'ഗുഡ് നൈറ്റ് ആൻഡ് ഹാപ്പി ന്യു ഇയർ'; ന്യുയോർക്കിൽ എത്തിച്ച മദൂറോയുടെ പ്രതികരണം ഇങ്ങനെ
കൈവിലങ്ങണിയിച്ച്, കറുത്ത ഹൂഡി ധരിച്ച നിലയിലായിലാണ് ദൃശ്യങ്ങളിൽ മദൂറോ ഉള്ളത്

- Published:
4 Jan 2026 1:49 PM IST

ന്യുയോർക്ക്: അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ ആസ്ഥാനത്ത് എത്തിച്ച വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറയുടെ ആദ്യ പ്രതികരണം ഇങ്ങനെ- 'ഗുഡ് നൈറ്റ് ആൻഡ് ഹാപ്പി ന്യു ഇയർ'. അകമ്പടി സേവിച്ച ഉദ്യോഗസ്ഥരോടാണ് മദൂറോ ശുഭരാത്രിയും പുതുവത്സരാശംസയും നേർന്നത്.
കൈവിലങ്ങണിയിച്ച്, കറുത്ത ഹൂഡി ധരിച്ച നിലയിലായിലാണ് ദൃശ്യങ്ങളിൽ മദൂറോ ഉള്ളത്. തന്നെ അകമ്പടി സേവിച്ച ഉദ്യോഗസ്ഥരോട് 'ഗുഡ് നൈറ്റ്', 'ഹാപ്പി ന്യൂ ഇയർ' എന്ന് മദൂറോ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കേൾക്കാം. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്കാണ് ഇദ്ദേഹത്തെ പിന്നീട് മാറ്റിയത്. മയക്കുമരുന്ന് കടത്ത്, അമേരിക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ എത്തിക്കൽ, അനധികൃത ആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മദൂറോയ്ക്കും ഭാര്യയ്ക്കുമെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെനസ്വേല പ്രസിഡന്റായ നിക്കോളാസ് മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയത്. വെനസ്വേല തലസ്ഥാനമായ കാരക്കാസിൽ അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്‌സ് നടത്തിയ അപ്രതീക്ഷിത മിന്നൽ നീക്കത്തിലൂടെയാണ് മദൂറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടിയത്. നിലവിൽ ന്യൂയോർക്കിലെ അതീവ സുരക്ഷാ ജയിലിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്.
കാരക്കാസിലെ 'ഫോർട്ട് ടിയൂണ' സൈനിക ക്യാമ്പിൽ മദൂറോയും ഭാര്യയും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അമേരിക്കയുടെ ആക്രമണം. അമേരിക്കയുടെ എലൈറ്റ് കമാൻഡോ വിഭാഗമായ 'ഡെൽറ്റ ഫോഴ്‌സ്' ആണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. 30 മിനുട്ടിലെ ദൗത്യത്തിലൂടെയാണ് മഡൂറോയെ കസ്റ്റഡിയിലെടുത്തതെന്ന് അമേരിക്ക അവകാശപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് മുതൽ മദൂറോയുടെ ഓരോ ചലനവും അമേരിക്കൻ ഏജന്റുകൾ നിരീക്ഷിച്ചുവരികയായിരുന്നു. മദൂറോ താമസിക്കുന്ന വീടിന്റെ മാതൃകയുണ്ടാക്കി അമേരിക്കൻ സൈന്യം മാസങ്ങളോളം പരിശീലനം നടത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
Adjust Story Font
16
