Quantcast

ലെസ്‌ലി.. അവളാണ് ശരിക്കും അത്ഭുതം; സഹോദരങ്ങളെ ജീവനോട് ചേർത്തുവെച്ച 13കാരി

കാടിനുള്ളിൽ കൂട്ടുകാരുമായി ലെസ്‌ലി ഒളിച്ചുകളിക്കുമായിരുന്നു. ഉൾക്കാട്ടിൽ അകപ്പെട്ടപ്പോഴും ലെസ്‌ലി ഭയപ്പെടാത്തതിന് ഈ ഗെയിം ഒരു കാരണമായിരുന്നേക്കാം...

MediaOne Logo

Web Desk

  • Updated:

    2023-06-11 11:09:56.0

Published:

11 Jun 2023 10:55 AM GMT

lesli_amazon colombia
X

വിമാനം തകർന്ന് ഉൾക്കാട്ടിൽ വീണിട്ടും പതറിയില്ല.. അമ്മയുടെ മൃതദേഹം മറികടന്ന് നടന്നുനീങ്ങുമ്പോൾ ലെസ്‌ലിയുടെ കയ്യിൽ ഒന്നല്ല മൂന്ന് ജീവനുകളായിരുന്നു ഉണ്ടായിരുന്നത്. നാലും ഒൻപതും വയസുള്ള അനുജത്തിമാരെ കയ്യിൽ പിടിച്ച് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞനുജനെ ഒക്കത്തെടുത്ത് നീങ്ങുമ്പോൾ ജീവൻ നിലനിർത്തണമെന്നത് മാത്രമായിരുന്നു അവൾ മനസിൽ ഉറപ്പിച്ചിരുന്നത്. ആമസോൺ കാടിനുള്ളിൽ അതിജീവനത്തിന്റെ 40 ദിവസം.

"എന്റെ കൊച്ചുമകൾ ധീരയായ നായികയാണ്. സഹോദരങ്ങളുടെ ജീവൻ രക്ഷിച്ചത് അവളുടെ മനോധൈര്യമാണ്.."; കുട്ടികളുടെ മുത്തശ്ശി പറയുന്നു. സഹോദരങ്ങളെ എങ്ങനെ നോക്കണമെന്ന് അവൾക്ക് നന്നായറിയാം. അവരൊരിക്കലും അവൾക്കൊരു ഭാരമായിരുന്നില്ല. അനുജത്തിമാരെയും കുഞ്ഞിനേയും അവൾ അത്രയും കരുതലോടെയാണ് നോക്കിയത്.

ശരിയാണ്, വെറും പതിമൂന്ന് വയസ് മാത്രമാണ് അവൾക്ക് പ്രായം. വന്യമൃഗങ്ങളുടെ ഇടയിൽ അതിശൈത്യവും കൊടുങ്കാറ്റും നേരിട്ട് കുഞ്ഞ് സഹോദരങ്ങളെ ചേർത്തുപിടിച്ച് അവൾ 40 ദിവസമാണ് ഘോരവനത്തിനുള്ളിൽ കഴിച്ചുകൂട്ടിയത്. ഒൻപതുകാരിയായ സോളിനി നാലുവയസുകാരി ടിയാൻ നോറിയൽ ഒരുവയസുമാത്രമായ ബേബി ക്രിസ്റ്റിൻ എന്നിവർക്കൊപ്പം ലെസ്‌ലിയെ രക്ഷാദൗത്യ സേന കണ്ടെത്തുമ്പോൾ കാര്യമായ പരിക്കുകളൊന്നും അവർക്കുണ്ടായിരുന്നില്ല. ആത്മവിശ്വാസത്തിന്റെയും മനോധൈര്യത്തിന്റെയും തിളക്കം അപ്പോഴും ലെസ്‌ലിയുടെ കണ്ണുകളിൽ കാണാമായിരുന്നു.

അമ്മയില്ലാത്ത ദിനങ്ങൾ...

മെയ് ഒന്നിന് അമ്മ മഗ്ദലീനക്കൊപ്പം ചെറുവിമാനത്തിൽ യാത്ര തിരിച്ചതായിരുന്നു ലെസ്‌ലിയും സഹോദരങ്ങളും. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പുറപ്പെട്ട സെസ്ന 206 എന്ന വിമാനം കാകെറ്റ പ്രവിശ്യയിലെ ഉൾക്കാട്ടിൽ തകർന്നുവീഴുകയായിരുന്നു. എഞ്ചിൻ തകരാറാണ് വിമാനത്തെ തകർത്തത്. രണ്ടാഴ്ച തിരച്ചിൽ നടത്തിയതിനൊടുവിൽ മെയ് 15ന് തകർന്ന വിമാനം സൈന്യം കണ്ടെത്തി. അമ്മ മഗ്ദലീന, പൈലറ്റ്, ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങൾ തൊട്ടടുത്ത് നിന്ന് തന്നെ കണ്ടെത്തിയിരുന്നു.

