Quantcast

മേയര്‍ പ്രൈമറി കടക്കാന്‍ സൊഹ്റാന്‍ മംദാനിയെ തുണച്ച ജൂതനേതാവ്

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 20 ശതമാനം ജൂത വോട്ട് കൂടി നേടിയാണ് സൊഹ്‌റാന്‍ ചരിത്രവിജയം നേടുന്നത്

MediaOne Logo

Web Desk

  • Published:

    2 July 2025 11:48 AM IST

മേയര്‍ പ്രൈമറി കടക്കാന്‍ സൊഹ്റാന്‍ മംദാനിയെ തുണച്ച ജൂതനേതാവ്
X

ഇസ്രായേല്‍ പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ജൂതജനസംഖ്യയുള്ള നഗരമാണ് ന്യൂയോര്‍ക്ക് സിറ്റി. ഏകദേശം 17 ലക്ഷത്തിനടുത്ത് ജൂതര്‍ വസിക്കുന്ന മെട്രോപൊളിറ്റന്‍ നഗരമാണത്. അങ്ങനെയൊരു നഗരത്തിന്റെ മേയറായി ഒരു മുസ്‌ലിം തിരഞ്ഞെടുക്കപ്പെടുന്നത് ചിന്തിക്കാനാകുമോ? അതും ഏഷ്യന്‍ വേരുകളുള്ള, ഇന്ത്യന്‍ പാരമ്പര്യം പേറുന്ന ഒരാള്‍.. ഇറാന്‍, ഗസ്സ, ലബനാന്‍ എന്നിങ്ങനെ വലിയൊരു ഭൂമിശാസ്ത്രത്തെ സംഘര്‍ഷത്തിന്‍റെ തീച്ചൂളയിലേക്കു വലിച്ചിട്ട്, ഇപ്പോള്‍ അതില്‍നിന്നു തലയൂരാനാകാതെ ഇസ്രായേല്‍ വിഷമവൃത്തത്തില്‍ അകപ്പെട്ടുനില്‍ക്കുന്ന ഒരു കാലത്ത് പ്രത്യേകിച്ചും.

പറഞ്ഞുവരുന്നത് സൊഹ്‌റാന്‍ മംദാനിയെക്കുറിച്ചു തന്നെയാണ്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടം കടന്ന സൊഹ്‌റാനെ കുറിച്ച്. നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകാനുള്ള നിര്‍ണായകമായ പോരാട്ടം ജയിച്ചിരിക്കുകയാണ് ആ 33കാരന്‍. അതും സമ്പത്തു കൊണ്ടും സ്വാധീനം കൊണ്ടും കരുത്തനായ എതിരാളിയെ തറപറ്റിച്ചുകൊണ്ട്. ന്യൂയോര്‍ക്കിലെയോ അമേരിക്കയിലെയോ റിപബ്ലിക്കന്‍മാര്‍ മാത്രമല്ല, ലോകമെങ്ങുമുള്ള തീവ്രവലതുപക്ഷ-വിദ്വേഷരാഷ്ട്രീയക്കാരെല്ലാം ആ ചരിത്ര വിജയത്തില്‍ അസ്വസ്ഥരാണ്. സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപും ആ അസ്വസ്ഥത പരസ്യമാക്കിയവരുടെ കൂട്ടത്തിലുണ്ട്.

എന്നാല്‍, അധികം ആരും ചര്‍ച്ച ചെയ്യാത്ത ഒരു ജൂത-മുസ്‌ലിം സൗഹൃദത്തിന്റെ കഥ കൂടി സൊഹ്‌റാന്റെ വിജയത്തിനു പറയാനുണ്ട്. ഫലസ്തീനികളുടെ വിമോചന പോരാട്ടമായ ഇന്‍തിഫാദയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചയാളെ പിന്തുണച്ച ജൂതനേതാവിന്റെയും ജൂതസമൂഹത്തിന്റെയും കഥയാണത്. ആ കഥ വിശദമായി പറയാം...

