Quantcast

ഇസ്രായേല്‍ സൈനികരെ അറബിയും ഇസ്‌ലാമിക സംസ്‌കാരവും പഠിപ്പിക്കാന്‍ ഐഡിഎഫ്; കാരണമെന്ത്?

ഇസ്രായേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റായ 'അമാന്‍' മേധാവി മേജര്‍ ജനറല്‍ ഷലോമി ബിന്ദറിന്റെ നേതൃത്വത്തിലാണു പുതിയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 July 2025 7:53 PM IST

IDFs new wing to train every intelligence operative Islam; wants Israeli schools to teach Arabic
X

ഇന്റലിജന്‍സ് വിഭാഗത്തിലെ എല്ലാ സൈനികരും ഉദ്യോഗസ്ഥര്‍ക്കും ഇസ്‍ലാമിക പഠനവും അറബി ഭാഷാ പരിശീലനവും നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്. 2023 ഒക്ടോബര്‍ ഏഴിനു നടന്ന ഹമാസിന്റെ മിന്നലാക്രമണത്തിലുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചകളില്‍നിന്നു പാഠം പഠിച്ചാണു പുതിയ നീക്കമെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനും ഹൂത്തികള്‍ ഉള്‍പ്പെടെയുള്ള അവരുടെ സഖ്യകക്ഷികളും വന്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതും ഇത്തരമൊരു തീരുമാനത്തിലേക്കു നയിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റായ 'അമാന്‍' മേധാവി മേജര്‍ ജനറല്‍ ഷലോമി ബിന്ദറിന്റെ നേതൃത്വത്തിലാണു പുതിയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്. 2026 അവസാനത്തോടെ, അമാന്‍ വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും ഇസ്്‌ലാമിക പഠന പരിശീലനം പൂര്‍ത്തിയാക്കണം. 50 ശതമാനം പേര്‍ അറബി ഭാഷാ പരിശീലനം നേടണമെന്നും ഉത്തരവിലുണ്ട്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണം ഇസ്രായേല്‍ ചരിത്രത്തില്‍ തന്നെ അസാധാരണ സംഭവമാണ്. സാധാരണ അതീവ സുരക്ഷയുള്ള ഗസ്സ അതിര്‍ത്തി വഴി ആയിരക്കണക്കിന് ഹമാസ് പോരാളികളാണ് ദക്ഷിണ ഇസ്രായേലിലേക്കു നുഴഞ്ഞുകയറിയത്. 240 പേരെ ബന്ദികളാക്കി പിടിച്ചുകൊണ്ടുപോകുകയും, ഇവിടെ നടന്ന സൂപ്പര്‍ നോവ മ്യൂസിക് ഫെസ്റ്റിവലില്‍ അടക്കം നടന്ന ആക്രമണങ്ങളില്‍ 1,200ലധികം ഇസ്രായേലികളും വിദേശ പൗരന്മാരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇന്റലിജന്‍സ് വിവരങ്ങളുടെ വിശകലനത്തിലുണ്ടായ പാളിച്ചകളാണ് ഇത്തരമൊരു ആക്രമണം മുന്‍കൂട്ടിക്കാണുന്നതിലും പ്രതിരോധമൊരുക്കുന്നതിലും വീഴ്ച സംഭവിക്കാന്‍ കാരണമെന്നാണ് ഇസ്രായേല്‍ സൈന്യം വിലയിരുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ ആരംഭിക്കാന്‍ സൈന്യം തീരുമാനിച്ചത്. ജറുസലേം പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, അറബി ഭാഷയിലും ഇസ്‍ലാമിക സംസ്‌കാരത്തിലുമുള്ള അറിവിന്റെ അഭാവം ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിച്ചിട്ടുണ്ടെന്നാണു പൊതുവിലയിരുത്തല്‍.

