Quantcast

യു.എസ്, ബ്രിട്ടൻ താക്കീത് തള്ളി ഹൂത്തികൾ; ഇതുവരെ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനായില്ലെന്ന്​ ഇസ്രായേൽ ​സൈനിക വക്താവ്

സയണിസ്റ്റ്​ രാജ്യത്തിന്റെ കപ്പൽ സേവകരായി ആരു വന്നാലും ആക്രമണം നടത്തുമെന്നും ഹൂത്തികൾ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2024-01-11 01:22:51.0

Published:

11 Jan 2024 1:21 AM GMT

Hamass infrastructure not been destroyed yet Says Israeli military spokesman
X

ചെങ്കടലിൽ ഇസ്രായേൽ കപ്പലുകളുടെ സേവനത്തിനായി രംഗത്തിറങ്ങുന്ന രാജ്യങ്ങൾക്ക്​ മുന്നറിയിപ്പുമായി ഹൂത്തികൾ. ഇതിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന അമേരിക്കയുടെയും ബ്രിട്ടന്റേയും താക്കീത്​ ഹൂത്തികൾ തള്ളി. അമേരിക്കൻ യുദ്ധക്കപ്പലിനു നേർക്ക്​ ഇന്നലെ ആക്രമണം നടത്തിയ ഹൂത്തികൾക്ക്​ പെന്റഗണും ബ്രിട്ടീഷ്​ പ്രതിരോധ മന്ത്രാലയവും കടുത്ത മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ ഗസ്സയിൽ ആക്രമണം തുടരുന്നിടത്തോളം ചെങ്കടൽ വഴി ഇസ്രായേൽ കപ്പലുകൾ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് ഹൂത്തികളുടെ നിലപാട്.

സയണിസ്റ്റ്​ രാജ്യത്തിന്റെ കപ്പൽ സേവകരായി ആരു വന്നാലും ആക്രമണം നടത്തുമെന്നും ഹൂത്തികൾ വ്യക്തമാക്കി. ഇസ്രായേൽ അല്ലാത്ത മറ്റൊരു രാജ്യത്തിന്റെ കപ്പലുകൾക്കും ചെങ്കടലിൽ ആക്രമണം ഉണ്ടാകില്ല. ഇക്കാര്യം മറച്ചുപിടിച്ച്​ അമേരിക്ക നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്നും ഹൂത്തികൾ പറഞ്ഞു.

ആക്രമണം 97ാം ദിവസത്തിലെത്തിയിട്ടും ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനായില്ലെന്ന്​ ഇസ്രായേൽ ​സൈനിക വക്താവ്​ സ്ഥിരീകരിച്ചു. എല്ലാ സൈനിക നടപടിയും ഉപയോഗിച്ച്​ അതിനാണ്​ ശ്രമം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗസ്സയിലെ എല്ലാ ഭാഗങ്ങളിലും ആക്രമണം നടത്താതെ ഹമാസിനെ തുരത്തുക എളുപ്പമല്ലെന്നാണ്​ സൈന്യം നൽകുന്ന വിശദീകരണം. ഹമാസിനെ സമ്പൂർണമായി അമർച്ച ചെയ്യുക അസാധ്യമാണെന്ന്​ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞതായി ഇസ്രായേൽ ചാനൽ 13 റിപ്പോർട്ട്​ ചെയ്​തു.

വെസ്റ്റ്​ ബാങ്കിലെ പോരാളികളെ അമർച്ച ചെയ്യാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന്​ ഇസ്രായേൽ ബന്ദിമോചനവുമായി ബന്ധപ്പെട്ട്​ ഖത്തർ മുന്നോട്ടുവച്ച പുതിയ നിർദേശം ചർച്ച ചെയ്യാമെന്ന്​ ഇന്നലെ ചേർന്ന യുദ്ധകാര്യ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടതായി ഇസ്രായേൽ മാധ്യമങ്ങൾ. എന്നാൽ മുമ്പുള്ളതിൽ നിന്ന്​ ഭിന്നമല്ല പുതിയ നിർദേശമെന്നും ഇസ്രായേൽ മന്ത്രിമാരെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ. അതേസമയം ബന്ദിമോചനവുമായി ബന്ധപ്പെട്ട്​ പുതുതായി ഒരു നിർദേശവും തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന്​ ഹമാസ് പറയുന്നു​.

ആക്രമണം പൂർണമായും നിർത്തുക എന്നതുൾപ്പെടെ പോരാളികൾ മുന്നോട്ടുവച്ച ഉപാധികളുടെ പുറത്തല്ലാ​തെ ബന്ദിമോചനം നടപ്പി​ല്ലെന്ന്​ ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പറഞ്ഞു. തെക്കൻ ലബനാനിലെ ഹിസ്​ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇന്നലെ മൂന്ന്​ പേർ കൊല്ലപ്പെട്ടു. ഇതിനിടെ, ഇർബിൽ വിമാനത്താവളത്തിലെ യു.എസ്​ ​സൈനിക കേന്ദ്രത്തിനു നേർക്ക്​ ഇറാഖിലെ ഇസ്​ലാമിക്​ റെസിസ്റ്റൻസ്​ വിഭാഗം ഡ്രോൺ ആക്രമണം നടത്തി. ഗസ്സയിലെ യുദ്ധം തീർന്നാൽ ലബനാനെ എന്തു ചെയ്യണം എന്നറിയാമെന്ന്​ ഇസ്രായേൽ സൈനിക മേധാവി പറഞ്ഞു.

അതേസമയം, ഗസ്സയിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. ഇന്നലെ മാത്രം 147 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 23,357 ആയി. 59,410 പേർക്കാണ്​ പരിക്ക്​. നുസൈറത്ത്​ അഭയാർഥി ക്യാമ്പിനു നേർക്കും രൂക്ഷമായ ആക്രമണം തുടർന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നികുതി വർധിപ്പിക്കാൻ ഉടൻ തീരുമാനിക്കണമെന്ന്​ ഇസ്രായേൽ സെൻട്രൽ ബാങ്ക്​ മേധാവി നെതന്യാഹുവിനോട്​ നിർദേശിച്ചതായ റിപ്പോർട്ടും പുറത്തുവന്നു.

TAGS :

Next Story