അമേരിക്കൻ ബന്ദിയേയും നാല് ബന്ദികളുടെ മൃതദേഹവും കൈമാറുമെന്ന് ഹമാസ്
ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഖത്തറിൽ ചർച്ച തുടരുന്നതിനിടെയാണ് ഹമാസ് പ്രഖ്യാപനം

ഗസ്സസിറ്റി: യുഎസ് ബന്ദിയെ കൈമാറുമെന്ന് അറിയിച്ച് ഹമാസ്. അമേരിക്കയുമായി ചർച്ചയെ തുടർന്നാണ് തീരുമാനം.
അമേരിക്കൻ-ഇസ്രായേലി ബന്ദിയായ ഈഡൻ അലക്സാണ്ടർ എന്ന സൈനികന്റെയും നാല് ബന്ദികളുടെ മൃതദേഹവും വിട്ടുനൽകുമെന്നാണ് ഹമാസ് അറിയിച്ചത്. ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഖത്തറിൽ ചർച്ച തുടരുന്നതിനിടെയാണ് ഹമാസ് പ്രഖ്യാപനം. എന്നാല്‍ എപ്പോഴാണ് കൈമാറുകയെന്ന് ഹമാസ് വ്യക്തമാക്കിയിട്ടില്ല.
ഹമാസുമായി നേരിട്ട് ചർച്ചയില്ലെന്ന പരമ്പരാഗത നിലപാട് അമേരിക്ക ഉപേക്ഷിച്ചത് ഇസ്രായേലിന്‍റെ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.
ഇതിനിടെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രായേൽ-ഹമാസ് ഭിന്നത തീർക്കാൻ പുതിയ നിർദേശം സമർപ്പിച്ചതായി യുഎസ് പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞു. നിലവിലെ വെടിനിർത്തൽ ഒന്നോ രണ്ടോ മാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയും തുടർന്ന് ശാശ്വത സമാധാന ചർച്ചയുമാണ് യുഎസ് നിർദേശമെന്നാണ് സൂചന. ഹമാസ് നിലപാടുകൾ തികച്ചും അപ്രായോഗികമാണെന്നും സ്റ്റിവ് വിറ്റ്കോഫ് കുറ്റപ്പെടുത്തി.
അതേസമയം ഗസ്സയിൽ ഭക്ഷ്യ, കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ആയിരങ്ങൾ മരണമുഖത്താണെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഗസ്സ യുദ്ധത്തിൽ ഇസ്രായേൽ സേന ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടി യു.എൻ മനുഷ്യാവകാശ കൗൺസിൽ റിപ്പോർട്ട് പുറത്തിറക്കി.
Adjust Story Font
16

