'ഇതൊക്കെ ഏത് രാജ്യം?' ട്രംപ് അധിക്ഷേപിച്ച 'ലെസോതോ', നന്ദി വേണം അമേരിക്കയ്ക്ക് !
ട്രംപിന്റെ 'കോമഡിക്ക്' റിപ്പബ്ലിക്കൻസ് മാത്രം കയ്യടിച്ച് ചിരിച്ചതിന് പിന്നിലും ഒരു കാരണമുണ്ട്...

മറ്റ് രാജ്യങ്ങൾക്ക് യുഎസ് നൽകിവരുന്ന ധനസഹായം നിർത്തലാക്കിയത് ഒരു വലിയ ചർച്ച ആയിരിക്കുകയാണല്ലോ.. അനാവശ്യമായി മറ്റ് രാജ്യങ്ങൾക്ക് പണം കൊടുക്കുന്ന പരിപാടി യുഎസ് നിർത്തി എന്നായിരുന്നു പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം. ഇത് വലിയ വിമർശനങ്ങൾ വിളിച്ചു വരുത്തുകയും ചെയ്തു. ഇപ്പോഴിതാ ഇതിനെ ന്യായീകരിച്ച് ട്രംപ് തന്നെ നടത്തിയ മറ്റൊരു പ്രസംഗം അതിലും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ, കഴിഞ്ഞ ദിവസമാണ് ട്രംപ് ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. ഈ പ്രസംഗത്തിലാകട്ടെ വിവാദ പരാമർശങ്ങളുടെ കുത്തൊഴുക്കായിരുന്നു. ധനസഹായം വെട്ടിക്കുറച്ചതിനെ ന്യായീകരിക്കുന്ന ഈ പ്രസംഗത്തിലെ ഒരു പരാമർശം, ശരിക്കും ട്രംപിന് പണിയായി എന്ന് തന്നെ പറയാം. 'ലെസോതോ' എന്ന ദക്ഷിണാഫ്രിക്കൻ രാജ്യത്തെ കുറിച്ചായിരുന്നു അത്.
'ലെസോതോയോ ഇതൊക്കെ ഏത് രാജ്യം? ആരും കേട്ടിട്ട് പോലുമില്ലല്ലോ' എന്ന് ട്രംപ് തുറന്നടിച്ചു. 2006 മുതൽ, എച്ച്‌ഐവി പ്രതിരോധം അടക്കമുള്ള പ്രവർത്തനങ്ങൾക്കായി യുഎസ് സഹായധനം നൽകി വരുന്ന രാജ്യമാണ് ലെസോതോ എന്നോർക്കണം... എയ്ഡ്‌സിനെതിരെ പോരാടുന്നതിനായി ഇതുവരെ 630 മില്യൺ ഡോളർ യുഎസ് ലെസോതോയിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഫെബ്രുവരിയിൽ അമേരിക്ക വിദേശ സഹായങ്ങൾ വെട്ടിക്കുറച്ചപ്പോൾ ഈ ഫണ്ടും നിർത്തലാക്കി.
ലോകത്ത് എച്ച്‌ഐവി നിരക്കിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ലോസോതോ. 22ശതമാനം ആളുകൾക്കും ഇവിടെ രോഗബാധയുണ്ട്. യുഎസ് ധനസഹായത്തോടെ നടന്നുവന്നിരുന്ന പെപ്ഫാർ പോലുള്ള പദ്ധതികൾ എച്ച്‌ഐവി പ്രതിരോധത്തെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു.
ഈ രാജ്യത്തെയാണ് 'എനിക്കൊരു പരിചയവുമില്ല, ഫണ്ട് എന്തെങ്കിലും തിരിമറിയിലൂടെ എത്തിയതാവും' എന്ന രീതിയിൽ ട്രംപ് അധിക്ഷേപിച്ചത്. ട്രംപിത് പറയുമ്പോൾ കോൺഗ്രസിലാകെ ചിരിപൊട്ടുന്നതും വീഡിയോയിൽ കേൾക്കാം. യുഎസ് അയച്ച പണത്തിൽ 8 മില്യൺ ഡോളറോളം, ലെസോതോ, എൽജിബിടിക്യൂ കമ്മ്യൂണിറ്റിയുടെ പ്രവർത്തനത്തിന് ഉപയോഗിച്ചെന്നായിരുന്നു ട്രംപിന്റെ മറ്റൊരു പ്രധാന ആരോപണം. ഇത് വലിയ കുറ്റപ്പെടുത്തൽ പോലെയാണ് ട്രംപ് പറയുന്നത്.
