Quantcast

ട്രംപിന്റെ ചിത്രം പതിച്ച നാണയം സ്വന്തമാക്കാൻ അമേരിക്കയിൽ വൻ തിരക്ക്

ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ യു.എസ്. കറൻസിയിൽ ഉൾപ്പെടുത്തുന്നതിന് പൊതുവെ നിയന്ത്രണങ്ങളുള്ളതിനാൽ നാണയത്തിന്റെ പുറത്തിറക്കൽ ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നാണ് വിലയിരുത്തൽ.

MediaOne Logo

Web Desk

  • Published:

    4 Sept 2026 5:15 PM IST

ട്രംപിന്റെ ചിത്രം പതിച്ച നാണയം സ്വന്തമാക്കാൻ അമേരിക്കയിൽ വൻ തിരക്ക്
X

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രം പതിച്ച പ്രത്യേക 1 ഡോളർ നാണയത്തിന് അമേരിക്കയിൽ വൻ ഡിമാൻഡ്. നാണയം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഓൺലൈൻ വിൽപ്പനയിലെ ആദ്യ സ്റ്റോക്ക് വിറ്റുതീർന്നു.

അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിന്റെ ഭാഗമായാണ് യു.എസ്. മിന്റ് നാണയം പുറത്തിറക്കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 1 ഡോളർ കോയിൻ യു.എസ്. മിന്റിന്റെ ഔദ്യോഗിക ഓൺലൈൻ കാറ്റലോഗിലൂടെ വിൽപ്പനയ്ക്കെത്തിയത്.

ആളുകളുടെ തിരക്ക് കാരണം ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഒരു മണിക്കൂറിലധികം വെർച്വൽ വെയിറ്റിങ് റൂമിൽ കാത്തിരിക്കേണ്ടിവന്നു. പിന്നാലെ ലഭ്യമായ സ്റ്റോക്ക് അതിവേഗം തീർന്നു.

25 നാണയങ്ങളടങ്ങിയ ഒരു റോളിന് 61 ഡോളറാണ് വില. 100 നാണയങ്ങളടങ്ങിയ ബാഗിന് 154.50 ഡോളറും. ഓർഡറുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമായി ഒരു കുടുംബത്തിന് പരമാവധി രണ്ട് ഓർഡറുകൾ മാത്രമാണ് യു.എസ്. മിന്റ് അനുവദിച്ചത്.

സ്വർണനിറത്തിലുള്ള രൂപം നൽകുന്ന കോപ്പർ, സിങ്ക്, മാംഗനീസ്, നിക്കൽ എന്നിവയുടെ പ്രത്യേക മിശ്രിതത്തിലാണ് നാണയം നിർമിച്ചിരിക്കുന്നത്.നാണയത്തിന്റെ മുൻവശത്ത് ഡോണൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻവശത്ത് പ്രസിഡൻഷ്യൽ സീൽ ആണ് ആലേഖനം ചെയ്തിരിക്കുന്നത്.

ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ യു.എസ്. കറൻസിയിൽ ഉൾപ്പെടുത്തുന്നതിന് പൊതുവെ നിയന്ത്രണങ്ങളുള്ളതിനാൽ നാണയത്തിന്റെ പുറത്തിറക്കൽ ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നാണ് വിലയിരുത്തൽ.

അതേസമയം, 1926ൽ അമേരിക്കയുടെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ കമ്മെമറേറ്റീവ് ഹാഫ് ഡോളറിൽ അന്നത്തെ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. അധികാരത്തിലിരിക്കെ നാണയത്തിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു പ്രസിഡന്റിന്റെ ഉദാഹരണമായി ഇതാണ് സാധാരണയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

TAGS :

Next Story