ഹോർമുസ് നാളെ തുറക്കുമോ? അമേരിക്ക-ഇറാൻ ധാരണ ഉടനെന്ന് യുഎസ് ട്രഷറി സെക്രട്ടറി
വ്യാപാര കപ്പലുകൾക്ക് പൂർണമായ യാത്രാസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും പുതിയ ധാരണ എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ്

- Published:
4 Aug 2026 6:44 PM IST

തെഹ്‌റാൻ: അന്താരാഷ്ട്ര വാണിജ്യത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് നാളെയോടെ പൂർണമായും തുറന്നുകൊടുക്കാൻ സാധ്യതയെന്ന് അമേരിക്ക. അമേരിക്കയും ഇറാനും തമ്മിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഇതിൽ ഒരു അന്തിമ ധാരണയിൽ എത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് സിഎൻബിസിയോട് പ്രതികരിച്ചു.
വ്യാപാര കപ്പലുകൾക്ക് പൂർണമായ യാത്രാസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും പുതിയ ധാരണ എന്ന് ബെസൻ്റ് സൂചിപ്പിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ എന്തെങ്കിലും തരത്തിലുള്ള ടോൾ ഈടാക്കുമോ എന്ന ചോദ്യത്തിന്, 'ഇത് പൂർണമായും സ്വതന്ത്രമായ യാത്രാനുമതി ആയിരിക്കും' എന്നാണ് അദ്ദേഹം മറുപടി നൽകിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും കപ്പലുകളുടെ ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നില്ല. എന്നാലും പുതിയ കരാർ വരുന്നതോടെ നിലവിലെ സംഘർഷാവസ്ഥ മാറി കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
യുഎസ് ട്രഷറി സെക്രട്ടറിയുടെ ഈ പ്രഖ്യാപനം വന്നതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ഏകദേശം മൂന്ന് മുതൽ നാല് ശതമാനം വരെ ഇടിഞ്ഞ് ബാരലിന് 78 ഡോളറിന് താഴെയെത്തി. പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് കപ്പലുകൾക്ക് പുറത്തുകടക്കാൻ കഴിയുന്നതോടെ വില ഇനിയും കുറയാനാണ് സാധ്യത.
'ഇത് വെറുമൊരു ഊർജപ്രതിസന്ധിയുടെ മാത്രം കാര്യമല്ല, വളം, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ, മറ്റ് വ്യാവസായിക വാതകങ്ങൾ എന്നിവയെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തേണ്ടതുണ്ട്. കപ്പലുകൾ സുഗമമായി സഞ്ചരിച്ചു തുടങ്ങുന്നതോടെ വിപണിക്ക് വലിയൊരാശ്വാസം ലഭിക്കും,' ബെസ്സൻ്റ് കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞിരുന്നു. നാളെയോടെ കടലിടുക്ക് പൂർണമായും തുറക്കുമെന്നും ഇതിലൊരു തീരുമാനമുണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്നും, ഒമാനുമായാണ് ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതെന്നുമാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം നേരത്തെ വിശദീകരിച്ചിരുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇന്ന് ഒരു ചരക്ക് കപ്പലിനു നേരെ അജ്ഞാത ആക്രമണം ഉണ്ടായത് നേരിയ ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്.
എന്തായാലും ലോകത്തിന്റെ ഊർജ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീങ്ങുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകുന്ന ഉണർവ് ചെറുതായിരിക്കില്ല. വാണിജ്യ കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കുന്ന ഈ കരാറിനായി ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
Adjust Story Font
16
