മുഹമ്മദ് സിൻവാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്
ഒക്ടോബർ 7-ന് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു മുഹമ്മദ് സിൻവാർ

ഗസ്സ സിറ്റി: യഹ്‌യ സിൻവാറിന്റെ സഹോദരനും ഫലസ്തീൻ പോരാളിയുമായ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു മുഹമ്മദ് സിൻവാർ. 'രക്തസാക്ഷികൾ' എന്ന് വിശേഷിപ്പിച്ചുള്ള ഇസ്മായിൽ ഹനിയ്യ, യഹ്‌യ സിൻവാർ, മുഹമ്മദ് ദൈഫ് അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങളോടൊപ്പം മുഹമ്മദ് സിൻവാറിന്റെയും ചിത്രം പുറത്തുവിട്ടു.
യഹ്‌യ സിൻവാറിന്റെ മരണശേഷം മുഹമ്മദ് സിൻവാർ ഹമാസിന്റെ ചുമതല ഏറ്റെടുത്തു. മുഹമ്മദ് സിൻവാറിന്റെ മരണത്തോടെ വടക്കൻ ഗസ്സയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇസ്സുദ്ധീൻ ഹദ്ദാദ് ഹമാസിന്റെ സായുധ വിഭാഗത്തിന്റെ ചുമതലയേൽക്കും. 2021 മേയിൽ ഇസ്രായേൽ മുഹമ്മദ് സിൻവാറിനെ വധിക്കാൻ ആറ് തവണ ശ്രമിച്ചിരുന്നെങ്കിലും എല്ലാം പരാജയപെട്ടു. 2014-ൽ സിൻവാർ മരിച്ചുവെന്ന് വാർത്ത പ്രചരിച്ചിരുന്നെങ്കിലും പിന്നീട് ആ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തി. ഇസ്രായേലി ഇന്റലിജൻസ് പ്രകാരം, ഒക്ടോബർ 7-ന് ശേഷം മുഹമ്മദ് സിൻവാർ എവിടെയാണെന്ന് വിവരങ്ങൾ നൽകുന്നവർക്ക് ഇസ്രായേൽ 300,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഹമാസിന്റെ സായുധ വിഭാഗത്തിന്റെ തലവൻ എന്ന നിലയിൽ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിലും സിൻവാറിന്റെ വാക്ക് അന്തിമമായിരിന്നു. അദ്ദേഹത്തിന്റെ മരണം ഒരു വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കയുടെയും അറബ് രാജ്യങ്ങളുടെയും ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കും. എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതുവരെയും ഹമാസിനെ പരാജയപ്പെടുത്തുകയോ നിരായുധീകരിക്കുകയോ ചെയ്ത് നാടുകടത്തുകയോ ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്ന നിലപാടിലാണ് ഇപ്പോഴും ഇസ്രായേൽ.
Adjust Story Font
16

