Quantcast

തുർക്കിക്ക് ആദ്യ വനിതാ സെൻട്രൽ ബാങ്ക് ഗവർണർ; സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ ദൗത്യവുമായി ഹഫീസ് എർകാൻ

സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപബ്ലിക് ബാങ്കിന്റെ മുൻ സഹ സി.ഇ.ഒയും ഗോൾഡ്മാൻ സാച്ച്‌സിൽ മാനേജിങ് ഡയരക്ടറുമായിരുന്നു ഹഫീസ് ഗയെ എർകാൻ

MediaOne Logo

Web Desk

  • Published:

    9 Jun 2023 9:55 AM GMT

തുർക്കിക്ക് ആദ്യ വനിതാ സെൻട്രൽ ബാങ്ക് ഗവർണർ; സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ ദൗത്യവുമായി ഹഫീസ് എർകാൻ
X

അങ്കാറ: തുർക്കി ചരിത്രത്തിൽ ആദ്യമായി വനിതാ സെൻട്രൽ ബാങ്ക് ഗവർണർ. സാമ്പത്തിക വിദഗ്ധയായ ഹഫീസ് ഗയെ എർകാൻ ആണ് പുതിയ ഗവർണർ ആയി നിയമിതയായത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് പ്രഖ്യാപനം നടത്തിയത്.

സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപബ്ലിക് ബാങ്കിന്റെ മുൻ സഹ സി.ഇ.ഒയും ഗോൾഡ്മാൻ സാച്ച്‌സിൽ മാനേജിങ് ഡയരക്ടറുമായിരുന്നു ഹഫീസ് ഗയെ എർകാൻ. സഹപ് കവ്‌സിയോഗ്ലുവായിരുന്നു ഇതുവരെ തുർക്കി സെൻട്രൽ ബാങ്ക് ഗവർണർ. പണപ്പെരുപ്പം തടയാനായി പലിശനിരക്ക് കുറയ്ക്കുകയായിരുന്നു സഹപ് ചെയ്തത്. വിദേശരാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ കൈക്കൊണ്ട നയത്തിൽനിന്നു വ്യത്യസ്തമായിരുന്നു ഇത്. എന്നാൽ, തുർക്കി സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഘട്ടത്തിൽ കൂടുതൽ സാമ്പ്രദായിക സാമ്പത്തിക നയങ്ങളിലേക്ക് പുതിയ ഉർദുഗാൻ ഭരണകൂടം നീങ്ങുന്നതിന്റെ സൂചനയായാണ് ഇപ്പോൾ എർകാനിന്റെ നിയമനത്തെ വിലയിരുത്തപ്പെടുന്നത്.

തുർക്കി പ്രസിഡന്റായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഉർദുഗാൻ പുതിയ സെൻട്രൽ ബാങ്ക് ഗവർണറെ പ്രഖ്യാപിച്ചത്. യു.എസ് നിക്ഷേപക കമ്പനിയായ മെറിൽ ലിഞ്ചിലെ സാമ്പത്തിക വിദഗ്ധനായിരുന്ന മെഹ്മെത് സിംസെകിനെ പുതിയ ധനമന്ത്രിയായും തിരഞ്ഞെടുത്തിട്ടുണ്ട്. പണപ്പെരുപ്പം തടയാനായി മുൻ ഉർദുഗാൻ സർക്കാരുകൾ സ്വീകരിച്ചിരുന്ന സാമ്പ്രദായികമല്ലാത്ത സാമ്പത്തിക നയങ്ങളുടെ വിമർശകനായിരുന്നു സിംസെക്.

ഇസ്താംബൂളിലെ ബൊഗാസിച്ചി സർവകലാശാലയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ഹഫീസ് എർഗാൻ യു.എസിലെ പ്രിൻസ്റ്റൻ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. ഫിനാൻഷ്യൽ എൻജിനീയറിങ്ങിലായിരുന്നു ഗവേഷണം.

Summary: Turkey names Hafize Gaye Erkan as the first woman Central Bank governor in major economic overhaul

TAGS :

Next Story