ഇറാനെതിരായ യുഎന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത് ഇന്ത്യ
47 അംഗ കൗണ്‍സിലില്‍ 25 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്ത് പ്രമേയം പാസ്സാക്കിയപ്പോള്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു

- Published:
24 Jan 2026 1:05 PM IST

ന്യൂയോര്‍ക്ക്: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിട്ട രീതിയെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് ഇന്ത്യ. 47 അംഗ കൗണ്‍സിലില്‍ 25 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്ത് പ്രമേയം പാസ്സാക്കിയപ്പോള്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 15 അംഗങ്ങള്‍ വിട്ടുനിന്നു.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ഭരണകൂടം അതിക്രൂരമായി അടിച്ചമര്‍ത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം. സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമാസക്തമായി അടിച്ചമര്‍ത്തുകയാണെന്നും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാന്‍ ഭരണകൂടം തയാറാകണമെന്നും പ്രമയേത്തില്‍ ആവശ്യപ്പെടുന്നു.
രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ 3100ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 2400ലേറെ പേര്‍ പ്രക്ഷോഭകരും സാധാരണക്കാരും സുരക്ഷാ ജീവനക്കാരുമാണ്. കൊല്ലപ്പെട്ട മറ്റുള്ളവര്‍ തീവ്രവാദികളാണെന്നുമാണ് ഇറാന്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പ്രക്ഷോഭത്തില്‍ അണിചേര്‍ന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും ഇറാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. കുറ്റസമ്മതം നടത്തി രംഗത്തു വരാന്‍ തയാറാകുന്ന പ്രക്ഷോഭകാരികള്‍ക്ക് കുറഞ്ഞ ശിക്ഷ മാത്രമാകും നല്‍കുകയെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
വിലക്കയറ്റവും നാണ്യപ്പെരുപ്പവും ചൂണ്ടിക്കാട്ടി ഡിസംബര്‍ 28ന് ഇറാനില്‍ ആരംഭിച്ച പ്രക്ഷോഭം പിന്നീട് ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി വളരുകയായിരുന്നു. നൂറിലേറെ നഗരങ്ങളില്‍ വ്യാപിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന് 26,800 പേരെ ഇറാന്‍ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16
