Quantcast

നവജാതശിശുവിന് ഇത്രയും കട്ടിയുള്ള മീശ എങ്ങനെ? വൈറൽ വീഡിയോ ചർച്ചയാകുന്നു

ശരീരത്തിന്റെ ചില ഭാഗങ്ങളിലോ ശരീരം മുഴുവനായോ അസാധാരണമായി രോമവളർച്ചയുണ്ടാകാൻ കാരണമാകുന്ന അപൂർവ അവസ്ഥയാണ് കൺജെനിറ്റൽ ഹൈപ്പർട്രിക്കോസിസ്

MediaOne Logo

Web Desk

  • Published:

    27 Oct 2026 7:40 PM IST

നവജാതശിശുവിന് ഇത്രയും കട്ടിയുള്ള മീശ എങ്ങനെ? വൈറൽ വീഡിയോ ചർച്ചയാകുന്നു
X

നവജാതശിശുവിന്റെ മുഖത്ത് കട്ടിയുള്ള കറുത്ത മീശ! സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ കണ്ടവരിൽ പലരും അമ്പരപ്പിലാണ്. കുഞ്ഞിന് ജനിച്ചപ്പോൾ തന്നെ ഇത്രയും കട്ടിയുള്ള മീശയുണ്ടായിരുന്നോ, അതോ AI ഉപയോഗിച്ച് ചേർത്തതാണോ എന്ന ചോദ്യമാണ് ഉയരുന്നത്. നിലവിൽ വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടതായാണ് റിപ്പോർട്ടുകൾ.

റിപ്പോർട്ടനുസരിച്ച്, ഇക്വഡോറിൽ നിന്നുള്ളതാണ് വീഡിയോ. കുഞ്ഞിന്റെ മേൽച്ചുണ്ടിന് മുകളിലും കവിളിന്റെ ചില ഭാഗങ്ങളിലും കട്ടിയുള്ള കറുത്ത രോമങ്ങൾ കാണാം. ഇതോടെ രസകരമായ കമന്റുകളും എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി നിരവധി പേർ രംഗത്തെത്തി. നഴ്സറി പോലും ഒഴിവാക്കി നേരിട്ട് മധ്യവയസ്ക്കനായ കുഞ്ഞാണിതെന്ന് ഒരാൾ തമാശ പറഞ്ഞു. വിരമിച്ച ശേഷമാണ് ജനിച്ചതെന്നും മൂന്ന് മക്കളും രണ്ട് വീടുകളുടെ വായ്പയുമുള്ള ആളെപ്പോലെയുണ്ടെന്നും മറ്റൊരാൾ കുറിച്ചു.

മീശ എഐ ഫിൽട്ടർ ഉപയോഗിച്ച് ചേർത്തതാണോ?

വീഡിയോയിൽ ഡിജിറ്റൽ എഡിറ്റിങ് നടത്തിയിരിക്കാമെന്ന സൂചനകൾ WIONന്റെ ഫാക്ട് ചെക്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിന്റെ തലയും മുഖവും ചലിക്കുമ്പോൾ മീശ സ്വാഭാവികമായി ചലിക്കുന്നില്ലെന്നും കുഞ്ഞിന്റെ ചലനത്തിനനുസരിച്ച് മീശയുടെ ആകൃതിയിൽ അസ്വാഭാവികമായ മാറ്റങ്ങളുണ്ടാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി മുറിയിലെ വെളിച്ചവുമായി മീശയിലെ പ്രകാശം പൊരുത്തപ്പെടുന്നില്ലെന്നാണ് മറ്റൊരു നിരീക്ഷണം.

വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കുന്ന ആശുപത്രി രേഖകളോ ഡോക്ടറുടെ വിശദീകരണമോ കുടുംബാംഗങ്ങളുടെ സ്ഥിരീകരണമോ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുഞ്ഞ് യഥാർഥമായിരിക്കാമെങ്കിലും മീശ എഐ അധിഷ്ഠിത ഫേസ് ഫിൽട്ടറോ മറ്റേതെങ്കിലും ഡിജിറ്റൽ എഡിറ്റിങ് സംവിധാനമോ ഉപയോഗിച്ച് ചേർത്തതാകാനാണ് സാധ്യതയെന്നാണ് ഫാക്ട് ചെക്ക് റിപ്പോർട്ടിന്റെ നിഗമനം.

നവജാതശിശുക്കൾക്ക് സ്വാഭാവികമായി രോമങ്ങളുണ്ടാകുമോ?

നവജാതശിശുക്കളുടെ ശരീരത്തിൽ നേർത്തതും മൃദുവുമായ രോമങ്ങൾ കാണപ്പെടുന്നത് സാധാരണമാണ്. ഇവയെ ലാനുഗോ എന്നാണ് വിളിക്കുന്നത്. പുറം, തോളുകൾ, ചെവികൾ, മുഖം തുടങ്ങിയ ഭാഗങ്ങളിൽ ഇവ കാണാം. ജനനശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ സാധാരണയായി ഈ രോമങ്ങൾ കൊഴിഞ്ഞുപോകും. എന്നാൽ ഇവ വൈറൽ വീഡിയോയിൽ കാണുന്നതുപോലെയുള്ള കട്ടിയുള്ള കറുത്ത മീശയ്ക്ക് സമാനമല്ല.

അപൂർവ രോഗാവസ്ഥകളും കാരണമാകുമോ?

ശരീരത്തിന്റെ ചില ഭാഗങ്ങളിലോ ശരീരം മുഴുവനായോ അസാധാരണമായി രോമവളർച്ചയുണ്ടാകാൻ കാരണമാകുന്ന അപൂർവ അവസ്ഥയാണ് കൺജെനിറ്റൽ ഹൈപ്പർട്രിക്കോസിസ്. ഇത്തരത്തിലുള്ള ചില അവസ്ഥകളിൽ അസാധാരണമായ രോമവളർച്ച ഉണ്ടാകാമെന്ന് VICE റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുടികൊഴിച്ചിലിന് ഉപയോഗിക്കുന്ന മിനോക്സിഡിൽ എന്ന മരുന്നുമായി കുഞ്ഞിന്റെ ചർമം സമ്പർക്കത്തിലാകുന്നതും ചില സാഹചര്യങ്ങളിൽ അസാധാരണമായ രോമവളർച്ചയ്ക്ക് കാരണമായേക്കാം.എന്നാൽ വൈറൽ വീഡിയോയിലെ കുഞ്ഞിന് ഇത്തരം ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നുമില്ല. അതിനാൽ ഈ സാധ്യതകളെ വീഡിയോയുടെ യഥാർഥ കാരണമായി കണക്കാക്കാനാകില്ല.

ഫാക്ട് ചെക്ക്: എന്താണ് കണ്ടെത്തൽ?

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം കുഞ്ഞിന്റെ മീശ സ്വാഭാവികമായി വളർന്നതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യങ്ങളിലെ അസ്വാഭാവികതകളും ഡിജിറ്റൽ എഡിറ്റിങ്ങിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും കണക്കിലെടുക്കുമ്പോൾ എഐ ഫിൽട്ടറോ മറ്റൊരു ഡിജിറ്റൽ സംവിധാനമോ ഉപയോഗിച്ച് മീശ ചേർത്തതാകാനാണ് കൂടുതൽ സാധ്യത.

TAGS :

Next Story