ന്യൂയോര്‍ക്ക് നഗരത്തിലെ ജൂത വോട്ടര്‍മാര്‍ പരമ്പരാഗതമായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിശ്വസ്ത വോട്ട്ബാങ്കാണെന്നതു സത്യം തന്നെയാണ്. എന്നാല്‍, പരസ്യമായി ഫലസ്തീനു പിന്തുണ പ്രഖ്യാപിച്ച, ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തെ വിമര്‍ശിച്ച, നെതന്യാഹുവിനെ കടന്നാക്രമിച്ച സൊഹ്‌റാന് അവര്‍ വോട്ട് നല്‍കുമോ? ഉറപ്പായും ഇല്ല. എന്നുമാത്രവുമല്ല, സൊഹ്‌റാനെതിരെ എതിരാളികള്‍ ഉയര്‍ത്തിയ ആന്റി സെമിറ്റിക് ആരോപണങ്ങള്‍ നഗരത്തിലെ ജൂതവോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കയായി മാറിയിട്ടുമുണ്ട്. എന്നിട്ടും ഒരു വിഭാഗം ജൂത വോട്ടര്‍മാരുടെ, പ്രത്യേകിച്ച് യുവതലമുറയുടെയും പുരോഗമന ചിന്താഗതിക്കാരുടെയും പിന്തുണ സ്വന്തമാക്കാന്‍ സൊഹ്‌റാനായി.

അതിന്റെ പ്രധാന കാരണക്കാരന്‍ ഇതേ തെരഞ്ഞെടുപ്പില്‍ സൊഹ്‌റാന്റെ എതിരാളിയാണെന്നതാണു കൗതുകമുണര്‍ത്തുന്ന കാര്യം. അയാളുടെ പേരാണ് ബ്രാഡ് ലാന്‍ഡര്‍. മുന്‍ ന്യൂയോര്‍ക്ക് സിറ്റി കംപ്‌ട്രോളരും ഡെമോക്രാറ്റിക് നേതാവും അതിസമ്പന്നനുമായ ലാന്‍ഡര്‍. നഗരത്തിലെ പ്രബലരായ ജൂതനേതാക്കളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള മത്സരരംഗത്ത് ലാന്‍ഡറുമുണ്ടായിരുന്നു.

പിന്നെ എങ്ങനെയാണ് സൊഹ്‌റാന്റെ വിജയത്തില്‍ അദ്ദേഹം നിര്‍ണായക സാന്നിധ്യമായത് എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്? റാങ്ക്ഡ് ചോയ്‌സ് വോട്ടിങ് സംവിധാനത്തിലാണ് പ്രൈമറി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരാള്‍ക്ക് ഒന്നാം വോട്ടിനു പുറമെ രണ്ടാം വോട്ടും മൂന്നാം വോട്ടുമെല്ലാം ഉണ്ടാകും. മുന്‍ഗണന അനുസരിച്ച് ഓരോരുത്തര്‍ക്കും വോട്ട് നല്‍കാനുള്ള അവസരമാണ് ഇതു തുറക്കുന്നത്.

ഈ സംവിധാനത്തെ വലിയൊരു സാധ്യതയായി ബുദ്ധിപൂര്‍വം ഉപയോഗിച്ചു സൊഹ്‌റാനും ലാന്‍ഡറും. പൊതുപരിപാടികളിലും പ്രചാരണയോഗങ്ങളിലും അഭിമുഖങ്ങളിലും ചാനല്‍ ചര്‍ച്ചകളിലുമെല്ലാം രണ്ടുപേരും പരസ്പരം എന്‍ഡോഴ്‌സ് ചെയ്തു. അതായത്, ലാന്‍ഡറെ വിജയിപ്പിക്കണമെന്ന് സൊഹ്‌റാനും സൊഹ്‌റാനെ വിജയിപ്പിക്കണമെന്ന് ലാന്‍ഡറും വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