എന്നാൽ, കൊളംബിയൻ സേന ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും വിമാനത്തിലുണ്ടായിരുന്ന കുട്ടികളുടെ ഒരു വിവരവും ലഭിച്ചില്ല. കുട്ടികളെ കാണാതായത് കൊളംബിയയിൽ തീരാനോവായി മാറിയിരുന്നു. ആരും തുണയില്ലാതെ എങ്ങനെയാണ് ഈ ചെറിയ കുട്ടികൾ കൊടുംകാടിനുള്ളിൽ എന്ന സംശയമായിരുന്നു എല്ലാവർക്കും. വിമാനാപകടത്തിൽ നിന്ന് രക്ഷപെട്ടെങ്കിൽ കാടിനുള്ളിൽ അകപ്പെട്ട ഇവർ ഇതിനോടകം മരിച്ചുകാണുമെന്നും ഉറപ്പിച്ചിരുന്നു. എന്നാൽ...

ജീവനാണ്...

തകർന്ന വിമാനത്തിന്റെ മൂന്ന് കിലോമീറ്റർ അകലെ നിന്ന് ഇലകളും ചെറുകമ്പുകളും ഉപയോഗിച്ച് നിർമിച്ച കൂര ദൗത്യസേന കണ്ടെത്തി. തൊട്ടടുത്തായി കുഞ്ഞിന്റെ പാൽക്കുപ്പി കണ്ടെത്തിയതോടെ ഇവർ രക്ഷപെട്ടിരിക്കാമെന്ന് ദൗത്യസേന ഉറപ്പിച്ചു. തിരച്ചിൽ ദിവസങ്ങൾ പിന്നിടുമ്പോഴും കാടിനുള്ളിൽ സഹോദരങ്ങളെ ചേർത്തുപിടിച്ച് ലെസ്‌ലിയുണ്ടായിരുന്നു. കൊടുംകാട്ടിൽ സുരക്ഷിതമെന്ന് തോന്നിയ ഒരു സ്ഥലമാണ് അവൾ തിരഞ്ഞെടുത്തത്. വിഷമില്ലാത്ത ഭക്ഷ്യയോഗ്യമായ പഴങ്ങളും വിത്തുകളും വേരുകളും തിരഞ്ഞെടുത്തു. വിമാനത്തിൽ നിന്ന് രക്ഷപെടുമ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്ന മാവും കുഞ്ഞിന് വേണ്ടിയുള്ള ഭക്ഷണവും എടുക്കാൻ അവൾ മറന്നിരുന്നില്ല.

ഭക്ഷണം മാത്രമായിരുന്നില്ല നേരിടേണ്ടി വന്ന വെല്ലുവിളി. പുലികൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങളും ഉഗ്രവിഷമുള്ള പാമ്പുകളും പ്രാണികളും നിറഞ്ഞതാണ് ഉൾക്കാട്. കുട്ടികളെ കാണാതായ ആഴ്ചകളിൽ കൊടുങ്കാറ്റും ശക്തമായിരുന്നു. പതിനാറു മണിക്കൂർ തുടർച്ചയായി മഴയും പെയ്തിരുന്നു. തന്റെ മുടികെട്ടുന്ന ഹെയർ ടൈയും കത്രികയും കയ്യിലുണ്ടായിരുന്ന ഉപകരണങ്ങളും ലെസ്‌ലി വരുംവഴി ഉപേക്ഷിച്ചിരുന്നു. രക്ഷിക്കാൻ ആരെങ്കിലും വരികയാണെങ്കിൽ സഹായമാകട്ടെ എന്ന് അവൾ കരുതിക്കാണണം. ശരിക്കും, ലെസ്‌ലിയുടെ ഹെയർ ടൈ കണ്ടെത്തിയത് ഏറെ സഹായകമായിരുന്നു.

പ്രകൃതിയുടെ പാഠം..

പ്രതികൂല സാഹചര്യങ്ങൾ തിരിച്ചടിയായപ്പോൾ സൈന്യത്തിന്റെ പ്രതീക്ഷ മങ്ങിയെങ്കിലും കുട്ടികളുടെ അച്ഛനായ മാനുവൽ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. അവർ തിരിച്ചുവരുമെന്ന് തന്നെ അയാൾ ഉറപ്പിച്ചുപറഞ്ഞു. തന്റെ സഹോദരിയെ ഇതുപോലെ കാട്ടിൽ കാണാതായതാണെന്നും ഒരു മാസത്തിന് ശേഷം കണ്ടെത്തിയെന്നും അയാൾ ആവർത്തിച്ചു. കാട്ടിലകപ്പെട്ടാൽ എങ്ങനെ രക്ഷപെടണമെന്ന പാഠം നേരത്തെ തന്നെ കുട്ടികൾക്ക് പകർന്നുകിട്ടിയിരുന്നു.

