Quantcast

മേഘം തൊട്ടു നടന്ന് മേഘപ്പുലി; നാഗാലാന്റിലെ പർവനിരയിൽ കണ്ടത് അപൂർവകാഴ്ച

ലോകത്താദ്യമായാണ് ക്ലൗഡഡ് ലെപ്പർഡിനെ 3,700 മീറ്റർ ഉയരമുള്ള പർവതപ്രദേശത്ത് കണ്ടെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-06 10:34:45.0

Published:

6 Jan 2022 10:16 AM GMT

മേഘം തൊട്ടു നടന്ന് മേഘപ്പുലി; നാഗാലാന്റിലെ പർവനിരയിൽ കണ്ടത് അപൂർവകാഴ്ച
X

ലോകത്ത് അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണുന്ന മേഘപ്പുലിയെ ( ക്ലൗഡഡ് ലെപ്പർഡ്) നാഗാലാന്റിൽ കണ്ടെത്തി. ഇന്തോ-മ്യാൻമർ അതിർത്തിയിലെ വനത്തിൽ 3,700 മീറ്റർ ഉയരത്തിലാണ് മേഘപ്പുലിയെ കണ്ടെത്തുന്നത്. ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ക്ലൗഡഡ് ലെപ്പർഡിനെ ഇത്രയും ഉയരം കൂടിയ പ്രദേശത്ത് കണ്ടെത്തുന്നത് ആദ്യമായാണ്. ഇൻർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ നേച്ചറിന്റെ റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുന്ന വിഭാഗമാണ് ക്ലൗഡഡ് ലെപ്പേർഡ്. മരത്തിൽ കയറാൻ കഴിയുന്ന ഇവ ഉയരം കുറഞ്ഞ നിത്യഹരിത മഴക്കാടുകളിലാണ് സാധാരണ കാണാറുള്ളത്. അതിനാൽ തന്നെ പർവതനിരയിൽ ഇവയെ കണ്ടെത്തിയത് പ്രാധാന്യമർഹിക്കുന്നതാണെന്നാണ് വിദഗ്ധർ പറയുന്നത്.

ഡൽഹി ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കിഴക്കൻ നാഗാലാൻഡിലെ കിഫിർ ജില്ലയിലെ തനാമിർ ഗ്രാമത്തിലെ കമ്മ്യൂണിറ്റി വനത്തിൽ നിന്ന് ക്ലൗഡഡ് ലെപ്പർഡിന്റെ ചിത്രങ്ങൾ പകർത്തിയത്. പ്രദേശത്തിന്റെ ജൈവ-സാംസ്‌കാരിക വൈവിധ്യം രേഖപ്പെടുത്തുന്നതിനായി തനാമിർ ഗ്രാമവുമായി സഹകരിച്ച് സർവേ നടത്തിയിരുന്നു. ഇതിനായി വനപ്രദേശത്ത് 50 ലധികം നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിരുന്നു. 2020 ജനുവരി മുതൽ ജൂൺ വരെയും 2021 ജൂലൈ മുതൽ സെപ്തംബർ വരെയുമാണ് സർവേ നടന്നത്. ഈ സമയത്താണ് പുലികൾ ക്യാമറയിൽ പതിഞ്ഞത്. രണ്ടുമുതിർന്നവരും രണ്ടു കുഞ്ഞുങ്ങളുമടക്കുള്ള പുലികളുടെ ചിത്രം ലഭിച്ചിട്ടുണ്ടെന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു. പർവതത്തിന്റെ 3700 മീറ്റർ മുകളിലെ മരത്തിന്മേൽ സ്ഥാപിച്ച ഒരു ക്യാമറയിലും 3436മീറ്റർ ഉയരത്തിൽ സ്ഥാപിച്ച ക്യാമറയിലുമാണ് ചിത്രം പതിഞ്ഞതെന്നും ക്യാറ്റ് ന്യൂസ് വിന്റർ 2021 ലക്കത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. രമ്യ നായർ, അലെംബ യിംഖിയുങ്, ഹങ്കിമോംഗ് യിംഖിയുങ്, കിയാൻമോങ് യിംഖിയുങ്, യാപ്മുലി യിംഖിയുങ്, തോഷി വുങ്തൂങ്, അവിനാഷ് ബാസ്‌കർ, സാഹിൽ നിജ്ഹവാൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.

കുട്ടികളെ കൂടി കണ്ടെത്തിയതിനാൽ അവർ ഈ പ്രദേശത്ത് താമസിക്കുന്നവരാണെന്നും അവർക്ക് ഇവിടെ ജീവിക്കാനാവശ്യമായ വനമേഖലയും ഭക്ഷണവും ലഭിക്കുന്നുണ്ടെന്നുമാണ് സൂചിപ്പിക്കുന്നതെന്ന് അരുണാചൽ പ്രദേശിലെ നരവംശശാസ്ത്രഞ്ജനും നോൺ പ്രോഫിറ്റ് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഉപദേഷ്ടാവുമായ നിജ്ഹവാൻ പറഞ്ഞു. സാധാരണ മരങ്ങൾ നിറഞ്ഞ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ഇവ കാണപ്പെടുന്നത്. എന്നാൽ മരങ്ങൾ അവസാനിക്കുന്ന സ്ഥലത്തിന് മുകളിലുള്ള ഉയരത്തിലാണ് ഞങ്ങൾ അവയെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുമ്പും ഇവയെ ഉയർന്ന സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതെല്ലാം സംരക്ഷിതവനങ്ങളിലായിരുന്നു. പക്ഷേ ഇത് സംരക്ഷിതവനമല്ല. ഇന്ത്യയിലുടനീളം വനവും വന്യജീവികളും നിയമപാലകരാണ് സംരക്ഷിക്കപ്പെടുന്നത്. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ, ഭൂരിഭാഗം വനങ്ങളും പ്രാദേശിക സമൂഹങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. ഗ്രാമവാസികൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു വനത്തിൽ ആഗോളതലത്തിൽ തന്നെ വംശനാശഭീഷണി നേരിടുന്ന ഇത്തരം വന്യമൃഗങ്ങൾക്ക് ജീവിക്കാൻ കഴിയുന്നു എന്നത് മഹത്തായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാമാറ്റത്തെ തുടർന്ന് പ്രത്യേകിച്ച് ചൂട് കൂടുന്നതിനനുസരിച്ച് ജീവികൾ അവരുടെ നിലവിലെ ആവാസ്ഥ വ്യവസ്ഥിയിൽ മാറ്റം വരുത്തുന്നുണ്ടോ എന്ന വസ്തുതയും അന്വേഷിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. സംരക്ഷിത വനങ്ങൾക്ക് പുറത്ത് ക്ലൗഡഡ് ലെപ്പർഡിനെ കണ്ടെത്തിയ സാഹചര്യത്തിൽ പ്രാദേശികമായ ആളുകളുടെ സഹകരണത്തോടെ കൂടുതൽ സർവേകൾ നടത്തണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു.

TAGS :

Next Story