കോവിഡ് ചട്ടം ലംഘിച്ച് ബോറിസ് ജോൺസന്റെ മദ്യസൽക്കാരം: ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജന്‍?

ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പരസ്യമായി മാപ്പുചോദിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-01-15 07:11:35.0

Published:

15 Jan 2022 7:01 AM GMT

കോവിഡ് ചട്ടം ലംഘിച്ച് ബോറിസ് ജോൺസന്റെ മദ്യസൽക്കാരം:  ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജന്‍?
X

ഇന്ത്യന്‍ വംശജനായി റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് സൂചന. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യസത്കാരങ്ങള്‍ നടത്തിയത് വന്‍വിവാദത്തിലേക്കും അന്വേഷണത്തിലേക്കും നീങ്ങിയതോടെ അദ്ദേഹത്തിന്റെ രാജിക്ക് സാധ്യതേറെയാണ്. അങ്ങിനെയുണ്ടായാല്‍ ബ്രിട്ടനിലെ അധികാരതലത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ അടുത്തയാള്‍ ധനമന്ത്രി(ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍)യാണ്. നിലവില്‍ ധനമന്ത്രിയായ റിഷി സുനകിന് വഴിതെളിഞ്ഞാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും അദ്ദേഹം. ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേലിന്റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്.

ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലും കുറഞ്ഞത് 11 മദ്യവിരുന്നുകളെങ്കിലും നടന്നിട്ടുണ്ടെന്നാണു വാർത്തകൾ. 2020 മേയില്‍ രാജ്യം ലോക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും രാജിക്കായി മുറവിളി ഉയര്‍ന്നിരിക്കുകയാണ്. അതിനിടെയാണ് 2021 ഏപ്രിൽ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ യാത്രയയപ്പുമായി ബന്ധപ്പെട്ട് സാമൂഹിക നിയന്ത്രണം കാറ്റിൽപറത്തി രണ്ടു മദ്യസൽക്കാരം നടന്നുവെന്നു 'ദ് ടെലിഗ്രാഫ്' പത്രം റിപ്പോർട്ട് ചെയ്തത്. 30 ​ഓളം ആളുകളാണ് പ​ങ്കെടുത്തത്. പാർട്ടിയിൽ പ​ങ്കെടുത്ത ജീവനക്കാർ സമീപത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് സൂട്ട്കേസ് നിറയെ മദ്യം വാങ്ങിയതായും റിപ്പോർട്ടിലുണ്ട്. പിറ്റേന്നായിരുന്നു ഫിലിപ് രാജകുമാരന്റെ സംസ്കാരച്ചടങ്ങുകൾ. എന്നാൽ, ഈ വിരുന്നുകളിൽ ജോൺസൻ പങ്കെടുത്തിട്ടില്ല.

പ്രീതി പട്ടേല്‍

അടുത്ത ബന്ധുക്കളായ രോഗികളെയും മരണപ്പെട്ട പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനോ അവരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനോ തടയുന്ന തരത്തിലുള്ള ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ നിര്‍ബന്ധിതരായപ്പോള്‍ പ്രധാനമന്ത്രി തന്നെ ഇത് ലംഘിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തത് കുറച്ചൊന്നുമല്ല ബ്രിട്ടനിലെ ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പരസ്യമായി മാപ്പുചോദിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ജോണ്‍സണ്‍ മാപ്പു പറയുമ്പോള്‍ പാര്‍ലമെന്റില്‍ റിഷി സുനക് ഉണ്ടായിരുന്നില്ല. വിവാദത്തിലായ തന്റെ നേതാവില്‍ നിന്നും അകലം പാലിക്കാന്‍ റിഷി മനപ്പൂര്‍വ്വം വിട്ടു നിന്നതായും അഭ്യൂഹമുണ്ടായിരുന്നു. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നതിലും റിഷി പിശുക്ക് കാണിക്കുന്നുണ്ട്. സർക്കാർതല കോവിഡ് ചട്ട ലംഘനങ്ങൾ സംബന്ധിച്ചു മുതിർന്ന ഉദ്യോഗസ്ഥയായ സൂ ഗ്രേയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം നടന്നുവരികയാണ്. ഈ മാസാവസാനം റിപ്പോർട്ട് സമർപ്പിക്കും.

TAGS :

Next Story