ അഞ്ച് മാധ്യമപ്രവർത്തകർക്ക് കണ്ണീരോടെ വിട നൽകി ഫലസ്തീൻ ജനത. കൊലക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്ആവശ്യപ്പെട്ടു. ഇസ്രായേലുമായുള്ള നിക്ഷേപ ബന്ധം പുനഃപരിശോധിക്കുമെന്ന് നോർവെ അറിയിച്ചു. ഗസ്സ കീഴ്പ്പെടുത്താനുള്ള ഇസ്രായേൽ പദ്ധതി ചെറുക്കാൻ യൂറോപ്യൻ യൂണിയൻ തയാറാകണമെന്ന് സ്പെയിൻ ആവശ്യപ്പെട്ടു. അതിനിടെ, ഭക്ഷണം കാത്തുനിന്നവരുൾപ്പെടെ 48 പേർ കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് ഗസ്സ സിറ്റിയിൽ കൊല്ലപ്പെട്ട അൽ ജസീറയുടെ അഞ്ച് മാധ്യമപ്രവർത്തകരുടെ മൃതദേഹം സംസ്കരിച്ചു. ഭീഷണി വകവെക്കാതെ ഇസ്രായേൽ ക്രൂരത നിരന്തരമായി ലോകത്തിനു മുമ്പാകെ അവതരിപ്പിച്ച മാധ്യമ പോരാളികൾക്ക് ഗസ്സ ജനത കണ്ണീരോടെ വിട നൽകി. അൽ ജസീറ അറബിക് കറസ്പോണ്ടന്‍റ് അനസ് അൽ ഷരീഫ്, കറസ്പോണ്ടന്‍റ് മുഹമ്മദ് റെയ്ഖ്, ക്യാമറ ഓപറേറ്റർമായ ഇബ്രാഹിം സഹീർ, മുഹമ്മദ് നൗഫൽ, മോഅമീൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്. ആസൂത്രിതമായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞു. ഗസ്സയിൽ നൂറുകണക്കിന് മാധ്യമപ്രവർത്തകരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനു പിന്നിലെ ഇസ്രായേൽ ലക്ഷ്യം വ്യക്തമാണെന്ന് യു.എൻ മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി.
ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. ലോകരാജ്യങ്ങൾ ഇസ്രായേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഗോള മാധ്യമ കൂട്ടായ്മകൾ ആവശ്യപ്പെട്ടു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ കുരുതി ഇന്നലെയും തുടർന്നു. ഭക്ഷണത്തിന് കാത്തുനിന്ന 6 പേരുൾപ്പെടെ 48പേരെ ഇസ്രായേൽ കൊന്നുതള്ളി. കഴിഞ്ഞ ആറ് മാസത്തിനിടെ, ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 2500 പേർ ചികിൽസ ലഭിക്കാതെ മരണപ്പെട്ടതായി ഗസ്സ സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ഇസ്രായേൽ ഏർപ്പെടുത്തിയ വിലക്കാണ് ഇവരുടെ മരണത്തിന് വഴിയൊരുക്കിയത്.
ഇസ്രായേലുമായുള്ള നിക്ഷേപ ബന്ധം പുനഃപരിശോധിക്കുമെന്ന് നോർവെ മുന്നറിയിപ്പ് നൽകി. ഗസ്സയെ സൈനികമായി കീഴ്പ്പെടുത്തുന്ന ഇസ്രായേൽ പദ്ധതി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്നും സയണിസ്റ്റ് രാജ്യത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ ഇയു രാജ്യങ്ങൾ തയാറാകണമെന്നും സ്പെയിൻ ആവശ്യപ്പെട്ടു.
Adjust Story Font
16