സെമിറ്റിക് വിരുദ്ധനും ജൂതവിരുദ്ധനുമെന്നുമെല്ലാം പഴികേട്ടയാളാണ് സൊഹ്‌റാന്‍. നഗരത്തിലെ ശതകോടീശ്വരന്മാര്‍ മുതല്‍ ജൂത നേതാക്കള്‍ വരെ അതേ കാര്യം ചൂണ്ടിക്കാട്ടി യുവനേതാവിനെതിരെ വോട്ടര്‍മാര്‍ക്കിടയില്‍ ഭീതി പടര്‍ത്താന്‍ ആഞ്ഞുശ്രമിച്ചിരുന്നു. ഒരുപരിധി വരെ വോട്ടര്‍മാരെ സ്വാധീനിച്ച ഈ പ്രചാരണങ്ങളെയും മറികടക്കാന്‍ സഹായിച്ചത് ലാന്‍ഡര്‍ എന്ന ജൂതനേതാവിന്റെ എന്‍ഡോഴ്‌സ്‌മെന്റ് ആയിരുന്നു.

ഒരു വിഭാഗം ജൂതന്മാര്‍ക്കിടയില്‍, പ്രത്യേകിച്ചും പുരോഗമനപരമായി ചിന്തിക്കുന്ന യുവതലമുറയ്ക്കിടയില്‍, സൊഹ്‌റാന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ലാന്‍ഡറിന്റെ പിന്തുണ സഹായിച്ചു. ലാന്‍ഡര്‍ക്ക് ആദ്യ വോട്ട് നല്‍കിയ ജൂതന്മാരില്‍ പലരും രണ്ടാം വോട്ടും മൂന്നാം വോട്ടുമെല്ലാം സൊഹ്‌റാന് നല്‍കി. ലാന്‍ഡറുടെ വിജയസാധ്യത വിരളമായതിനാല്‍ ചിലരെല്ലാം സൊഹ്‌റാന് ഒന്നാം വോട്ടും പതിച്ചുനല്‍കി. അങ്ങനെയാണ്, 20 ശതമാനത്തോളം ജൂത വോട്ട് കൂടി നേടി സൊഹ്‌റാന്‍ ചരിത്രവിജയം നേടുന്നത്.

പൊതുശത്രുവായി ആന്‍ഡ്ര്യൂ ക്യൂമോ എന്നൊരു കരുത്തന്‍ എതിരാളിയായി വന്നതുകൊണ്ടു കൂടിയാണ് രണ്ടുപേരും സഹകരിച്ചുള്ള പ്രവര്‍ത്തനത്തിനു വഴിതുറന്നത്. രണ്ടുപേരും പരസ്പരം ധാരണയോടെ പ്രചാരണം നയിച്ചപ്പോള്‍, മറുവശത്ത് ക്യൂമോയ്ക്ക് എല്ലാം അയാള്‍ മാത്രമായിരുന്നു. നഗരത്തിലെ ശതകോടീശ്വരന്മാരുടെ പിന്തുണയുടെ ആത്മവിശ്വാസത്തില്‍, റാങ്ക്ഡ് ചോയ്‌സ് സംവിധാനത്തിന്റെ സാധ്യതയെ കുറിച്ച് അദ്ദേഹം ചിന്തിച്ചതേയില്ല. എല്ലായിടത്തും ചെന്ന് താനാണു ജയിക്കേണ്ടതെന്നു മാത്രം പ്രസംഗിച്ചു നടന്നു ക്യൂമോ. അവിടെയാണ് ലാന്‍ഡര്‍-സൊഹ്‌റാന്‍ കൂട്ടുകെട്ട് വിജയിച്ചത്.

