മുസ്‍ലിമെന്ന വ്യാജേന ബ്രിട്ടീഷ് വിമാനത്തിൽ 'അല്ലാഹു അക്ബര്‍, ട്രംപിന് മരണം' മുദ്രാവാക്യങ്ങൾ മുഴക്കി; ഇന്ത്യൻ വംശജനായ അഭയ് നായക് കസ്റ്റഡിയിൽ
നായകിനെ തിങ്കളാഴ്ച സ്കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോയുടെ അതിർത്തിയിലുള്ള പെയ്‌സ്ലി ഷെരീഫ് കോടതിയിൽ ഹാജരാക്കി

ലണ്ടൻ: ലണ്ടനിലെ ലൂട്ടോൺ വിമാനത്താവളത്തിൽ നിന്ന് ഗ്ലാസ്ഗോയിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനത്തിൽ നാടകീയരംഗങ്ങൾ. ഇന്ത്യൻ വംശജനായ അഭയ് ദേവദാസ് നായക് എന്ന 41കാരൻ വിമാനത്തിൽ വച്ച് 'അല്ലാഹു അക്ബര്‍, ട്രംപിന് മരണം' മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം.
സ്കോട്ട്ലൻഡ് പൊലീസ് അറസ്റ്റ് ചെയ്ത നായകിനെ തിങ്കളാഴ്ച സ്കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോയുടെ അതിർത്തിയിലുള്ള പെയ്‌സ്ലി ഷെരീഫ് കോടതിയിൽ ഹാജരാക്കി. യുകെയിലെ വ്യോമയാന നിയമങ്ങൾ പ്രകാരം ആക്രമണം നടത്തിയതിനും വിമാനത്തിന്‍റെ സുരക്ഷ അപകടത്തിലാക്കിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ 'അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം' എന്നും "അല്ലാഹു അക്ബർ" എന്നും നായക് വിളിച്ചുപറയുന്നത് കേൾക്കാം. വിമാനത്തിന് ബോംബ് വയ്ക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
"ജൂലൈ 27 ഞായറാഴ്ച രാവിലെ 8:20 ഓടെ ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെട്ട ഒരു വിമാനത്തിൽ ഒരാൾ കുഴപ്പമുണ്ടാക്കുന്നതായി ഞങ്ങൾക്ക് ഒരു റിപ്പോർട്ട് ലഭിച്ചു," സ്കോട്ട്‌ലൻഡ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ ഇവ വിലയിരുത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ലണ്ടനടുത്തുള്ള ബെഡ്ഫോർഡ്ഷയറിലെ ലൂട്ടൺ സ്വദേശിയായ നായകിനെതിരെ യുകെയുടെ എയർ നാവിഗേഷൻ ഓർഡർ പ്രകാരം കുറ്റം ചുമത്തിയിരിക്കുന്നതിനാൽ അദ്ദേഹത്തിനെതിരെ തീവ്രവാദ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നായക്.
Adjust Story Font
16