അമാന്‍ മേധാവി ഷലോമി ബിന്ദറിന്റെ നിര്‍ദേശപ്രകാരം, ഇന്റലിജന്‍സ് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും ഒന്നുകില്‍ അറബി ഭാഷാ പരിശീലനം നേടുകയോ ഇസ്‍ലാമിക സംസ്‌കാരങ്ങളെ കുറിച്ചു പഠിക്കുകയോ വേണം. സാങ്കേതിക വിഭാഗത്തിലുള്ളവര്‍ക്കും ഇതു ബാധകമാണ്. ഹൂത്തി, ഇറാഖി ഭാഷാഭേദങ്ങളില്‍ പ്രത്യേകമായ പരിശീലനവുമുണ്ടാകും. ഹൂത്തി ആശയവിനിമയങ്ങള്‍ മനസിലാക്കുന്നതില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നേരിട്ട വെല്ലുവിളികള്‍ കൂടി ഈ തീരുമാനത്തിനു പിന്നില്‍ പ്രധാന ഘടകമായിട്ടുണ്ട് എന്നാണ് അറിയുന്നത്.

അറബിക്, ഇസ്‍ലാമിക പഠനങ്ങള്‍ക്കായി ഒരു പുതിയൊരു വിഭാഗം ആരംഭിക്കാനും ഐഡിഎഫ് പദ്ധതിയിടുന്നുണ്ട്. വിവര്‍ത്തകര്‍, റേഡിയോ ഓപറേറ്റര്‍മാര്‍, ഇന്റലിജന്‍സ് ഗവേഷകര്‍ എന്നിവര്‍ക്കെല്ലാം ഈ വിഭാഗം പരിശീലനം നല്‍കും. ബ്രിഗേഡ്, ഡിവിഷന്‍ തലങ്ങളിലെ ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ക്ക് ഉയര്‍ന്ന തലത്തില്‍ അറബി ഭാഷാപരിജ്ഞാനവും ഇസ്‍ലാമിക സംസ്‌കാരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ഉണ്ടായിരിക്കണമെന്നാണ് ഐഡിഎഫിന്റെ ദീര്‍ഘകാല പദ്ധതി.

അറബിക്, മിഡില്‍ ഈസ്റ്റേണ്‍ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇസ്രായേലിലെ മിഡില്‍, ഹൈസ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ടെലെം എന്ന പേരിലുള്ള പ്രോഗ്രാമും പുനരാരംഭിക്കാന്‍ തീരുമാനമുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ആറ് വര്‍ഷം മുന്‍പ് ഈ പ്രോഗ്രാം നിര്‍ത്തലാക്കിയിരുന്നു. അറബി പഠനവും ഇതിനു പിന്നാലെ കുത്തനെ കുറഞ്ഞതായാണ് സൈന്യം വിലയിരുത്തുന്നത്. ടെലെം പുനരാരംഭിക്കുന്നതോടെ, ഭാവിയില്‍ സൈന്യത്തില്‍ ചേരുന്നവര്‍ക്ക് അറബി ഭാഷയിലും മിഡില്‍ ഈസ്റ്റേണ്‍ സംസ്‌കാരത്തിലും മുന്‍കൂര്‍ പരിജ്ഞാനം നല്‍കാന്‍ സഹായിക്കുമെന്നാണു കണക്കുകൂട്ടുന്നത്.

പശ്ചിമേഷ്യയില്‍ സുരക്ഷാ ഭീഷണികള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അറബി ഭാഷയിലുള്ള പരിജ്ഞാനവും ഹൂത്തി, ഇറാഖി ഭാഷാഭേദങ്ങളിലുള്ള അവഗാഹവും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ കരുത്താകുമെന്നാണ് ഐഡിഎഫ് വിലയിരുത്തല്‍. എതിരാളികളുടെ ആശയവിനിമയങ്ങള്‍ കരൃത്യമായി മനസിലാക്കുന്നതില്‍ ഇതു നിര്‍ണായകമാണ്. യൂനിറ്റ് 8200 പോലുള്ള സൈബര്‍ ഇന്റലിജന്‍സ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കടക്കം ഈ പരിശീലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, ഫലസ്തീനികളുടെ അറബി ആശയവിനിമയങ്ങളെ മനസിലാക്കാന്‍ യൂനിറ്റ് 8200 ഒരു ലാര്‍ഡ് ലാങ്വേജ് മോഡല്‍ വികസിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

TAGS :

Next Story