Quantcast

'ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല'; പുടിനൊപ്പം സെൽഫിയെടുത്ത് 'ഇന്ത്യയുടെ എഐ കിഡ്' റൗൾ ജോൺ അജു

മോസ്കോയിൽ നടന്ന 'എഐ ജേർണി 2026' സമ്മേളനത്തിനിടെയാണ് പുടിനൊപ്പമുള്ള ചിത്രം റൗൾ പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Updated:

    2026-11-27 08:48:45

Published:

27 Nov 2026 12:58 PM IST

ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല; പുടിനൊപ്പം സെൽഫിയെടുത്ത് ഇന്ത്യയുടെ എഐ കിഡ് റൗൾ ജോൺ അജു
X

മോസ്‌കോ : കേരളത്തിൽ നിന്നുള്ള 17 വയസ്സുകാരനായ ഇന്ത്യയുടെ 'എഐ കിഡ് ' എന്നറിയപ്പെടുന്ന റൗൾ ജോൺ അജു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പം എടുത്ത സെൽഫിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. മോസ്കോയിൽ നടന്ന രാജ്യാന്തര ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സമ്മേളനമായ 'എഐ ജേർണി 2026' സമ്മേളനത്തിനിടെയാണ് പുടിനൊപ്പമുള്ള ചിത്രം റൗൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

എഐ , റോബോട്ടിക്സ് മേഖലകളിൽ മികവ് തെളിയിച്ച യുവപ്രതിഭകളുമായി റഷ്യൻ പ്രസിഡൻ്റ്‌ വ്ലാദിമിർ പുടിനും കസാക്കിസ്ഥാൻ പ്രസിഡൻ്റ് കാസിം-ജോമാർട്ട് ടൊകായേവും സംവദിക്കുന്ന പ്രത്യേക സെഷനിലേക്കാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് റൗൾ എത്തിയത്. ഇന്ത്യ, ചൈന, റഷ്യ, സെർബിയ, ബ്രസീൽ, കെനിയ, കസാക്കിസ്ഥാൻ, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

"ഒൻപതാം വയസ്സിൽ ബാത്ത്റൂമിലിരുന്ന് എൻ്റെ ആദ്യ വീഡിയോ ചെയ്തതുമുതൽ പ്രസിഡൻ്റ്‌ പുടിനൊപ്പം സെൽഫിയെടുക്കുന്നത് വരെ... ജീവിതം എന്നെ ഇവിടെ എത്തിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. നേട്ടങ്ങളേക്കാളുപരി ഈ യാത്ര എന്നെ മാറ്റിയെടുത്ത വ്യക്തിത്വത്തിലാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് ഈ വേദി എന്നെ ഓർമിപ്പിച്ചു. ഇപ്പോഴും പഴയതുപോലെ ആകാംക്ഷയുള്ള ഒരു കുട്ടിയാണ് ഞാൻ, പക്ഷേ പറയാൻ കുറച്ചധികം കഥകളുണ്ടെന്ന് മാത്രം." റൗൾ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ചെറുപ്പത്തിലേ നിർമിത ബുദ്ധിയിൽ അസാധാരണ കഴിവ് കാണിച്ചതിലൂടെ ശ്രദ്ധേയനായതാണ് റൗൾ ജോൺ അജു.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എഴുമറ്റൂർ കരിവത്തുംമൂട്ടിൽ അജു ജോസഫിന്റെയും ഷേബ ആനിന്റെയും മകനാണ്. നോർത്ത് ഇടപ്പള്ളി ജി.എച്ച്‌.എസ് എസിലാണ് നിലവിൽ പഠനം.

വീഡിയോ എഡിറ്റിംഗിലൂടെയാണ് റൗൾ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കടന്നുവന്നത്. റൗളിൻ്റെ പിതാവ് അജു ജോസഫിന് അഡോബിൽ ജോലി ലഭിച്ചതോടെ, പ്രീമിയം എഡിറ്റിംഗ് ടൂളുകൾ സൗജന്യമായി ഉപയോഗിക്കാൻ റൗളിന് അവസരം ലഭിച്ചു. ഒൻപതാം വയസ്സിൽ യൂട്യൂബ് വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനിടെ, തൻ്റെ ജോലികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന എഐ ടൂളുകളെക്കുറിച്ച് റൗൾ സ്വയം പഠിക്കാൻ തുടങ്ങി. ആ കൗതുകം അവനെ എത്തിച്ചത് വലിയ കണ്ടുപിടുത്തങ്ങളിലേക്കാണ്.

സ്കൂൾ സയൻസ് പ്രോജക്റ്റിനായി MeBot എന്ന റോബോട്ടിനെ റൗൾ നിർമ്മിച്ചു.താൻ വികസിപ്പിച്ചെടുത്ത 15-ലധികം എഐ ടൂളുകളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനായി റൗൾ AIRealm Technologies എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. ഇന്ന് 15-ഓളം ജീവനക്കാർ ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. ആമസോൺ, അഡോബ്, വിപ്രോ, ഐബിഎം തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച പരിചയസമ്പത്തുള്ള തൻ്റെ പിതാവിനെ റൗൾ കമ്പനിയിൽ നിയമിക്കുകയും മാസം രണ്ട് ലക്ഷം രൂപ ശമ്പളം നൽകുകയും ചെയ്തത് ദേശീയ തലത്തിൽ വലിയ വാർത്തയായിരുന്നു.

'റൗൾ ദ് റോക്‌സ്‌റ്റാർ' എന്ന സോഷ്യൽമീഡിയ അക്കൗണ്ടിന് ലോകമെമ്പാടുമുള്ള ടെക് വിദഗ്ധരടക്കം 5 ലക്ഷം ഫോളോവേഴ്‌സുണ്ട്. വരും തലമുറക്ക് വലിയൊരു പ്രചോദനമാണ് റൗൾ.

TAGS :

Next Story