'കൈ പോലെ എന്തോ ഒന്നില്‍ ഞാന്‍ ചവിട്ടി'; 13കാരിയെ കാണാതായ നദിയിലിറങ്ങി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ ചവിട്ടിക്കയറിയത് മൃതദേഹത്തില്‍
നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് റൈസ എന്ന പെണ്‍കുട്ടിയെ കാണാതാവുന്നത്

ബ്രസീലിയ: പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ കാണാതായ നദിയിലിറങ്ങി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ അബദ്ധത്തില്‍ ചവിട്ടിക്കയറിയത് മൃതദേഹത്തില്‍.ബ്രസീലിലാണ് നടക്കുന്ന സംഭവം നടന്നത്.ബകാബലിലെ മെയാരിം നദിയിലാണ് വിദ്യാര്‍ഥിയെ കാണാതായത്. നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് റൈസ എന്ന പെണ്‍കുട്ടിയെ കാണാതാവുന്നത്.പെണ്‍കുട്ടിക്കായി തിരച്ചിലുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ലെനിൽഡോ ഫ്രസാവോ എന്ന മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ടിങ്ങിനായി ഇവിടെ എത്തിയത്.
റിപ്പോര്‍ട്ടിങ്ങിനിടെ നദിയുടെ ആഴം എത്രയാണെന്ന് കാണിക്കാനായി അദ്ദേഹം വെള്ളത്തിലേക്കിറങ്ങി. റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് കൈ പോലുള്ള എന്തോ ഒന്നില്‍ താന്‍ ചവിട്ടിയതായി അദ്ദേഹത്തിന് തോന്നി.ഉടന്‍ തന്നെ അദ്ദേഹം അവിടെനിന്ന് മാറിപ്പോകുകയും ചെയ്തു.
'വെള്ളത്തിന്‍റെ അടിയില്‍ എന്തോ ഉണ്ടെന്ന് തോന്നുന്നു.എനിക്ക് പേടിയാകുന്നു,കൈ പോലെ തോന്നുന്നു,ഇനിയത് അവളാകുമോ, അതെല്ലെങ്കില്‍ മീനോ മറ്റോ ആകും.എനിക്കറിയില്ല'. റിപ്പോര്‍ട്ടര്‍ തന്‍റെ കൂടെയുള്ളവരോട് പറഞ്ഞതായി ദി സൺ റിപ്പോർട്ട് ചെയ്തു.
തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞ സ്ഥലത്ത് അഗ്നിശമനസേനയും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തി. അധികം വൈകാതെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം മുങ്ങിമരണമാണെന്നും ശാരീരത്തില്‍ മറ്റ് പാടുകളോ പിടിവലിയുടെ ലക്ഷണങ്ങളോ ഒന്നുമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം റൈസയുടെ മൃതദേഹം സംസ്കരിച്ചു.
മരണത്തിന് പിന്നാലെ റൈസയുടെ സ്കൂളില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണവും നടന്നു. ഇതിന് പുറമെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായുള്ള ബോധവത്കരണ പരിപാടിയും നടന്നു. അവളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുകൂടുയും ചെയ്തു.
Adjust Story Font
16

