ട്രംപിന്റെ എച്ച്-1ബി ഫീസ് വർധനവിന് പിന്നാലെ അമേരിക്കയിൽ വിമാനത്തിൽ നിന്ന് തിരിച്ചിറങ്ങി ഇന്ത്യക്കാർ
സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി ഇന്ത്യൻ യാത്രക്കാർ എമിറേറ്റ്സ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഇറങ്ങിയതായും ഇത് കാരണം മൂന്ന് മണിക്കൂർ യാത്ര വൈകിയതായും റിപ്പോർട്ട്

സാൻ ഫ്രാൻസിസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി തൊഴിലാളി വിസക്കുള്ള അപേക്ഷാ ഫീസ് 1,00,000 ഡോളർ ആയി ഉയർത്തിയതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ പരിഭ്രാന്തി പരന്നു. സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി ഇന്ത്യൻ യാത്രക്കാർ എമിറേറ്റ്സ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഇറങ്ങിയതായും ഇത് കാരണം മൂന്ന് മണിക്കൂർ യാത്ര വൈകിയതായും റിപ്പോർട്ട്.
എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരിലൊരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ യുഎസിലേക്ക് മടങ്ങാൻ കഴിയില്ലെന്ന ഭയത്തിൽ ആളുകൾ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതായി കാണിക്കുന്നു. ഒരു വിഡിയോയിൽ യാത്രക്കാർ ഇടനാഴികളിൽ നിൽക്കുന്നത് കാണാം, മറ്റുള്ളവർ ഫോണുകൾ പരിശോധിക്കുന്നതും, വിമാനം എപ്പോൾ പുറപ്പെടുമെന്ന് അറിയാതെ ചുറ്റും നോക്കുന്നതും കാണാം. മറ്റൊരു വിഡിയോയിൽ സാഹചര്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് യാത്രക്കാർക്ക് താൽപ്പര്യമുണ്ടെങ്കിൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ ക്യാപ്റ്റൻ ആവശ്യപ്പെടുന്നതും കേൾക്കാം.
'വെള്ളിയാഴ്ച രാവിലെ സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ എമിറേറ്റ്‌സ് യാത്രക്കാർക്ക് പൂർണമായ അരാജകത്വമായിരുന്നു. പുതിയതും നിലവിലുള്ളതുമായ എച്ച്1ബി വിസ ഉടമകളെ ബാധിക്കുന്ന ഒരു ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചതിനെ തുടർന്ന് പലരിലും പ്രത്യേകിച്ച് ഇന്ത്യൻ യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. അവർ വിമാനത്തിൽ നിന്ന് തിരിച്ചിറങ്ങാൻ പോലും തീരുമാനിച്ചു.' ഒരു ഉപയോക്താവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
H-1B വിസ അപേക്ഷകൾക്ക് വാർഷിക ഫീസ് $100,000 ആക്കി വർധിപ്പിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു. എന്നാൽ പുതിയ ഫീസ് പുതുതായി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കുമെന്ന് അമേരിക്ക പറഞ്ഞു.
Adjust Story Font
16