വിറ്റോട്ടോ എന്ന തദ്ദേശീയ ഹുയിറ്റോട്ടോ ഗോത്രവിഭാഗത്തിൽ പെട്ട കുട്ടികളാണവർ. വേട്ടയാടൽ, മത്സ്യബന്ധനം, വിറക്- ഭക്ഷണം ശേഖരിക്കൽ എന്നിവക്ക് ഇവർ വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് പരിശീലനം നൽകുമായിരുന്നു. കാടിനെ കുറിച്ചുള്ള അറിവ് കുട്ടികളെ രക്ഷപെടാൻ സഹായിക്കുമെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ ഗോത്രവർഗക്കാരും പറഞ്ഞിരുന്നു. വളരെ ശരിയായിരുന്നു അത്..

കാടിനുള്ളിലെ ഒളിച്ചുകളി

"ഞങ്ങൾ കാടിനുള്ളിൽ കളിക്കാൻ പോകുമായിരുന്നു, ഒരു സർവൈവൽ ഗെയിം പോലെ..." ലെസ്‌ലിയുടെ ബന്ധുവായ ഡാമറിസ് മുകുതുയ് പറഞ്ഞത് വളരെ ആകാംക്ഷയോടെയാണ് ലോകം കേട്ടത്. ലെസ്‌ലിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒരു ക്യാമ്പ് പോലെ തിരിഞ്ഞാണ് കളിക്കുന്നത്. കാടിനുള്ളിൽ ഒളിച്ചിരുന്ന ശേഷം രക്ഷപെടുന്നതാണ് കളി. ഉൾക്കാട്ടിൽ അകപ്പെട്ടപ്പോഴും ലെസ്‌ലി ഭയപ്പെടാത്തതിന് ഈ ഗെയിം ഒരു കാരണമായിരുന്നേക്കാമെന്ന് ഡാമറിസ് പറയുന്നു.

കാട്ടിൽ ധാരാളം വിഷമുള്ള പഴങ്ങൾ ഉള്ളതിനാൽ തനിക്ക് കഴിക്കാൻ കഴിയാത്ത പഴങ്ങൾ ഏതാണെന്ന് ലെസ്‌ലിക്ക് നന്നായി അറിയാമായിരുന്നു. ഒരു കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്നും അവൾക്കാരും പറഞ്ഞുകൊടുക്കേണ്ടതില്ല. മാവും മരച്ചീനി റൊട്ടിയുമാണ് അവൾ കുട്ടികൾക്ക് കഴിക്കാൻ കൊടുത്തതെന്ന് ലെസ്‌ലിയുടെ മുത്തശ്ശി പറയുന്നു. ചെറുപ്പം മുതലേ മുത്തശ്ശിയുടെ കൂടെയാണ് ലെസ്‌ലിയും സഹോദരങ്ങളും വളർന്നത്.

തിരികെ ജീവിതത്തിലേക്ക്..

ദൗത്യസേന അരികിലെത്തുമ്പോൾ ബേബി ക്രിസ്റ്റിൻ അവരുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. ഒരു വയസ് മാത്രം പ്രായമുള്ള ഈ കുഞ്ഞ് എങ്ങനെയാണ് ഈ കൊടുംകാടിനുള്ളിൽ ഇത്രയും ദിവസം ജീവനോടെ എന്ന ചോദ്യം ദൗത്യസേനയുടെ മുഖത്തുണ്ടായിരുന്നു. അതിന് ഉത്തരമായായിരുന്നു പതിമൂന്ന്കാരി ലെസ്‌ലി സഹോദരങ്ങളുടെ അടുത്ത് നിന്നത്. തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന യൂക്ക മാവ് കഴിച്ചും തിരച്ചിൽ ഹെലികോപ്റ്ററുകൾ വഴി കാട്ടിലേക്ക് എത്തിയ പാഴ്‌സലുകൾ ശേഖരിച്ചും അവൾ സഹോദരങ്ങൾക്കൊപ്പം ദിവസങ്ങൾ കഴിച്ചുകൂട്ടി.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ആർമി റേഡിയോയിൽ ആവേശത്തോടെ മുഴങ്ങിയ ആ ശബ്ദം ശരിക്കും ലെസ്‌ലിക്ക് വേണ്ടിയുള്ളതായിരുന്നു. "മിലാഗ്രോ.."... അത്ഭുതം. നിലവിൽ തലസ്ഥാനമായ ബൊഗോട്ടയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടികൾ.

TAGS :

Next Story