Quantcast

'ഭക്ഷണത്തിനു വരിനിൽക്കുകയായിരുന്നു; കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപ് പിതാവുമായി സംസാരിച്ചു'

കർണാടകയിലെ ഹവേരി സ്വദേശിയായ നവീൻ ഖാർകിവ് നാഷനൽ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിൽ അവസാനവർഷ വിദ്യാർത്ഥിയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-01 15:32:09.0

Published:

1 March 2022 1:34 PM GMT

ഭക്ഷണത്തിനു വരിനിൽക്കുകയായിരുന്നു; കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപ് പിതാവുമായി സംസാരിച്ചു
X

യുക്രൈനിലെ ഖാർകിവിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പ ഗ്യാനഡൗഡറിന്റെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഖാർകിവിൽ രാവിലെ ഒരു സൂപ്പർമാർക്കറ്റിൽ ഭക്ഷണം വാങ്ങാനായി വരിനിൽക്കുന്നതിനിടെയാണ് ഷെല്ലാക്രമണമുണ്ടായതെന്നാണ് വിവരം. കൊല്ലപ്പെടുന്നതിന് ഏതാനും മിനിറ്റുകൾക്കുമുൻപ് പിതാവ് ശേഖരപ്പയുമായി നവീൻ ഫോണിൽ സംസാരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

കർണാടകയിലെ ഹവേരി സ്വദേശിയായ നവീൻ ഖാർകിവ് നാഷനൽ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിൽ നാലാംവർഷ വിദ്യാർത്ഥിയാണ്. റഷ്യൻ വ്യോമാക്രമണമുണ്ടായ ഖാർകിവിലെ ഗവർണറുടെ വസതിക്കു സമീപത്തായിരുന്നു നവീൻ താമസിച്ചിരുന്നത്.

നവീന്റെ ഫോൺ കണ്ട് വിവരം അറിയിക്കുന്നത് യുക്രൈൻ വനിത

രാവിലെയാണ് ഗവർണറുടെ വസതിക്കുനേരെ റഷ്യൻ ഷെല്ലാക്രമണമുണ്ടായത്. തൊട്ടടുത്തുള്ള സൂപ്പർമാർക്കറ്റിൽ ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു നവീൻ. ഭക്ഷണം വാങ്ങാനും എ.ടി.എമ്മിൽനിന്ന് പണം എടുക്കാനുമായാണ് നവീൻ പുറത്തിറങ്ങിയത്. ഇറങ്ങുമ്പോൾ അച്ഛനെ ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.

''ഇന്ത്യക്കാരുള്ള ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണമെല്ലാം എത്തിച്ചിരുന്നു. എന്നാൽ, ഗവർണറുടെ വസതിക്കു തൊട്ടടുത്തുള്ള ഫ്‌ളാറ്റിലായിരുന്നു നവീൻ താമസിച്ചിരുന്നത്. ഇവിടെ ഭക്ഷണം എത്തിക്കാനായിരുന്നില്ല. ഇതിനാലാണ് പുറത്ത് സൂപ്പർമാർക്കറ്റിലേക്ക് പോയത്.'' ഖാർകിവിൽ സ്റ്റുഡന്റ് കോഡിനേറ്ററായ പൂജ പ്രഹാരാജ് എൻ.ഡി.ടി.വിയോട് പറഞ്ഞു.

തിരക്ക് കാരണം രണ്ടോ മൂന്നോ മണിക്കൂറായിരുന്നു നവീൻ വരിനിൽക്കാൻ തുടങ്ങിയിട്ടെന്നും പൂജ സൂചിപ്പിക്കുന്നു. ഇതിനിടയിൽ പെട്ടെന്ന് ഗവർണറുടെ വസതിക്കുനേരെ ഷെല്ലാക്രമണമുണ്ടായത്. ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് നവീന്റെ ഫോൺ കണ്ട് ഒരു യുക്രൈൻ വനിതയാണ് സുഹൃത്തിനെ വിവരം വിളിച്ചറിയിച്ചതെന്നും പൂജ പറഞ്ഞു. ഫോണിൽ സുഹൃത്തിനെ വിളിച്ച് യുവാവിനെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു.

നവീനെ രാവിലെ എട്ടരയ്ക്ക് താൻ കണ്ടിരുന്നുവെന്നാണ് സുഹൃത്തായ ശ്രീധരൻ ഗോപാലകൃഷ്ണൻ പറയുന്നത്. യുക്രൈൻസമയം രാവിലെ പത്തരയ്ക്കാണ് നവീന് വെടിയേറ്റത്. പലചരക്ക് കടയിൽ വരിനിൽക്കുമ്പോഴാണ് റഷ്യൻ ഷെല്ലാക്രമണമുണ്ടായത്. ആക്രമണത്തിൽ നവീൻ കൊല്ലപ്പെടുകയും ചെയ്തു. 21കാരന്റെ മൃതദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നും സുഹൃത്തുക്കൾക്ക് ആർക്കും ആശുപത്രിയിൽ പോകാനായിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞു.

Summary: Indian student Naveen was waiting to buy food when he was killed in shelling in Ukraine

TAGS :

Next Story