ട്രംപിന്റെ ആരോപണങ്ങൾക്ക് വോട്ടിലൂടെ മറുപടി; ഇൽഹാൻ ഒമറിന് വീണ്ടും മിന്നും ജയം
ഇല്‍ഹാന്‍ ഒമറിന്റെ പൗരത്വത്തില്‍ സംശയമുണ്ടെന്നും രാജിവെക്കണമെന്നും നേരത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു

- Updated:
2026-11-04 08:02:07

വാഷിങ്ടണ്‍: മിനസോട്ടയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് ഡെമോക്രാറ്റിക് പ്രതിനിധിയായ ഇൽഹാൻ ഒമറിന് തകര്‍പ്പന്‍ വിജയം. വ്യാജ ആരോപണങ്ങളില്‍ പതറാതെയാണ് യുഎസ് പ്രതിനിധി സഭയിലേക്ക് ഇൽഹാൻ ഒമർ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.
ഇമിഗ്രേഷൻ രേഖകളെച്ചൊല്ലിയും ഇൽഹാൻ ഒമറിന്റെ പേരുമായി ബന്ധപ്പെട്ടും ഉയർന്ന വ്യാജരേഖ/ഐഡന്റിറ്റി തട്ടിപ്പ് ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ട്രംപും റിപ്പബ്ലിക്കൻ നേതാക്കളും അവരോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ചാണ് ഒമർ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
സോമാലിയൻ അഭയാർത്ഥിയായി അമേരിക്കയിലെത്തി യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലിം വനിതകളിൽ ഒരാളായിരുന്നു ഇൽഹാൻ ഒമർ. ഒമറിന്റെ ഈ വിജയം വരും ദിവസങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് മിനസോട്ടയിൽ ശക്തമായ അടിത്തറ നൽകും.
കഴിഞ്ഞ ഒക്ടോബറിൽ ഇൽഹാൻ ഒമറിന്റെ വാഷിങ്ടണിലെ വസതിയിൽ ഫെഡറൽ ഏജൻസികൾ (ഹോംലാൻഡ് സെക്യൂരിറ്റി) പരിശോധന നടത്തിയിരുന്നു. അവരുടെ പൗരത്വവുമായി ബന്ധപ്പെട്ട പഴയകാല ഇമിഗ്രേഷൻ രേഖകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായായിരുന്നു ഇത്. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ വിമർശിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ ഈ നീക്കം അമേരിക്കൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നായിരുന്നു മുന്‍ പ്രസിഡന്റ് ഒബാമയുടെ പ്രതികരണം. ഒമറിന്റെ പൗരത്വം റദ്ദാക്കാനും നാടുകടത്താനുമുള്ള രാഷ്ട്രീയ പ്രേരിതമായ ശ്രമമാണിതെന്നും, പ്രസിഡന്റിനെ വിമർശിക്കുന്നവരെ ഭരണകൂടം ലക്ഷ്യമിടുന്നുവെന്നും ഒബാമ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം യുഎസ്. ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗമാണ് കാണുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് ഡെമോക്രാറ്റുകൾ വൻമുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. സെനറ്റിന്റേയും ജനപ്രതിനിധി സഭയുടേയും നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ അധീനതയിൽ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിർണായക മണ്ഡലമായ മിഷിഗണിൽ അബ്ദുൽ അൽ സഈദ് മുന്നിലാണ്. സഈദിനെ തോല്‍പ്പിക്കാന്‍ ട്രംപ് ഇവിടെ ഏറെ 'പണിയെടുത്തിരുന്നു'
Adjust Story Font
16