എന്നാൽ ഈ വാദങ്ങളൊക്കെ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലെസോതോ. ട്രംപിനെ പോലെ ഒരു രാഷ്ട്രനേതാവ് മറ്റൊരു രാജ്യത്തെ ഇങ്ങനെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ലെസോതോ വിദേശകാര്യ മന്ത്രി ലെജോൺ പോട്ട്‌ജോവാൻ പ്രതികരിച്ചത്. തങ്ങളിത് അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതിഷേധസൂചകമായി വാഷിംഗ്ടണിലേക്ക് കത്തയയ്ക്കും എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ട്രംപ് പറഞ്ഞ ഈ 8 മില്യൺ ഡോളർ ഏത് വകുപ്പിലാണ് രാജ്യത്തേക്ക് എത്തിയതെന്ന് വിദേശകാര്യമന്ത്രാലയത്തിന് പോലും അറിയില്ല. ഇത് വ്യക്തമാക്കാൻ വൈറ്റ് ഹൗസ് മുതിർന്നിട്ടുമില്ല. യുഎസ് ഗവൺമെന്റിന്റെ ഫോറിൻ അസിസ്റ്റൻസ് വെബ്‌സൈറ്റിലും ഇങ്ങനെയൊരു 8 മില്യണെ കുറിച്ച് പരാമർശമില്ല. പക്ഷേ 2024ൽ 120 മില്യൺ ഡോളർ ആരോഗ്യ-ജനസംഖ്യാ മേഖലയിൽ ചെലവഴിച്ചതായി സൈറ്റ് വ്യക്തമാക്കുന്നുണ്ട് താനും. ഇതിൽ 43.5 മില്യൺ ഡോളർ എയ്ഡ്‌സ് പ്രതിരോധത്തിനായാണ് വകയിരുത്തിയിരിക്കുന്നത്.
ലെസോതോയിൽ ക്വീർ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്ന പീപ്പിൾസ് മാട്രിക്‌സ് എന്ന സംഘടനയും 8 മില്യൺ ഫണ്ടിനെ കുറിച്ച് ചോദിച്ചപ്പോൾ കൈമലർത്തുകയാണുണ്ടായത്. ഇത്തരമൊരു ഫണ്ടിനെ കുറിച്ച് ഇതുവരെ കേട്ടിട്ട് പോലുമില്ലെന്നായിരുന്നു സംഘടനാ വക്താവ് ടാംപോസ് മോതോപെങ്ങിന്റെ പ്രതികരണം. നിലവിൽ യുഎസിൽ നിന്ന് ഒരു ഗ്രാന്റും സംഘടനയ്ക്ക് കിട്ടുന്നില്ലെന്നും, ട്രംപ് പറഞ്ഞ 8 മില്യൺ ഡോളർ ആര് കൈപ്പറ്റി എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. 8 മില്യൺ ഡോളർ ചെലഴിക്കാൻ മാത്രം ഒരു പദ്ധതിയും ലെസോതോയിൽ നിലവിലില്ല എന്നാണ് ടാംപോസ് കൂട്ടിച്ചേർക്കുന്നത്.
ഇത്രയൊക്കെയാണെങ്കിലും ട്രംപിനീ രാജ്യം എവിടെയോ കിടക്കുന്ന ഏതോ ഒരു രാജ്യമാണ്. പരസ്യമായി അധിക്ഷേപിച്ചിട്ടും പരക്കെ വിമർശനങ്ങളുയർന്നിട്ടും അതിനെയൊന്നും ഗൗനിക്കാൻ പോലും വൈറ്റ് ഹൗസ് മുതിർന്നിട്ടില്ല. യുഎസ് കോൺഗ്രസിലെ ട്രംപിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാപക പ്രതിഷേധങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. ലെസോതോയ്ക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതകളും രാജ്യത്തിന്റെ മാസ്മരികമായ പ്രകൃതിഭംഗിയുമൊക്കെ ചൂണ്ടിക്കാട്ടി പോസ്റ്റുകൾ സുലഭമാണ് സമൂഹമാധ്യമങ്ങളിൽ. അത്തരം പോസ്റ്റുകൾ ചൂണ്ടിക്കാട്ടുന്ന, ലെസോതോയെ ലെസോതോ ആക്കുന്ന ചില കാര്യങ്ങൾ ഒന്ന് നോക്കാം...
സമുദ്രനിരപ്പിൽ നിന്ന് ആയിരം മീറ്റർ ഉയരത്തിലാണ് ലെസോതോ ഒന്നാകെ സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരത്തിലുള്ള ലോകത്തെ ഒരേയൊരു രാജ്യമാണിത്. മലമുകളിലാണ് ലെസോതോ എന്നത് കൊണ്ടു തന്നെ 'ദി കിംഗ്ഡം ഇൻ ദി സ്‌കൈ' എന്നാണ് ലെസോതോയ്ക്ക് വിശേഷണം. ഇവിടുത്തെ എയർപോർട്ടുകളിൽ നിന്ന് പറന്നുയരുമ്പോൾ കൂട്ടിൽ നിന്ന് ആദ്യമായി പറക്കാൻ തുടങ്ങുന്ന പക്ഷിയെ പോലെ തോന്നുമെന്ന് പലരും ഭംഗി വാക്ക് പറഞ്ഞിട്ടുമുണ്ട്.
