Quantcast

പാകിസ്താനിൽ മുൻ ചീഫ് ജസ്റ്റിസ് കെയർടേക്കർ പ്രധാനമന്ത്രി; നാമനിർദേശവുമായി ഇമ്രാൻ ഖാൻ

ദേശീയ അസംബ്ലി പിരിച്ചുവിട്ട് പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് കെയർ ടേക്കർ പ്രധാനമന്ത്രിയെ നിയമിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 April 2022 4:40 PM GMT

പാകിസ്താനിൽ മുൻ ചീഫ് ജസ്റ്റിസ് കെയർടേക്കർ പ്രധാനമന്ത്രി; നാമനിർദേശവുമായി ഇമ്രാൻ ഖാൻ
X

ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനു പിന്നാലെ മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹ്‌മദിനെ കെയർ ടേക്കർ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്ത് ഇമ്രാൻ ഖാൻ. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ)യുടെ കോർ കമ്മിറ്റി യോഗത്തിൽ അനുമതി ലഭിച്ചതോടെയാണ് പ്രസിഡന്റ് ആരിഫ് അൽവിക്കും പ്രതിപക്ഷ നേതാവ് ഷഹബാസ് ശരീഫിനും ഗുൽസാറിന്റെ പേര് നിർദേശിച്ച് കത്തെഴുതിയത്.

മുൻ പാക് മന്ത്രിയും മുതിർന്ന പി.ടി.ഐ നേതാവുമായ ഫവാദ് ചൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ അസംബ്ലി പിരിച്ചുവിട്ട് രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് കെയർ ടേക്കർ പ്രധാനമന്ത്രിയെ നിയമിക്കുന്നത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും നിർദേശിക്കുന്ന സാഹചര്യത്തിൽ കെയർ ടേക്കർ പ്രധാനമന്ത്രിയെ നിയമിക്കാൻ പാക് പ്രസിഡന്റിന് ഭരണഘടനാ അധികാരമുണ്ട്.

അതേസമയം, ഇമ്രാൻ ഖാന്റെ നിർദേശം പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. നടപടി നിയമവിരുദ്ധമാണെന്നും ഇതിൽ തങ്ങൾ ഭാഗമാകില്ലെന്നും പ്രതിപക്ഷ നേതാവ് ഷഹബാസ് ശരീഫ് പ്രതികരിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയും ചേർന്ന് നിയമം ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനകം പ്രതിപക്ഷ നേതാവ് മറ്റു പേരുകളൊന്നും നിർദേശിച്ചിട്ടില്ലെങ്കിൽ സ്പീക്കറും പിരിച്ചുവിടപ്പെട്ട ദേശീയ അസംബ്ലിയിലെയും സെനറ്റിലെയും എട്ട് അംഗങ്ങളും ചേർന്നുള്ള കമ്മിറ്റി പ്രധാനമന്ത്രി നിർദേശിച്ച രണ്ട് പേരിൽനിന്ന് ഒരാളെ കെയർടേക്കർ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയാണ് ചെയ്യുക.

Summary: Imran Khan nominates former chief justice of Pakistan as caretaker PM

TAGS :

Next Story