Quantcast

വാഷിങ് മെഷീനെച്ചൊല്ലി തര്‍ക്കം; യുഎസിൽ കുടുംബം നോക്കിനില്‍ക്കെ ഇന്ത്യാക്കാരന്‍റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തിൽ തള്ളി

ഭാര്യയും മകനും നോക്കി നിൽക്കെയാണ് അക്രമി ചന്ദ്രമൗലിയുടെ കഴുത്തറുത്തത്

MediaOne Logo

Web Desk

  • Updated:

    2025-09-12 09:14:53.0

Published:

12 Sept 2025 1:38 PM IST

വാഷിങ് മെഷീനെച്ചൊല്ലി തര്‍ക്കം; യുഎസിൽ കുടുംബം നോക്കിനില്‍ക്കെ ഇന്ത്യാക്കാരന്‍റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തിൽ തള്ളി
X

വാഷിംഗ്ടൺ: വാഷിങ് മെഷീനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുഎസിലെ ഡാലസിൽ ഇന്ത്യാക്കാരന്‍റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തിൽ തള്ളി. കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യയാണ്(50) കൊല്ലപ്പെട്ടത്. ഭാര്യയും മകനും നോക്കി നിൽക്കെയാണ് അക്രമി ചന്ദ്രമൗലിയുടെ കഴുത്തറുത്തത്. ഇയാൾ പേടിച്ച് നിലവിളിച്ചോടുന്നതും പ്രതി ഓടിച്ചെന്ന് വെട്ടിക്കൊല്ലുകയും ചെയ്യുന്നതിന്‍റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ 37കാരനായ കോബോസ്-മാർട്ടിനെസിനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ക്യൂബൻ പൗരനാണെന്നാണ് ആഭ്യന്തര സുരക്ഷാവകുപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ബുധനാഴ്ച ടെക്‌സസിലെ ടെനിസണ്‍ ഗോള്‍ഫ് കോഴ്‌സിന് സമീപം ഇന്റര്‍‌സ്റ്റേറ്റ് 30-ന് തൊട്ടടുത്തുള്ള ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലാണ് ആക്രമണം നടന്നത്.നാഗമല്ലയ്യയും കോബോസും മോട്ടലിലെ തൊഴിലാളികളാണ്. മാര്‍ട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുകയായിരുന്നു. ഈ സമയം മുറിയിലേക്കു കടന്നുവന്ന നാഗമല്ലയ്യ, കേടായ വാഷിങ് മെഷീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ട്ടിനെസിനോടു പറയാന്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോട് നേരിട്ട് സംസാരിക്കാതെ സമീപത്തുള്ള ജീവനക്കാരിയോട് തനിക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കിയതാണ് മാര്‍ട്ടിനെസിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇതിന് പിന്നാലെ ഇരുവരും തര്‍ക്കമായി. മുറിക്ക് പുറത്തുപോയി വടിവാളുമായി വന്ന പ്രതി നാഗമല്ലയ്യയെ പലതവണ കുത്തുകയായിരുന്നു. നാഗമല്ലയ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മാര്‍ട്ടിനെസ് പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ഇതിനിടെ മോട്ടലിന്‍റെ ഫ്രണ്ട് ഓഫീസിലുണ്ടായിരുന്ന നാഗമല്ലയ്യയുടെ ഭാര്യയും 18-കാരന്‍ മകനും അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ഇവരെ തള്ളിമാറ്റി. പിന്നാലെ നാഗമല്ലയ്യയെ നിലത്ത് വീഴ്ത്തിയ പ്രതി കഴുത്തറുക്കുകയായിരുന്നു. മാര്‍ട്ടിനസ് വെട്ടിയെടുത്ത നാഗമല്ലയ്യയുടെ തല പാര്‍ക്കിംഗ് ഏരിയയിലേക്ക് കൊണ്ടുവന്ന് ചവിട്ടുകയും പിന്നീട് മാലിന്യക്കൂമ്പാരത്തിൽ തള്ളുന്നതിന്‍റെയും സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രക്തത്തിൽ കുളിച്ച പ്രതിയെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

നാഗമല്ലയ്യയെ കൊലപ്പെടുത്താൻ വടിവാൾ ഉപയോഗിച്ചതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നാഗമല്ലയ്യയുടെ കൊലപാതകത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

TAGS :

Next Story