ഇറാന്റെ തിരിച്ചടി: ഏറ്റവും വലിയ റിഫൈനറി അടച്ച് ഇസ്രായേൽ
പ്രശ്നങ്ങൾ പരിഹരിക്കും വരെ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയിലാണ് ഹൈഫയിലെ പ്ലാന്റിൽ ഇറാൻ മിസൈൽ പതിച്ചത്.

തെല്‍ അവിവ്: ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി അടച്ച് ഇസ്രായേൽ. പ്രശ്നങ്ങൾ പരിഹരിക്കും വരെ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയിലാണ് ഹൈഫയിലെ പ്ലാന്റിൽ ഇറാൻ മിസൈൽ പതിച്ചത്.
പവർ സ്റ്റേഷനിൽ വൻനാശം സൃഷ്ടിച്ചതായാണ് വിലയിരുത്തൽ. എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കൽസ് കമ്പനി നിലവിൽ നാശനഷ്ടങ്ങളുടെ പൂർണ്ണ വ്യാപ്തി വിലയിരുത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയുള്ള റിഫൈനറിയുടെ നടത്തിപ്പുകാരായ ബസാൻ ഗ്രൂപ്പിന്റെ പ്രസ്താവനയും പുറത്തുവന്നു. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് ഹൈഫയിലെ പ്ലാന്റിന് നേരെ ആക്രമണം നടക്കുന്നത്.
ഇസ്രായേൽ നഗരങ്ങളെ വിറപ്പിച്ച് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം നടക്കുകയാണ്. ട്രൂ പ്രോമിസ് എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായി ഇത് ഒമ്പതാം തവണയാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണം. പലഘട്ടമായി ആക്രമണം തുടരുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി. എന്നാല്‍ ഇറാന്റെ മിസൈലുകൾ തടഞ്ഞതായി ഇസ്രയേൽ അറിയിച്ചു.
ഇതിനിടെ ഇസ്രായേലിൽ നിന്ന് നൂറുകണക്കിന് പേർ പലായനം ചെയ്യുന്നുതായി റിപ്പോര്‍ട്ടുകളുണ്ട്. യോട്ടുകളിൽ സൈപ്രസിലേക്കാണ് ആളുകൾ നീങ്ങുന്നത്. വിദേശികളും സ്വദേശികളും ഇതിലുണ്ടെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ പറയുന്നത്.
Adjust Story Font
16

