Quantcast

തേനിയിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക്: അമേരിക്കൻ തലസ്ഥാനത്തിന്റെ മേയറാകാൻ ഇന്ത്യക്കാരി; ആരാണ് റിനി സമ്പത്ത്?

വാഷിംഗ്ടൺ ഡിസിയുടെ മേയർ സ്ഥാനത്തേക്കാണ് തമിഴ്‌നാട്ടിൽ ജനിച്ച 31 വയസുകാരിയായ റിനി സമ്പത്ത് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി ജനവിധി തേടുന്നത്

MediaOne Logo
തേനിയിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക്: അമേരിക്കൻ തലസ്ഥാനത്തിന്റെ മേയറാകാൻ ഇന്ത്യക്കാരി; ആരാണ് റിനി സമ്പത്ത്?
X

വാഷിംഗ്‌ടൺ ഡിസി: ന്യൂയോർക്ക് സിറ്റി മേയറായി ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി ചരിത്രവിജയം നേടിയതിന് പിന്നാലെ അമേരിക്കൻ ഭരണസിരാകേന്ദ്രത്തിലും ഒരു ഇന്ത്യക്കാരി നിർണായക സ്ഥാനത്തേക്ക് മത്സരിക്കുന്നു. വാഷിംഗ്ടൺ ഡിസിയുടെ മേയർ സ്ഥാനത്തേക്കാണ് തമിഴ്‌നാട്ടിൽ ജനിച്ച 31 വയസുകാരിയായ റിനി സമ്പത്ത് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി ജനവിധി തേടുന്നത്. വാഷിംഗ്ടൺ ഡിസിയുടെ ചരിത്രത്തിൽ മേയർ പ്രൈമറി ബാലറ്റിൽ ഇടംനേടുന്ന ആദ്യ ദക്ഷിണേഷ്യൻ സ്ഥാനാർഥി എന്ന നേട്ടവും ഇവർ സ്വന്തമാക്കി കഴിഞ്ഞു.

തേനിയിൽ നിന്നും അമേരിക്കൻ ഭരണസിരാകേന്ദ്രത്തിലേക്ക്

തമിഴ്‌നാട്ടിലെ തേനിയിലാണ് റിനി സമ്പത്തിന്റെ ജനനം. തന്റെ ഏഴാമത്തെ വയസിൽ മാതാപിതാക്കൾക്കൊപ്പം അവർ അമേരിക്കയിലേക്ക് കുടിയേറി. കഴിഞ്ഞ പത്ത് വർഷത്തിലധികമായി വാഷിംഗ്ടൺ ഡിസിയിലാണ് റിനിയുടെ താമസം. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ 2015ൽ ക്യാമ്പസിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഡിലോയിറ്റ്, ആക്സെഞ്ചർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ഇവർ, നിലവിൽ ഒരു ഗവൺമെന്റ് കോൺട്രാക്റ്ററും സൈബർ സുരക്ഷാ വിദഗ്ദ്ധയുമായി സേവനമനുഷ്ഠിക്കുകയാണ്.

അടിസ്ഥാന സൗകര്യ വികസനം പ്രധാന അജണ്ട

'അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുക', 'ഒരു പുതിയ ഡിസി' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് റിനി സമ്പത്ത് തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. നഗരത്തിലെ റോഡുകളിലെ കുഴികൾ അടയ്ക്കുക, പൊട്ടോമാക് നദിയിലെ മലിനജല ചോർച്ച തടയുക, ജനങ്ങളുടെ ജീവിതച്ചെലവും വിലക്കയറ്റവും കുറയ്ക്കുക, 911 ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം കൂടുതൽ വേഗത്തിലാക്കുക തുടങ്ങിയവയാണ് അവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. താനൊരു സാമ്പ്രദായിക രാഷ്ട്രീയക്കാരിയല്ലെന്നും, വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളോട് തനിക്ക് കടപ്പാടില്ലെന്നും അവർ വ്യക്തമാക്കുന്നു. നഗരത്തിലെ അടിസ്ഥാന സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു സാധാരണക്കാരിയായാണ് അവർ ജനങ്ങളെ സമീപിക്കുന്നത്.

ഡെമോക്രാറ്റുകളുടെ കോട്ടയായ വാഷിംഗ്ടൺ ഡിസി

ഡെമോക്രാറ്റിക് പാർട്ടിക്ക് അപ്രമാദിത്വമുള്ള നഗരമാണ് വാഷിംഗ്ടൺ ഡിസി. 1975ന് ശേഷം ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് പോലും ഇവിടെ മേയർ സ്ഥാനത്തെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഇതിന് തെളിവാണ്. 2026 ജൂൺ 16നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് നവംബർ 3ന് പൊതുതെരഞ്ഞെടുപ്പും നടക്കും. ജാനീസ് ലൂയിസ് ജോർജ്, കെനിയൻ മക്ഡഫി, ഗാരി ഗുഡ്‌വെതർ, റോബർട്ട് എൽ. ഗ്രോസ്, റോണ്ട ഹാമിൽട്ടൺ എന്നിവരാണ് മേയർ സ്ഥാനത്തേക്കുള്ള മറ്റ് പ്രധാന സ്ഥാനാർഥികൾ. കേവലം നാല് ആഴ്ചകൾ കൊണ്ട് ചരിത്രത്തിലാദ്യമായി ഒരു ദക്ഷിണേഷ്യൻ സ്ഥാനാർഥിക്ക് ബാലറ്റിൽ ഇടംനേടാൻ കഴിഞ്ഞത് വിജയത്തിലേക്കുള്ള വ്യക്തമായ സൂചനയാണെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് റിനി സമ്പത്ത്.

TAGS :

Next Story