Quantcast

ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുന്നു; മരണസംഖ്യ 28 ആയി

അർബുദബാധിതരും അത്യാസന്നനിലയിലുള്ളവരും അടക്കം 140 രോഗികളെ ചികിത്സയ്ക്കായി പുറത്തേക്കു പോകാൻ അനുവദിക്കാതെ ഇസ്രായേൽ സൈന്യം ഗസ്സയുടെ അതിർത്തിയില്‍ തടഞ്ഞിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-05-11 16:53:56.0

Published:

11 May 2023 4:30 PM GMT

Israelattackingaza, GazaIsraelattack, IsraelattackinPalestine, IsraelishellinginGaza
X

ജറൂസലം: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ സൈന്യം നരനായാട്ട് തുടരുന്നു. ഇസ്രായേൽ ഷെല്ലാക്രമണത്തിൽ ഇന്നു നാല് ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ജനവാസകേന്ദ്രമായ ഷുജാഇയയിലും ഖാൻ യൂനുസിലുമാണ് ഇന്ന് വ്യോമാക്രമണം നടന്നത്. ഇതോടെ മൂന്നുദിവസത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 28 ആയി. 80ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് നേതാക്കളും ഉൾപ്പെടും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചത്. ഫലസ്തീൻ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അന്യായമായ വ്യോമാക്രമണം. റോക്കറ്റ് സേനാ വിഭാഗം തലവൻ അലി ഗാലി, സായുധ വിഭാഗത്തിലെ മുതിർന്ന കമാൻഡർ അഹ്മദ് അബൂ ദഖ ഉൾപ്പെടെ അഞ്ച് പ്രമുഖ ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് നേതാക്കളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഗസ്സയിൽനിന്നു പുറത്തേക്കുള്ള വഴികളെല്ലാം ഇസ്രായേൽ സൈന്യം അടച്ചിരിക്കുകയാണ്. ഇതുവഴി ജനങ്ങളുടെ സഞ്ചാരം നിരോധിച്ചതിനു പുറമെ ചരക്കുകടത്തും തടഞ്ഞുവച്ചിരിക്കുകയാണ്. ജറൂസലം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ ചികിത്സ ആവശ്യമായ രോഗികളെയടക്കം പുറത്തേക്കു കടത്തിവിടുന്നില്ല. അർബുദബാധിതരും അത്യാസന്നനിലയിലുള്ളവരും അടക്കം 140 രോഗികളെയാണ് അതിർത്തിയിൽ തടഞ്ഞിരിക്കുന്നത്.

ഫലസ്തീൻ പ്രതിരോധ സംഘങ്ങളുടെ നേതൃത്വത്തിൽ ഇസ്രായേലിനെ ലക്ഷ്യമിട്ട് പ്രത്യാക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 500ലേറെ റോക്കറ്റുകളാണ് ഗസ്സയിൽനിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ടെത്തിയത്. ഇതിൽ നിരവധി റോക്കറ്റുകൾ ഇസ്രായേൽ മിസൈൽവേധ സംവിധാനം തകർത്തു. ഗസ്സയുടെ കര, വ്യോമ, നാവിക മേഖലയിൽ 16 വർഷമായി ഇസ്രായേൽ തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാണ് ഫലസ്തീൻ സംഘടനകൾ ആവശ്യപ്പെടുന്നത്.

ഈജിപ്തിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇസ്രായേൽ ശക്തമായി ആക്രമണം തുടരുകയാണ്. ഇതിനിടെ ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് നേതാക്കളെ കൊലപ്പെടുത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

Summary: Heavy Israeli shelling in Gaza continues as death toll rises to 28

TAGS :

Next Story