Quantcast

'ലണ്ടനിലും പാരീസിലും ബെര്‍ലിനിലും എത്തുന്ന മിസൈല്‍ അവര്‍ക്കുണ്ട്'; ഇറാന്‍ 'ആഗോള ഭീഷണി'യെന്ന് ഇസ്രായേല്‍

ഡീഗോ ഗാര്‍ഷ്യ ദ്വീപിലേക്ക് ഇറാന്‍ മിസൈല്‍ തൊടുത്തതിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ പ്രസ്താവന

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-22 10:53:52.0

Published:

22 March 2026 4:22 PM IST

IDF sounds alarm after Diego Garcia strike
X

തെല്‍ അവിവ്: 4000 കിലോമീറ്ററിലേറെ പരിധിയുള്ള മിസൈലുകള്‍ ഇറാന്റെ കൈവശമുണ്ടെന്നും ഇത് ആഗോള ഭീഷണിയാണെന്നും ഇസ്രായേല്‍ സൈന്യം. ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ എന്നിവിടങ്ങളിലേക്ക് വരെ എത്താനാകുന്ന മിസൈലുകളാണിതെന്നും ഐഡിഎഫ് പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ യുഎസ്-യുകെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ദ്വീപിലേക്ക് ഇറാന്‍ മിസൈല്‍ തൊടുത്തതിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ പ്രസ്താവന.

'ഓപ്പറേഷന്‍ റോറിങ് ലയണ്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാന്‍ 4000 കിലോമീറ്റര്‍ ദൂപരിധിയുള്ള മിസൈല്‍ വിക്ഷേപിക്കുന്നത്. യൂറോപ്പിനും എഷ്യക്കും ആഫ്രിക്കക്കും ഭീഷണിയാകുന്ന വിധത്തില്‍ 4000 കിലോമീറ്റര്‍ ദൂപരിധിയുള്ള മിസൈല്‍ ഇറാന്‍ വികസിപ്പിക്കുന്നതായി 2025 ജൂണില്‍ ഞങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അന്ന് അവര്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഇറാന്‍ ആഗോള ഭീഷണിയാണെന്ന് ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവര്‍ക്ക് ലണ്ടനിലും പാരീസിലും ബെര്‍ലിനിലും എത്തുന്ന മിസൈലുകളുണ്ട്. മേഖലയിലെ 12 രാജ്യങ്ങളെയാണ് ഇറാന്‍ ഇപ്പോള്‍ ആക്രമിച്ചിരിക്കുന്നത്. കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നതിനുള്ള ശേഷി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ' -ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

തെഹ്‌റാനില്‍നിന്ന് 4000 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന സൈനിക കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തിയത് പാശ്ചാത്യ ശക്തികളെ ഞെട്ടിച്ചിരുന്നു. രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകളാണ് ശനിയാഴ്ച ഇറാന്‍ ഡീഗോ ഗാര്‍ഷ്യയിലേക്ക് തൊടുത്തത്. ഒന്ന് വഴിമധ്യേ തടഞ്ഞെന്നും മറ്റൊരെണ്ണം യുദ്ധക്കപ്പല്‍ ഉപയോഗിച്ച് തകര്‍ത്തെന്നും യുഎസ് അവകാശപ്പെട്ടെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായോ എന്ന് വ്യക്തമല്ല. പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് തങ്ങളുടെ മിസൈല്‍ പ്രഹര ശേഷി തെളിയിക്കാന്‍ ഇറാന്‍ മേഖലക്ക് പുറത്തേക്ക് ആക്രമണം നടത്തിയത്.

യുദ്ധം 23ാം ദിവസത്തിലേക്ക് കടന്നിരിക്കെ ഹോര്‍മുസ് തുറന്നില്ലെങ്കില്‍ 48 മണിക്കൂറിനകം ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. '48 മണിക്കൂറിനകം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് യാതൊരുവിധ ഭീഷണികളുമില്ലാതെ പൂര്‍ണ്ണമായി തുറന്നുനല്‍കിയില്ലെങ്കില്‍ ഇറാന്റെ വിവിധ വൈദ്യുത നിലയങ്ങളെ ആക്രമിച്ചു നാമാവശേഷമാക്കും. ഏറ്റവും വലിയ പവര്‍ പ്ലാന്റില്‍ നിന്നായിരിക്കും തുടക്കം' -ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്നാല്‍, ഹോര്‍മുസ് പിടിച്ചെടുക്കാന്‍ യുഎസ് ശ്രമിച്ചാല്‍ ഗള്‍ഫ് മേഖലയിലെ ഊര്‍ജകേന്ദ്രങ്ങളെ തങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

TAGS :

Next Story