Quantcast

റോഡില്‍ ട്രക്കുകളിട്ടു പോയി; ബ്രസീലില്‍ ഇന്ധന വില കുറച്ച സമരമിങ്ങനെ...

നടുറോഡിൽ ട്രക്ക് നിർത്തിയിട്ടായിരുന്നു സമരം. ഒരാഴ്ചയോളം സമരം നീണ്ടു. ബ്രസീലിലെ ചരക്കുനീക്കം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ.

MediaOne Logo

Web Desk

  • Updated:

    2021-10-21 13:33:13.0

Published:

21 Oct 2021 1:31 PM GMT

റോഡില്‍ ട്രക്കുകളിട്ടു പോയി; ബ്രസീലില്‍ ഇന്ധന വില കുറച്ച സമരമിങ്ങനെ...
X

കുതിച്ചുയർന്ന ഇന്ധനവില വർധനവിനെതിരെ ബ്രസീലിൽ കണ്ടത് അപൂർവസമരങ്ങൾ. 2018ലാണ് ബ്രസീൽ ഭരണകൂടത്തെ വിറപ്പിച്ച ട്രക്ക് സമരം അരങ്ങേറിയത്. സൈന്യത്തിന് ഇടപെടേണ്ട സാഹചര്യം വരെ അന്ന് ബ്രസീലിലുണ്ടായി. മാസങ്ങളായി ഇന്ധനവില കൂടിക്കൊണ്ടിരുന്ന പശ്ചാതലത്തിലായിരുന്നു സഹികെട്ട് ട്രക്ക് ഉടമകൾ സമരവുമായി രംഗത്ത് എത്തിയത്. 66 രൂപയായിരുന്നു അന്ന് ബ്രസീലിൽ ഡീസൽ വില.

പൊതുജനത്തിന്റെ പിന്തുണ ലഭിക്കുക കൂടി ചെയ്തതതോടെ സമരത്തെ അഭിമുഖീകരിക്കേണ്ടി വന്നു ബ്രസീൽ ഭരണകൂടത്തിന്. നടുറോഡിൽ ട്രക്ക് നിർത്തിയിട്ടായിരുന്നു സമരം. ഒരാഴ്ചയോളം സമരം നീണ്ടു. ബ്രസീലിലെ ചരക്കുനീക്കം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ സാവോ പോളയിലും മറ്റൊരു പ്രധാനനഗരമായ റിയോ ഡി ജനീറോയിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു ഭരണകൂടത്തിന്. തുടക്ക കാലത്ത് സമരത്തെ അവഗണിക്കാനും ശേഷം ഒതുക്കാനുമായിരുന്നു ഭരണകൂടത്തിന്റെ തീരുമാനം.

അതിന്റെ ഭാഗമായി സമരത്തിൽ പങ്കെടുക്കുന്ന ട്രക്കുകൾ പിടിച്ചെടുക്കാൻ പ്രസിഡന്റ് മൈക്കൽ ടൈമർ സൈന്യത്തിന് ഉത്തരവ് നൽകുകയായിരുന്നു. വിമാനത്താവളങ്ങളും ഗ്യാസ് സ്റ്റേഷനുകളും ഇന്ധനമില്ലാതെ പ്രവർത്തനം നിലച്ചു. ഗതാഗതം, മാലിന്യനീക്കം തുടങ്ങിയ പൊതുസംവിധാനങ്ങളും മിക്കയിടങ്ങളിലും തടസപ്പെട്ടു. കടകളിലും സൂപ്പർമാർക്കറ്റുകളിലും സാധനങ്ങളും തീർന്നു. ആശുപത്രികളിൽ പോലും ആവശ്യവസ്തുക്കൾ കിട്ടാനില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സ്‌കൂളുകൾ വരെ അടച്ചിടേണ്ട സാഹചര്യമുണ്ടായിരുന്നു.

തീറ്റ കിട്ടാനില്ലാതെ നിരവധി പക്ഷികളും മൃഗങ്ങളും ചത്തൊടുങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏകദേശം രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളടങ്ങുന്ന 600ലധികം റോഡുകളാണ് ട്രക്ക് ഡ്രൈവർമാർ തടസപ്പെടുത്തിയത്. രാജ്യം തന്നെ നിന്നുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഭരണകൂടത്തിന് ഇടപടേണ്ടി വന്നു. ഇന്ധനത്തിന് സബ്‌സിഡി നൽകണമെന്നായിരുന്നു ട്രക്കുടമകളുടെ പ്രധാന ആവശ്യം. ഈ ആവശ്യം ഭരണകൂടത്തിന് അംഗീകരിക്കേണ്ടി വന്നു. പിന്നാലെ ഡീസലിന് ലിറ്ററിന് 46 സെന്റാവോസ്(ബ്രസീലിയൻ പൈസ)കുറക്കേണ്ടി വന്നു.

വില കുറച്ചതിന്റെ നഷ്ടം നികത്താൻ രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾക്ക് നഷ്ടപരിഹാരവും നൽകി. ട്രക്ക് ഉടമകളും സർക്കാറുമായി നിരന്തരം ചർച്ച ചെയ്താണ് തീരുമാനങ്ങളിലേക്ക് എത്തിയത്.

TAGS :

Next Story