പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി ഹ്യൂമനോയിഡ് റോബോട്ട്
മീശയും സ്വർണമാലയും വെളുത്ത ബനിയനും ധരിച്ച ചുവപ്പും സ്വർണ നിറത്തിലുമുള്ള റോബോട്ടിന്റെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്

ബെർലിൻ: ഹ്യൂമനോയിഡ് റോബോട്ട് 16കാരിയെ ലൈംഗികമായി ഉപദ്രവിച്ചു. ജർമനിയിലെ കൊളോൺ നഗരത്തിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജർമനിയിലെ ഹോഹൻസൊള്ളെൺറിങിനടുത്തുള്ള റസ്റ്ററന്റിന്റെ പുറത്തുനിൽക്കുകയായിരുന്ന പെൺകുട്ടിയെ 3.9 അടി ഉയരമുള്ള റോബോട്ട് പുറകിലൂടെ അടുത്തുചെന്ന് ആലിംഗനം ചെയ്ത് ഉടനെ അപ്രതീക്ഷിതമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതോടെ റോബോട്ടിന്റെ പ്രവൃത്തിയിൽ ഭയന്ന് പെൺകുട്ടി ഉറക്കെ നിലവിളിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച റോബോട്ടിന്റെ ഉടമയായ 16കാരനും ഇയാളുടെ സുഹൃത്തായ 19കാരനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ റോബോട്ടിനെ കാറിൽ ഒളിപ്പിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ നിന്നുമാണ് റോബോട്ടിനെ കണ്ടെത്തിയത്.
മീശയും സ്വർണ്ണമാലയും വെളുത്ത ബനിയനും ധരിച്ച ചുവപ്പും സ്വർണ്ണ നിറത്തിലുള്ള റോബോട്ടിന്റെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികൾ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച മെബൈൽ ഫോണും കൊളോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസമയത്ത് ആരെങ്കിലും മനഃപൂർവ്വം റോബോട്ടിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നുണ്ടായിരുന്നോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.
Adjust Story Font
16

