ലയനം ഉപേക്ഷിച്ച് ഹോണ്ടയും നിസ്സാനും
കഴിഞ്ഞ ഡിസംബറിലാണ് ഇരു കമ്പനികളും ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചത്

ടോക്കിയോ: ഡിസംബറിൽ പ്രഖ്യാപിച്ച ലയന ചർച്ചകൾ ഉപേക്ഷിച്ചതായി ജാപ്പനീസ് വാഹന ഭീമന്മാരായ ഹോണ്ടയും നിസ്സാനും സ്ഥിരീകരിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിർമാതാവുക എന്ന ലക്ഷ്യത്തിന് ഇതോടെ അറുതിയായി.
ഇരു കമ്പനികളും തമ്മിലുള്ള ലയനം പരിഗണിക്കുന്നതിനായി 2024 ഡിസംബർ 23ന് ഒപ്പുവച്ച ധാരണാപത്രം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയിൽ കമ്പനികൾ വ്യക്തമാക്കി. ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്‌ലയെയും ചൈനീസ് കമ്പനികളെയും മറികടക്കാനുള്ള ശ്രമമായാണ് ലയനത്തെ കണ്ടിരുന്നത്.
അതേസമയം, വലിയ പ്രതിസന്ധി നേരിടുന്ന നിസ്സാന് ഇതൊരു രക്ഷാമാർഗമല്ലെന്ന് ഹോണ്ടയുടെ സിഇഒ ഡിസംബറിൽ തറപ്പിച്ചുപറയുകയുണ്ടായി. കഴിഞ്ഞ വർഷം ആദ്യ പകുതിയിലെ അറ്റാദായത്തിൽ 93 ശതമാനം ഇടിവാണ് നിസ്സാൻ രേഖപ്പെടുത്തിയത്. കൂടാതെ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു.
പുതിയൊരു ഹോൾഡിങ് കമ്പനിക്ക് കീഴിൽ ലയിക്കുമെന്നായിരുന്നു ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, നിസ്സാനെ അനുബന്ധ സ്ഥാപനമാക്കാൻ ഹോണ്ട നിർദ്ദേശിച്ചതോടെ തുടർ ചർച്ചകൾ വഴിമുട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു ജോയിന്റ് ഹോൾഡിങ് കമ്പനി സ്ഥാപിക്കുന്നതിൽനിന്ന് വ്യത്യസ്തമായി ഹോണ്ട മാതൃ കമ്പനിയായും നിസ്സാൻ അനുബന്ധ സ്ഥാപനമായുള്ള ഘടനാമാറ്റം ഹോണ്ട നിർദ്ദേശിച്ചതായി സംയുക്ത പ്രസ്താവനയിൽ വാഹന നിർമ്മാതാക്കൾ സ്ഥിരീകരിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ചർച്ചകൾ നിർത്തിവച്ച് ധാരണാപത്രം അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് രണ്ട് കമ്പനികളും തീരുമാനത്തിലെത്തിയതായും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ഇന്‍റലിജൻസിന്‍റെയും ഇലക്ട്രിക് വാഹനങ്ങളുടെയും യുഗം ലക്ഷ്യമിട്ട് തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സഹകരിക്കുന്നത് തുടരുമെന്നും രണ്ട് കമ്പനികളുടെയും കോർപ്പറേറ്റ് മൂല്യം പരമാവധിയാക്കാൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Adjust Story Font
16