ഡെമോക്രാറ്റിക് പ്രൈമറി നടക്കുന്നതിന്റെ തലേന്നാള്‍ സിബിഎസ് ചാനലില്‍ 'ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോള്‍ബെര്‍ട്ട്' അഭിമുഖ പരിപാടിയില്‍ ഒപ്പം പ്രത്യക്ഷപ്പെടുന്നുണ്ട് സൊഹ്‌റാന്‍ മംദാനിയും ബ്രാഡ് ലാന്‍ഡറും. ആ ചര്‍ച്ചയില്‍ ലാന്‍ഡര്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. അഴിമതിക്കാരനും അധാര്‍മികനുമായ ആന്‍ഡ്ര്യൂ ക്യൂമോയെ സിറ്റി ഹാളിന്റെ അടുത്തേക്കു പോലും അടുപ്പിക്കരുതെന്ന കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഈ രാഷ്ട്രീയതന്ത്രത്തില്‍ മാത്രമായിരുന്നില്ല, ആശയപരമായും രണ്ടുപേരും പല കാര്യങ്ങളിലും ഒരേപക്ഷത്തായിരുന്നു. പ്രൈമറി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒരിടത്ത് ബ്രാഡ് ലാന്‍ഡര്‍ നടത്തിയ പ്രഖ്യാപനം ആ സമാനരാഷ്ട്രീയം വെളിപ്പെടുത്തുന്നതായിരുന്നു. മുസ്്‌ലിം ന്യൂയോര്‍ക്കുകാരെയും ജൂത ന്യൂയോര്‍ക്കുകാരെയും വിഭജിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. നമ്മുടെ സുരക്ഷയും പ്രതീക്ഷകളും സ്വാതന്ത്ര്യവുമെല്ലാം പരസ്പരം ബന്ധിതമാണ്. അതിനെ തിരിച്ചുവിടാന്‍ ആരെയും അനുവദിക്കരുതെന്നായിരുന്നു ലാന്‍ഡറുടെ പ്രഖ്യാപനം.

ചിലയിടങ്ങളില്‍ ലാന്‍ഡറും സൊഹ്‌റാനും ഒരുമിച്ച് വോട്ട് തേടി ആളുകള്‍ക്കിടയിലിറങ്ങുക പോലും ചെയ്തിരുന്നു എന്നതാണു രസകരമായ കാര്യം. ഇതു ആളുകള്‍ക്കു പുതുമയുള്ള കാഴ്ചയായിരുന്നു. സിറ്റി ബൈക്കില്‍ ഒരുമിച്ച് വോട്ട് തേടി പ്രോസ്പക്ട് പാര്‍ക്ക് വെസ്റ്റിലെത്തുന്ന രണ്ടുപേരുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. നിറഞ്ഞ കൈയടികള്‍ക്കിടയിലേക്കാണ് ഇരുവരും സൈക്കിള്‍ ചവിട്ടിയെത്തിയത്.

ഏതായാലും, അപരവിദ്വേഷം പിടിമുറുക്കുന്ന കാലത്ത്, ഡൊണാള്‍ഡ് ട്രംപിന്റെ അതേ അമേരിക്കയില്‍, സൊഹ്‌റാന്‍ മംദാനി എന്നൊരു യുവ മുസ്്‌ലിം നേതാവ് ന്യൂയോര്‍ക്ക് നഗരത്തിന്റെ അധിപനാകാനുള്ള സാധ്യതകള്‍ തെളിയുകയാണ്. ഡെമോക്രാറ്റിക് കോട്ടയായ നഗരത്തില്‍ സൊഹ്‌റാനു മുന്നില്‍ ആ ചരിത്രനിയോഗത്തിന് ഇനി അധികം കടമ്പകളില്ല. പ്രത്യേകിച്ചും ബ്രാഡ് ലാന്‍ഡര്‍ എന്നൊരു വലിയ ജൂതനേതാവ് അദ്ദേഹത്തിനു വേണ്ടി വോട്ട് പിടിക്കാനുണ്ടാകുമെന്ന സത്യം മുന്നില്‍ നില്‍ക്കുമ്പോള്‍. മറുവശത്ത് പക്ഷേ, സൊഹ്‌റാനെ തോല്‍പ്പിക്കാനായി ബിസിനസ് ഭീമന്മാരുടെയും തീവ്രവലതുപക്ഷത്തിന്റെയും അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെടുന്നുണ്ടെന്ന വെല്ലുവിളി മാത്രമാണു മുന്നില്‍ അവശേഷിക്കുന്നത്.

TAGS :

Next Story