ഉയർന്ന സമതലപ്രദേശമായത് കൊണ്ടുതന്നെ പ്രകൃതിവിഭവങ്ങളിൽ വലുതായൊന്നും അവകാശപ്പെടാനില്ല ലെസോതോയ്ക്ക്. 'വൈറ്റ് ഗോൾഡ്' ആണ് രാജ്യത്തിന്റെ പ്രധാന റിസോഴ്‌സ്.. ഈ വൈറ്റ് ഗോൾഡ് എന്ന് പറയുന്നത്, നമ്മുടെ സ്വർണത്തിന്റെ വേരിയന്റ് അല്ല- അത് വെള്ളമാണ്. ദക്ഷിണാഫ്രിക്കയിലേക്ക് മുഴുവൻ വിതരണം ചെയ്യാൻ തക്കവണ്ണം വെള്ളമുണ്ട് ലെസോതോയ്ക്ക്. രാജ്യത്തെ വരുമാനസ്രോതസ്സിന്റെ നല്ലൊരു പങ്കും ഇതായതിനാൽ വെള്ളം ഇവിടെ അറിയപ്പെടുന്നത് 'വൈറ്റ് ഗോൾഡ്' എന്നാണ്. ഡയമണ്ട് ആണ് ലെസോതോയുടെ മറ്റൊരു പ്രധാന കയറ്റുമതി.
യുകെയെ പോലെ ഒരു കോൺസ്റ്റിറ്റിയൂഷണൽ മൊണാർക്കി ആണ് ലെസോതോ. ഭരണത്തിൽ പ്രധാനമന്ത്രിക്കെന്ന പോലെ രാജ്യത്ത് രാജകുടുംബത്തിനും പങ്കുണ്ട്. നിലവിലെ രാജാവ് ലെറ്റ്‌സീ മൂന്നാമനുമായി ഹാരി രാജകുമാരൻ നല്ല ബന്ധത്തിലുമാണ്. ഇരുവരുമൊന്നിച്ചുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ലെസോതോയിലെ എയ്ഡ്‌സ് പ്രതിരോധത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്.
ഇനി ട്രംപിനറിയില്ലെങ്കിലും നിരസിക്കാനാവാത്ത ഒരു ഉപകാരം ലെസോതോ അമേരിക്കയ്ക്ക് ചെയ്തുനൽകുന്നുണ്ട്- ജീൻസിന്റെ കയറ്റുമതി. ലെവി, വ്രാംഗ്‌ളർ എന്നിങ്ങനെ യുഎസ് വിപണി ഭരിക്കുന്ന മിക്ക ബ്രാൻഡുകളുടെയും നിർമാണം നടക്കുന്നത് ലെസോതോയുടെ ഫാക്ടറികളിലാണ്. ഇതുകൊണ്ടു തന്നെ 'ദി ഡെനിം ക്യാപിറ്റൽ ഓഫ് ആഫ്രിക്ക' എന്ന വിളിപ്പേരുമുണ്ട് ലെസോതോയ്ക്ക്. ഈ തുണിഫാക്ടറികളൊക്കെയും ചൈനീസ്, തായ്‌വാനീസ് കുടിയേറ്റക്കാരുടെ ഉടമസ്ഥതയിലാണ് എന്നതാണ് മറ്റൊരു വസ്തുത. ജീൻസ് കൂടാതെ മറ്റ് തുണിത്തരങ്ങളും യുഎസിലേക്ക് ലെസോതോ കയറ്റി അയയ്ക്കുന്നുണ്ട്.
ആഫ്രിക്കൻ 'ഗ്രോത്ത് ആൻഡ് ഓപ്പർച്യൂണിറ്റി ആക്ട് അഥവാ അഗോവ' എന്ന പ്രത്യേക നിയമം അനുസരിച്ചാണ് ഈ കയറ്റുമതി. ലെസോതോ ഉൾപ്പടെയുള്ള ആഫ്രിക്കൻ രാജ്യങ്ങൾക്ക് കരമടയ്ക്കാതെ യുഎസിലേക്ക് സാധനങ്ങൾ കയറ്റി അയയ്ക്കാൻ സാധുത നൽകുന്ന വകുപ്പ് ആണിത്. കഴിഞ്ഞ വർഷം മാത്രം 237 മില്യൺ ഡോളറിന്റെ തുണിത്തരങ്ങളാണ് ലെസോതോ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. കയറ്റുമതി തുണിത്തരങ്ങളുടെ ഗുണനിലവാരത്തിൽ രണ്ടാം സ്ഥാനമാണ് ലെസോതോയ്ക്ക്.
ഇങ്ങനെയൊക്കെ പല രീതിയിൽ മുന്നിട്ട് നിൽക്കുന്ന ലെസോതോ, ഒരു തരത്തിൽ പറഞ്ഞാൽ ട്രംപിന്റെ പ്രസ്താവനയോടെ കൂടുതൽ പ്രശസ്തി നേടുകയാണുണ്ടായത്. ട്രംപ് കേട്ടിട്ടില്ലെങ്കിലും ട്രംപിന് മുമ്പേ അമേരിക്ക ലെസോതോയെ കേട്ടിട്ടുണ്ടെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാവാം ട്രംപിന്റെ സോ കോൾഡ് കോമഡിക്ക് റിപ്പബ്ലിക്കൻസ് മാത്രം കയ്യടിച്ച് ചിരിച്ചതും.
Adjust Story Font
16

